നവാസ് വള്ളിക്കുന്ന്, ചെറുപുഞ്ചിരിയോടെ സരളമായി സംസാരിച്ച് മലയാളികളുടെ മനസിലേക്ക് ഇടിച്ച് കേറി സ്വന്തം ഇടം കണ്ടെത്തിയ കോഴിക്കോട്ടുകാരുടെ സ്വന്തം നടൻ. 2018ല് ‘സുഡാനി ഫ്രം നൈജീരിയ’ യിലൂടെയാണ് നവാസി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. അടുത്ത വർഷം പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തുടര്ന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി വന്ന നവാസ് മലബാർ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കലാകാരനായി മാറി. കുരുതി എന്ന ചിത്രത്തിലെ നവാസിന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നവാസ് എന്ന നടൻ അഭിനയത്തിന്റെ പുതുമുകളിലേക്ക് കാലെടുത്തുവക്കുകയായിരുന്നു. വെള്ളിത്തിരയുടെ വെള്ളിവെച്ചത്തിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടതിന് പിന്നിലെ കഥയും സിനിമ വിശേഷങ്ങളും പങ്കുവെക്കുകയാണ് നവാസ് വള്ളിക്കുന്ന്
സിനിമകളോടൊപ്പം തന്നെ വെബ് സീരീസുകളിലേക്കും... രണ്ടും തമ്മിൽ എന്തെങ്കിലും അന്തരം തോന്നിയോ?
യഥാർഥത്തിൽ വെബ്സീരീസുകളെക്കുറിച്ച് എനിക്ക് വലിയൊരു അറിവുണ്ടായിരുന്നില്ല മുൻപ്. പക്ഷെ വിളിച്ചത് അഹമ്മദ് കബീർ ആയതിനാൽ പിന്നീടൊന്നും ചിന്തിക്കാതെയാണ് കേരള ക്രൈം ഫയലിലേക്ക് എത്തിപ്പെട്ടത്. പക്ഷെ സീരീസ് പുറത്തിറങ്ങിയതോടെയാണ് അതിന്റെ പ്രാധാന്യം മനസിലായത്. ഒരു പക്ഷെ തന്റെ പല മികച്ച സിനിമയോളം തന്നെ സ്വീകാര്യത ആ വെബ്സീരിസിന് ലഭിച്ചു. പലരും അഭിമുഖങ്ങൾക്കും മറ്റും കൂടുതലായി വിളിക്കാൻ തുടങ്ങിയതും ഇത് പുറത്തിറങ്ങിയ ശേഷമാണ്.
മലയാളത്തിൽ വെബ് സീരീസുകളുടെ പുതിയ സാധ്യകൾ എന്തെല്ലാമാണ് ?
ദുബൈയിൽ ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഒരു ഇംഗ്ലീഷുകാരൻ വന്ന് കേരള ക്രൈം ഫയലിലെ അഭിനേതാവല്ലേയെന്ന് ചോദിക്കുകയുണ്ടായി. അപ്പോഴാണ് സിനിമയിൽ നിന്നും വെബ്സീരീസിലേക്കെത്തുന്നതിന്റെ മാറ്റം നേരിട്ട് അനുഭവിച്ചറിഞ്ഞത്. മലയാളത്തിൽ ഒരുപാട് വെബ് സീരീസുകൾ ഇറങ്ങണമെന്നാണ് ആഗ്രഹം. അതിന് പുതിയ കാലത്ത് വലിയ സാധ്യതകളുണ്ടെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മനസിലാക്കിയത്.
ഏറ്റവും വലിയ സന്തോഷം അഭിനയമാണോ കുടുംബമാണോ?
കുടുംബം തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഈ അടുത്ത കാലത്തായി ഒരു കൊച്ചു വീട് വച്ചു. എറണാകുളത്താണ് ഷൂട്ടെങ്കിൽപോലും അത് കഴിഞ്ഞാലുടൻ എത്ര വൈകിയാലും കോഴിക്കോട്ടെ വീട്ടിലെത്താൻ ശ്രമിക്കും. കുടുംബമാണല്ലോ നമുക്കെല്ലാം. മൂത്ത മകൻ നിയാസ് പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. രണ്ടാമത്തെയാൾ മോളാണ്. നസ്ല- എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. മൂന്നാമത്തെയാൽ ആയിശ നിഹാല ഈ വർഷം മുതൽ സ്കൂളിൽ പോയിത്തുടങ്ങി. ഭാര്യ ഫാരിദയും വലിയ പിന്തുണയാണ് തന്റെ സിനിമ കരിയറിന് നൽകാറുള്ളത്. അവരുടെ സപോർട്ടാണ് ഏറ്റവും വലിയ ഊർജം. തന്റെ സിനിമകളുടെ നിരൂപകരും അവർ തന്നെയാണ്.
പെയിന്ററായി ജോലി ചെയ്ത ഒരു നാട്ടിൻപുറത്തുകാരൻ നടനായി മാറിയപ്പോൾ കൂട്ടുകാരുടെ പ്രതികരണങ്ങൾ എപ്രകാരമായിരുന്നു ?
കൂട്ടുകാർ വലിയ കരുത്താണ് പകരുന്നത്. തുടക്കകാലങ്ങളിൽ ചെറിയ കളിയാക്കലുകൾ നേരിട്ടിരുന്നെങ്കിൽ പോലും ഇപ്പോൾ എല്ലാവരും വലിയ പിന്തുണയാണ് നൽകുന്നത്. വീടിന് തൊട്ടുമുന്നിലെ പള്ളിയിലെ ഉസ്താദ് പോലും ജോലി സംബന്ധമായ കുശലാന്വേഷണങ്ങൾ നടത്താറുണ്ട്.
പുതിയ സിനിമകളും പദ്ധതികളും ?
മുഹാസിന്റെ സംവിധാനത്തിൽ അർഷദിക്കാന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മുക്കത്താണ് ഷൂട്ട് പുരോഗമിക്കുന്നത്. മുഹാസിന്റെ തന്നെ കഠിന കടോരമീ അണ്ഡകടാഹത്തിൽനിന്ന് സമയമില്ലാത്തതിന്റെ പേരിൽ പിന്മാറിയതിന്റെ വിഷമമുണ്ട്. അതിന് പരിഹാരമാകുമെന്ന് കരുതുന്നു.
ഇനി ഇറങ്ങാനുള്ളത് ഞാനും സൈജുകുറുപ്പുമെല്ലാം വേഷമിടുന്ന ഷംസു സൈബ സംവിധാനം ചെയ്യുന്ന അഭിലാഷം, ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്നിവയും വലിയ പ്രതീക്ഷ നൽകുന്നു. അർജുൻ അശോകനാണ് കേന്ദ്രകഥാപാത്രം. അതു പോലെ കേരള ക്രൈം ഫയൽ രണ്ടാം ഭാഗത്തിനും കട്ട വെയ്റ്റിങ്ങിലാണ്. സിനിമയെക്കാളും പലരും തന്നെ ഇപ്പോഴും തിരിച്ചറിയുന്നതും പ്രശംസിക്കുന്നതും സ്റ്റേജ് ഷോകളിലെ കോമഡി ഡയലോഗുകൾ ഓർത്തെടുത്താണെന്ന് നവാസ് എളിമയോടെ പറയുന്നു. വന്ന വഴികളെ അത്രയേറെ ചേർത്ത് പിടിക്കാൻ ഇതൊരു പ്രചോദനവുമാണ് തലക്കനം ഒട്ടുമില്ലാത്ത എല്ലാവരുടേയും പ്രിയങ്കരനായ ഈ നടന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.