'ഹോംലി സ്​റ്റാർ' മഞ്​ജു പിള്ള

നടി മഞ്​ജു പിള്ളയെ ഇപ്പോൾ പലരും ഫോണിൽ വിളിക്കുന്നത്​ ഒരു കാര്യം പറയാനാണ്​-'കുട്ടിയമ്മ എന്‍റെ അമ്മയാണ്​'. 'ഹോം' സിനിമയി​ൽ മഞ്​ജു അവതരിപ്പിച്ച കഥാപാത്രമാണ്​ കുട്ടിയമ്മ. നഴ്​സായി ജോലി ചെയ്​തപ്പോഴും വിരമിച്ച ശേഷവുമെല്ലാം വീടിനുവേണ്ടി മാത്രം ജീവിച്ച കുട്ടിയമ്മ. ഭർത്താവിനെയും മക്കളെയും പരിപാലിക്കുകയും സ്​നേഹിക്കുകയും ശാസിക്കുകയും ആവശ്യമുള്ളപ്പോൾ പൊട്ടിത്തെറിക്കുകയു​െമാക്കെ ചെയ്യുന്ന കുട്ടിയമ്മ എല്ലാ വീട്ടിലുമുണ്ടെന്ന്​ മഞ്​ജുവിന്​ വരുന്ന ഫോൺകോളുകൾ സാക്ഷ്യപ്പെടുത്തുന്നു.

മഞ്​ജു​ കുട്ടിയമ്മയായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നതിന്‍റെ അംഗീകാരം കൂടിയാണ്​ ഈ ഫോൺവിളികൾ. സീരിയലുകളിലൂടെയും ചാനൽ ഷോകളിലൂടെയുമൊക്കെ കുടുംബ സദസ്സുകൾക്ക്​ ​പ്രിയങ്കരിയായ മഞ്​ജു പിള്ള കുട്ടിയമ്മയിലൂടെ ശരിക്കും 'ഹോംലി സ്റ്റാർ' ആയിരിക്കുകയാണ്​. അതി​ന്‍റെ സന്തോഷം 'മാധ്യമം ഓൺലൈനു'മായി മഞ്​ജു പിള്ള പങ്കുവെക്കുന്നു.


അജു വർഗീസ്​ പറഞ്ഞു-'ഇതെന്‍റെ അമ്മ'

ഒരുപാട് കാലത്തിന് ശേഷം സിനിമയിൽ ചെയ്യുന്ന മുഴുനീള കഥാപാത്രമായിരുന്നു 'ഹോമി'ലെ കുട്ടിയമ്മ. ഒരുപാട് പേർ സിനിമ കണ്ടു വിളിക്കുന്നുണ്ട്​. വിളിക്കുന്നവർ ആദ്യം പറയുന്നത് 'ഇതെന്‍റെ അമ്മയാണ്' എന്നാണ്. അജു വർഗീസും വിളിച്ചുപറഞ്ഞു-'ചേച്ചി ഇതെന്‍റെ അമ്മയാണ്, എന്‍റെ അമ്മയാണ് കുട്ടിയമ്മ' എന്ന്​. സാധാരണ വീട്ടിൽ കാണുന്ന അമ്മമാരുടെ മാനറിസം കൊണ്ട് വരാൻ പറ്റിയത് കൊണ്ടാണ് എനിക്ക് ആളുകളുടെ മനസ്സിലേക്ക്​ കുട്ടിയമ്മയായി പെട്ടന്ന് കയറിച്ചെല്ലാൻ പറ്റിയത് എന്നാണ് ഞാൻ കരുതുന്നത്. ശരിക്കും ഉർവശി ചേച്ചി ചെയ്യാനിരുന്ന കഥാപാത്രമാണിത്​. ഞാൻ വഴിമാറി സിനിമയിൽ എത്തിയതാണെന്ന്​ എപ്പോഴും പറയാറുണ്ട്​. ഇപ്പോൾ വഴിമാറി വന്നൊരു കഥാപാത്രം എനിക്ക്​ സിനിമയിൽ ബ്രേക്ക്​ ആകുകയാണ്​.

കുട്ടിയമ്മ ആകുന്നതിന്​ വേണ്ടി മേക്കപ്പ്​ അൽപം ഡൾ ചെയ്​തിരുന്നു. പ്രായം തോന്നിക്കുന്നതിനുവേണ്ടിയും ലുക്ക്​ മാറ്റുന്നതിനും വേണ്ടിയാണ്​ പല്ലുവെച്ചതും ശരീരഭാഷയിൽ മാറ്റം വരുത്തിയതുമൊക്കെ. ഈ രൂപമാറ്റത്തിന്‍റെ മുഴുവൻ ക്രഡിറ്റും സംവിധായകൻ റോജിനും മേക്കപ്പ്​മാൻ റോണക്​സ്​ സേവ്യറിനുമാണ്​. പല്ല്​ വെച്ചുള്ള അഭിനയമൊക്കെ ആദ്യം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട്​ ശീലമായി. 'നീ വരുവോളം', 'രാമാനം' എന്നീ സിനിമകളിൽ ഇന്ദ്രൻസ്​ ചേട്ടന്‍റെ ജോഡിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ​'ഹോമി'ലെ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമാണ്​ പ്രിയപ്പെട്ടവരായി നിൽക്കുന്നത്​.

