അന്തരിച്ച സംവിധായകൻ ഷാഫിക്കൊപ്പമുള്ള ഓർമ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. ലൊസാഞ്ചലസിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട തിരക്കിനിടെയാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിയുന്നതെന്നും സംവിധായകന്റെ വേർപാട് ഹൃദയം തകർത്തു കളഞ്ഞെന്നും മംമ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും സുഖപ്പെട്ടുവരാൻ പ്രാർഥിച്ചുവരുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ടു കൺട്രീസ് എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളും മംമ്ത കുറിച്ചു.
'ഷാഫിക്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത കേട്ട നിമിഷം മുതൽ എന്റെ ഹൃദയം വേദനിക്കുകയായിരുന്നു. പുതിയ വർഷത്തിന്റെ തുടക്കം ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത് എനിക്ക് വളരെയധികം ദുഃഖം തോന്നി. ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലൊസാഞ്ചലസിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് വ്യക്തിപരമായ ചില കാരണങ്ങളാൽ ഞാൻ തിരക്കിലായിരുന്നു. അതുകാരണം അദ്ദേഹത്തെ ഒന്നുപോയി കാണാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിച്ചിരുന്നു. പക്ഷേ ഇന്ന് ഷാഫിക്കയുടെ വിയോഗവാർത്ത കേട്ട് എന്റെ ഹൃദയം തകർന്നുപോയിരിക്കുന്നു.
'ടൂ കൺട്രീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ 95 ദിവസത്തെ ഷൂട്ടിങ്, ഒരുമിച്ചുള്ള ചർച്ചകളും യാത്രകളും, യാത്രകൾക്കിടയിൽ റെസ്റ്റോറന്റുകളിലായാലും തെരുവുകളിലായാലും കിട്ടുന്നിടത്തു നിന്നുള്ള ഭക്ഷണം അങ്ങനെ നീണ്ട മണിക്കൂറുകൾ അദ്ദേഹത്തിന്റെ അദ്ഭുതകരവും നിരന്തരവുമായ നർമബോധത്തിൽ നിന്നുള്ള പോസിറ്റിവിറ്റി എന്നെ അദ്ദേഹത്തിന്റെ ഹൃദയത്തോട് അടുപ്പിച്ചു. ആരാധകർ എപ്പോഴും എന്നോട് '3 കൺട്രീസ്' ആവശ്യപ്പെടുന്നു എന്ന കാര്യം അദ്ദേഹത്തോട് പറയുമ്പോഴെല്ലാം അതൊക്കെ ആവേശത്തോടെ കേട്ടിട്ട് ഞാൻ അതിന്റെ വർക്കിലാണ് എന്ന് പറയുമായിരുന്നു.
അങ്ങനെ ഞാൻ 3 കൺട്രീസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരുപാട് നല്ല ഓർമകളുണ്ട്.ഇനിയും ഒരുപാട് ഓർമകൾ ഒരുമിച്ച് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എല്ലാത്തിലും നർമം കണ്ടെത്താൻ മറ്റാർക്കുമില്ലാത്തൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഈ നഷ്ടത്തിന്റെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. ഇപ്പോൾ എന്റെ ഹൃദയം അദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഷാഫിക്ക, അങ്ങയുടെ ഓർമകൾ ഞങ്ങൾ ഇപ്പോഴും സ്നേഹപൂർവം ആഘോഷിക്കും. ഞാനിപ്പോൾ കരയുകയാണെങ്കിലും അങ്ങയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്ത് ഒരു ചിരിയുമുണ്ടാകും. അങ്ങയുടെ ഓർമകൾ എന്നും എന്നോടൊപ്പം ഉണ്ടാകും. ഞാൻ അങ്ങയെ മിസ് ചെയ്യും, ഞങ്ങളെല്ലാവരും അങ്ങയെ മിസ് ചെയ്യും. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'- മംമ്ത മോഹൻദാസ് കുറിച്ചു.
ഞായറാഴ്ച പുലർച്ച 12.30 ഓടെയാണ് ഷാഫിയുടെ വിയോഗം.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. പൊതുദർശനത്തിനുവെച്ചശേഷം ഇന്ന് വൈകീട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
1990കളുടെ മധ്യത്തിൽ സംവിധായകൻ രാജസേനനുമായും റാഫി-മെക്കാർട്ടിൻ ജോടിയുമായും സഹകരിച്ചാണ് ഷാഫി സിനിമ ജീവിതം ആരംഭിച്ചത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തുന്നത്. വർഷങ്ങൾക്ക് ശേഷവും സിനിമാ ആസ്വാദകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഹിറ്റ് തമാശ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പിറന്നത്. കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി, ചോക്കലേറ്റ് (2007), ലോലിപോപ്പ്(2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ, വെനീസിലെ വ്യാപാരി (2011), 101 വിവാഹങ്ങൾ (2012), ടു കൺട്രീസ് (2015), ഷെർലക് ടോംസ്(2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) എന്നിവ അദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. 2018ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യു.എസ്.എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.