Mamta Kulkarni

മമ്ത കുൽക്കർണി

‘ഗ്ലാമർ ​വേഷങ്ങളിൽനിന്ന് കാഷായ വസ്ത്രത്തിലേക്ക്’; നടി മമ്ത കുൽക്കർണി ഇനി സന്യാസിനി

മുംബൈ: ബോളിവുഡിൽ ഏറെക്കാലം സിനിമാപ്രേമികളുടെ ഇഷ്ടനടിയായി വാണ മമ്ത കുൽക്കർണി സന്യാസ ജീവിതത്തിലേക്ക്. തൊണ്ണൂറുകളിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന് ഹിന്ദി സിനിമയിൽ ഇടമുറപ്പിച്ചിരുന്ന മമ്ത, മഹാ കുംഭമേളയിലാണ് സന്യാസ ജീവിതത്തിലേക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

വെള്ളിയാഴ്ച കിനാർ അഖാരയിലെത്തിയ അവർ ആചാര്യ മഹാമണ്ഡലേശ്വർ ഡോ. ലക്ഷ്മി നാരായൺ ത്രിപാഠിയെ സന്ദർശിച്ച് അനുഗ്രഹം തേടി. മഹാമണ്ഡലേശ്വർ ആയി ഔദ്യോഗിക പ്രഖ്യാപനമായതോടെ അവർ സന്യാസ ജീവിതത്തിന് തുടക്കമിട്ടു. മമ്ത കുൽക്കർണി എന്ന പേരിനുപകരം ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. കാഷായ വേഷവും രുദ്രാക്ഷ മാലയുമണിഞ്ഞാണ് മമ്ത അഖാരയിലെത്തിയത്. സന്യാസ ജീവിതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു മണിക്കൂ​റോളം അവർ ചർച്ച നടത്തി.

ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവർ ഉൾപ്പെടെ തൊണ്ണൂറുകളിൽ ബോളിവുഡിലെ മുൻനിര നായകന്മാരുടെ നായികാവേഷമിട്ട മമ്തയുടെ ജീവിതം പിന്നീട് അപസർപ്പക കഥകളിലേതുപോലെ അതിശയവും സംഭ്രമങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു. 1992ൽ ‘തിരംഗ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. കരൺ അർജു​നിൽ ഷാറൂഖിനും സൽമാനും ക​ജോളിനുമൊപ്പം വേഷമിട്ടു. വഖ്ത് ഹമാരാ ഹേ, ക്രാന്തിവീർ, സബ്സേ ബഡാ ഖിലാഡി, ആന്ദോളൻ, ബാസി, ചൈനാ ഗേറ്റ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ നായികയായി. 2001ൽ പുറത്തിറങ്ങിയ ചുപാ റുസ്തം ആയിരുന്നു അവരുടെ അവസാന ഹിറ്റ് ചിത്രം. കഭീ തും കഭീ ഹം എന്ന ചിത്രത്തിനു​ശേഷം അവർ സിനിമാ ലോകത്തുനിന്ന് അപ്രത്യക്ഷയായി.


ഇടത്തരം മറാത്ത ബ്രാഹ്മിൻ കുടുംബാംഗമായ മമ്ത പിന്നീട് വാർത്തകളിൽനിറയുന്നത് മയക്കുമരുന്ന് മാഫിയ തലവൻ വിക്കി ഗോസ്വാമിയുമായുള്ള ബന്ധത്തെ തുടർന്നാണ്. 2000 കോടിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ താനെ പൊലീസ് മമ്ത കുൽക്കർണിയെയും പ്രതി ചേർത്തിരുന്നു. കേസിൽ മമ്തയുടെയും ഗോസ്വാമിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിടുകയും ചെയ്തു.

അതേസമയം, സന്യാസത്തിലേക്കുള്ള യാത്രക്ക് 2000ൽ തുടക്കമിട്ടതായി മമ്ത വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞാൻ 40-50 സിനിമകളിൽ അഭിനയിച്ചു. ഒട്ടേറെ സിനിമകളിൽ അഭിനയിക്കാൻ ഓഫറുള്ള സമയത്താണ് ഞാൻ സിനിമാ രംഗം വിട്ടത്. മറ്റെന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ടല്ല ഞാൻ സന്യാസം സ്വീകരിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കാംക്ഷിച്ചു മാത്രമാണ്’ -52കാരിയായ മമ്ത പറഞ്ഞു.

Tags:    
News Summary - Mamata Kulkarni Embraces Sanyaas At Maha Kumbh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.