അപ്പൂപ്പൻ ഉണ്ടായിരുന്നെങ്കിൽ അഭിനയിക്കാൻ വിടുമായിരുന്നില്ല

എനിക്ക് ഏതാണ്ട് 10 വയസ്സുള്ളപ്പോഴാണ് അപ്പൂപ്പൻ എസ്​.പി. പിള്ള മരിക്കുന്നത്. അതിന് മുമ്പ് വെക്കേഷൻ വരുന്ന കാലത്തൊക്കെയാണ് ഏറ്റുമാനൂരിലെ വീട്ടിൽ അപ്പൂപ്പന്‍റെ അടുത്തു ഞാൻ ഏറെയും പോയി നിൽക്കാറുണ്ടായിരുന്നത്. എന്‍റെ അച്ഛന് തിരുവനന്തപുരത്തായിരുന്നു ജോലി. അതുകാരണം ഞങ്ങൾ താമസവും അവിടെ തന്നെയായിരുന്നു. അതിനാൽ വെക്കേഷൻ ആകുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് തന്നെ വല്ലാതെ ആവേശം തരുന്ന ഒന്നായിരുന്നു. ഏറ്റുമാനൂരിലേക്ക് പോകുവാനുള്ള അവസരം കൂടിയാണല്ലോ അത്. അവിടെ തറവാടിനെ ചുറ്റിപറ്റി ഒത്തിരി സ്ഥലം ഉണ്ടായിരുന്നു. മരങ്ങൾ, ഊഞ്ഞാൽ, പച്ചപ്പ്, കുളം, പശു തുടങ്ങി എല്ലാം കാണാൻ സാധിക്കുന്ന ഇടം. അതിലുപരി സ്വാതന്ത്ര്യമായി അലയാൻ പറ്റുന്ന, ഒരുപാട് കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും സമൃദ്ധം തന്നെയായിരുന്നു അവിടം.

ഞങ്ങൾ കുടുംബത്തിലെ എല്ലാവരും എല്ലാ ആഘോഷങ്ങൾക്കും ഒത്തുകൂടണം എന്ന് അപ്പൂപ്പന്​ മരിക്കുംവരെ നിർബന്ധമായിരുന്നു. അതുപോലെ ഏറ്റുമാനൂർ അമ്പലത്തിലെ ഉത്സവത്തിനും എല്ലാവരും ഒത്തുകൂടുമായിരുന്നു. അഭിനയത്തിന്‍റെ കാര്യമെടുത്താൽ അപ്പൂപ്പൻ എന്നെ അങ്ങനെ സ്വാധീനിച്ചിട്ടില്ല. അതായത് അപ്പൂപ്പന്‍റെ രക്തം എന്നിൽ ഉള്ളതുകൊണ്ട് ഞാൻ അഭിനയിച്ചു എന്നല്ലാതെ എന്‍റെ അഭിനയത്തിൽ അദ്ദേഹം സ്വാധീനം ചെലുത്തിയിട്ടില്ല. അപ്പൂപ്പന്‍റെ മരണത്തിന് ശേഷമാണ്‌ ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ഒരുപക്ഷേ അപ്പൂപ്പൻ ഉണ്ടായിരുന്നു എങ്കിൽ എന്നെ അഭിനയിക്കാൻ പോലും വിടില്ലായിരുന്നു.


ലൈറ്റ്​ ആൻഡ്​ സൗണ്ട്​ ഷോയിലൂടെ അഭിനയത്തിലേക്ക്​

സൂര്യ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ഒക്കെ നടത്തുന്ന സൂര്യ കൃഷ്ണമൂർത്തി എന്ന വലിയ കലാകാരൻ ആണ് അഭിനയരംഗ​ത്തേക്കുള്ള എന്‍റെ കടന്നുവരവിന്‍റെ കാരണം എന്നുപറയാം. അദ്ദേഹത്തിന്‍റെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലാണ്​ ഞാൻ ആദ്യം അഭിനയിക്കുന്നത്​. ലൈറ്റ്​ ആൻഡ്​ സൗണ്ട്​​ ഷോ എന്നു വെച്ചാൽ നാടകത്തിനും സിനിമക്കും ഇടയിലുള്ള സംഗതിയാണ്. ലൈറ്റിന്‍റെയും സൗണ്ടിന്‍റെയും ഇടയിൽ നിന്ന് കൊണ്ടുള്ള പെർഫോമൻസ് ആണ് അവിടെ നടക്കുന്നത്. 'സ്ത്രീ പർവം' എന്നായിരുന്നു അതിന്‍റെ പേര്. ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ് അതിൽ അഭിനയിച്ചത്. അതിന് ശേഷമാണ് ടെലിവിഷൻ, സിനിമ മേഖലയിൽ ഒക്കെ വരുന്നത്.

കമൽ ഹാസൻ അഭിനന്ദിച്ച നിമിഷം

കമൽ ഹാസനോടൊപ്പം 'മന്മഥൻ അൻപ്​' എന്ന തമിഴ് സിനിമയിലാണ് ഞാൻ അഭിനയിച്ചത്. 2010ലാണ് ആ വർക്ക് നടക്കുന്നത്. പ്രധാനമായും മലയാളം സിനിമയിൽ നിന്ന് വേറിട്ട് ഭാഷയുടെ വ്യത്യാസം മാത്രമാണ് എനിക്ക്​ തമിഴ്​ ഇൻഡസ്ട്രിയിൽ അനുഭവപ്പെട്ടത്. ഷൂട്ടിങ്​ തുടങ്ങും മുമ്പ്​ തന്നെ സിനിമയുടെ ക്യാമ്പ്​ കാര്യങ്ങളുമായി ബന്ധ​പ്പെട്ട്​ കമൽ സറിനെ അദ്ദേഹത്തിന്‍റെ ഓഫിസിൽ വെച്ച്​ രണ്ടുതവണ കണ്ടിരുന്നു. എല്ലാ മനുഷ്യരേയും ഒരേപോലെ കാണുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. വർക്ക് കഴിഞ്ഞു തിരിച്ചുവന്ന ശേഷം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. അത് കമൽ സർ ആയിരുന്നു. വളരെ നന്നായി പെർഫോം ചെയ്തതെന്നും പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. സത്യത്തിൽ എന്‍റെ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരാൾ നേരിട്ട്​ എ​െന്ന അഭിനന്ദിക്കാൻ വിളിക്കുന്നത്. അത് ഒരു വലിയ അനുഭവം തന്നെയായിരുന്നു.


എനിക്ക്​ കെ.പി.എ.സി ലളിത ആയാൽ മതി

കെ.പി.എസ്.സി ലളിത ചേച്ചിയുമായി എനിക്ക് ഇരുപത് വർഷത്തിലധികം ബന്ധമുണ്ട്​. എനിക്ക്​ അമ്മയെ പോലെയാണ്​ അവർ. ആ ഒരു അടുപ്പമൊക്കെ ഒന്നിച്ച്​ വർക്ക്​ ചെയ്യു​​േമ്പാൾ നല്ല രീതിയിൽ ഉപയോഗിക്കാൻ ഞങ്ങൾക്ക്​ പറ്റിയിട്ടുണ്ട്. തുടക്കകാലത്ത്​ 'നീ കെ.പി.എസ്.സി ലളിതയെ പോലെയായാൽ മതി' എന്ന്​ ശ്രീകുമാരൻ തമ്പി സർ എന്നോട്​ പറഞ്ഞിരുന്നു. നായികയാവാൻ നിൽക്കരുതെന്നും ലളിത ചേച്ചിയെ പോലെയോ സുകുമാരിയമ്മയെ പോലെയോ നിന്നാൽ ജീവിതാവസാനം വരെ അഭിനയിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്​. തമ്പി സർ അത് പറയുന്നതിന് മുമ്പ്​ തന്നെ ഞാൻ ലളിതാമ്മയെ വളരെയധികം ഒബ്സെർവ് ചെയ്തിരുന്നു. ഞാൻ ആഗ്രഹിച്ചിരുന്നതും ലളിതാമ്മയായാൽ മതിയെന്നാണ്. കാരണം ഹാസ്യനായികയാവുന്നത്​ അത്ര എളുപ്പമല്ല. എനിക്ക് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും ചെയ്യാനാണ് ഇഷ്​ടം. അതുകൊണ്ടാണ്​ 'എനിക്ക് കെ.പി.എ.സി ലളിത ആയാൽ മതി' എന്ന് ഞാൻ പറയുന്നത്​. അവർ ഹാസ്യം മാത്രമല്ലല്ലോ, എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും ചെയ്യുന്നില്ലേ. അതുപോ​ലെ ഒരു നടിയായാൽ മതി എനിക്ക്​.

അവിശ്വസനീയമായി അടൂർ സറിന്‍റെ വിളി

ഈ കരിയർ ലൈഫിനിടയിൽ അടൂർ ഗോപാലകൃഷ്​ണൻ സറിനെ പോലെയുള്ളവരുടെ കൂടെയൊക്കെ സിനിമ ചെയ്യാൻ പറ്റി എന്നതാണ്​ ഏറ്റവും ഭാഗ്യമായി കാണുന്നത്​. അടൂർ സർ വിളിച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ലായിരുന്നു ആദ്യം. അത് സർ തന്നെയാണോ ആരെങ്കിലും പറ്റിക്കുകയാണോ എന്നൊക്കെ കരുതി. അദ്ദേഹത്തെ നേരിൽ പോയി കണ്ട ശേഷമാണ്​ ഉറപ്പിച്ചത്​. 'മഴയെത്തും മുൻപേ'യിൽ അഭിനയിച്ച നാളുകളും നല്ല ഓർമ്മകളാണ്​ സമ്മാനിക്കുന്നത്​. പാലക്കാട്​ ആയിരുന്നു ഷൂട്ടിങ്​. ഞങ്ങൾക്കന്ന്​ ഒരു വിനോദയാത്ര പോയ ഫീൽ ആയിരുന്നു. ഞങ്ങൾക്കൊക്കെ ഒത്തിരി നഷ്​ടപ്പെട്ട കോളജ് ലൈഫ് ഞങ്ങൾക്ക് അവിടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റി. ശരിക്കും മമ്മുക്ക ഒരു സാറും ഞങ്ങൾ പിള്ളേരും തന്നെയായിരുന്നു അവിടെ. ഞങ്ങൾ നാലു പേരും അടിച്ചുപൊളിച്ചു അഭിനയിച്ച സിനിമയാണ് അത്.


'പിള്ളാസ്​ ഫാം ഫ്രഷി'ന്‍റെ വിശേഷങ്ങൾ

ഞാൻ വഴിമാറി സിനിമയിലെത്തിയ ആളാണ്. അതുപോലെ വഴിമാറി എത്തിയതാണ് ഈ ഫാമിങ്​ രംഗത്തേക്കും. ഛായാഗ്രാഹകനും സംവിധായകനുമായ ഭർത്താവ്​ സുജിത്ത്​​ വാസുദേവിന്‍റെ താൽപര്യപ്രകാരമാണ്​ ഫാം തുടങ്ങുന്നത്​. ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പട്ടിമുക്കിൽ ഏഴര ഏക്കറിലാണ്​ 'പിള്ളാസ്​ ഫാം ഫ്രഷ്​' ആരംഭിച്ചത്​. കോവിഡ് സമയത്താണ് ഞങ്ങൾ അത് തുടങ്ങിയത്. ലോക്ക്​ഡൗൺ തുടങ്ങുന്നതിന് മുമ്പ്​ തന്നെ ഫാം വാങ്ങിയിരുന്നു. ലോക്ക്ഡൗൺ കാലത്ത്​ കൃഷി തുടങ്ങാൻ സർക്കാർ അനീമതി നൽകിയപ്പോൾ കൃഷി ആരംഭിക്കുകയായിരുന്നു. ചില സാഹചര്യങ്ങളാൽ ഫാം നോക്കി നടത്താൻ ഞങ്ങൾ മറ്റാരെയും ഏൽപ്പിച്ചില്ല.

പോത്ത് കിടാവുകളെ കുളിപ്പിക്കൽ, തീറ്റ കൊടുക്കൽ, തൊഴുത്ത്​ വൃത്തിയാക്കൽ ഒക്കെ ഞങ്ങൾ തന്നെ ചെയ്​തു. പുത്തൻ അനുഭവങ്ങളും പാഠങ്ങളുമാണ്​ ഇത്​ സമ്മാനിച്ചത്​. ഫാമിന്‍റെ നടത്തിപ്പ്​ ഒന്നിച്ചു കൊണ്ടുപോകാം എന്നായിരുന്നു തീരുമാനം. പക്ഷെ, അപ്പോഴേക്കും വർക്ക് തുടങ്ങി അദ്ദേഹം തിരക്കിലായി. ഇപ്പോൾ ഞാനാണ് ഫാം നോക്കുന്നത്. കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പറ്റുന്നുണ്ട്. മകൾ ദയയുടെ പിന്തുണയുമുണ്ട്​. പോത്ത്​ മാത്രമല്ല ആട്‌, കോഴി തുടങ്ങിയവയും അൽപം കൃഷിയും ഇവിടെയുണ്ട്. കൃഷിയിൽ എനിക്ക്​ മുൻപരിചയമൊക്കെയുണ്ട്​. എറണാകുളത്തെ ഫ്ലാറ്റിൽ ചെറിയ പച്ചക്കറിത്തോട്ടം ഒക്കെ ഉണ്ടായിരുന്നു. 'ഹോമി'ൽ ഒലിവർ ട്വിസ്റ്റ്​ കൃഷി ചെയ്യു​േമ്പാലെ...

Tags:    
News Summary - Manju Pillai talks about film and farm life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.