‘ഗോഡ്ഫാദറി’ന്റെ ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ് നടക്കുന്ന സമയം. സംവിധായകരായ സിദ്ദീഖും ലാലും ചെറിയൊരു പ്രശ്നത്തിലായി. മുഖ്യ കഥാപാത്രമായ അഞ്ഞൂറാനായി അഭിനയിച്ചിരിക്കുന്നത് നാടകാചാര്യൻ എൻ.എൻ. പിള്ളയാണ്. ശക്തമായ ആ വേഷം ചെയ്യാൻ സിനിമയിൽ ഇതുവരെ കാണാത്ത ഒരു നടനെ തപ്പിയുള്ള ഇരുവരുടെയും അന്വേഷണമാണ് എൻ.എൻ. പിള്ളയിലെത്തി ചേർന്നത്.
ഏറെ ശ്രമങ്ങൾക്കൊടുവിൽ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം അഞ്ഞൂറാൻ ആകാൻ തയാറായത്. അതിന് അദ്ദേഹം വെച്ച നിബന്ധനയാണ് സംവിധായകരെ ബുദ്ധിമുട്ടിലാക്കിയത്. ‘ഞാൻ അഭിനയിക്കാം. പക്ഷേ, എന്റെ ശബ്ദമായിരിക്കണം കഥാപാത്രത്തിന് ഉപയോഗിക്കേണ്ടത്’- ഇതായിരുന്നു എൻ.എൻ. പിള്ളയുടെ നിബന്ധന.
പക്ഷേ, ഡബ്ബ് ചെയ്യാനെത്തിയപ്പോൾ സ്ക്രീനിൽ ദൃശ്യം ശരിക്ക് കാണാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ചുണ്ട് അനങ്ങുന്നത് എപ്പോഴാണെന്ന് കൃത്യമായി അറിഞ്ഞാലല്ലേ ഡയലോഗ് പറയാൻ കഴിയൂ. എത്ര ശ്രമിച്ചിട്ടും അത് സിങ്ക് ആകുന്നില്ല. ഒടുവിൽ സിദ്ദീഖ് ഒരു പോംവഴി കണ്ടെത്തി. ഡബ്ബിങിന് സിദ്ദീഖ് എൻ.എൻ. പിള്ളയുടെ കൂടെ നിൽക്കും. സ്ക്രീനിൽ അഞ്ഞൂറാന്റെ ഡയലോഗ് തുടങ്ങുമ്പോൾ സിദ്ദീഖ് അദ്ദേഹത്തെ തൊടും. അപ്പോൾ അദ്ദേഹം ഡയലോഗ് പറഞ്ഞുതുടങ്ങും. ആദ്യമൊന്നും ഇത് ശരിയായില്ല. സിദ്ദീഖ് തൊടുന്നത് മനസ്സിലാക്കി പറഞ്ഞു തുടങ്ങാൻ അദ്ദേഹം അൽപം സമയമെടുക്കുന്നതായിരുന്നു കാരണം.
പിന്നെ സിദ്ദീഖ് സ്‍ട്രാറ്റജി അൽപം മാറ്റി. സ്ക്രീനിൽ ഡയലോഗ് തുടങ്ങുന്നതിന് അൽപം മുമ്പ് എൻ.എൻ. പിള്ളയെ തൊടും. അദ്ദേഹം കൃത്യസമയത്ത് ഡബ്ബിങ് തുടങ്ങുകയും ചെയ്യും. സിനിമ ഇറങ്ങിയ ശേഷം എൻ.എൻ. പിള്ളയുടെ ഡയലോഗുകളും സംസാരരീതിയും വൻ ഹിറ്റാകുകയും ചെയ്തു.
ഈ ഡബ്ബിങ് അനുഭവത്തെ കുറിച്ച് എൻ.എൻ. പിള്ള പിന്നീട് പറഞ്ഞതിങ്ങനെ- ‘‘സിദ്ദീഖ് തൊടുമ്പോൾ പലപ്പോഴും കൃത്യസമയത്ത് എനിക്ക് ഡയലോഗ് തുടങ്ങാൻ കഴിയുമായിരുന്നില്ല. ലിപ് സിങ്കിങ് കൃത്യമാണോയെന്ന് പരിശോധിക്കാൻ കൺസോളിൽ ഇരിക്കുന്ന ലാൽ ഇത് ചൂണ്ടിക്കാട്ടും. അപ്പോൾ സിദ്ദീഖ് പറയും ‘ഞാൻ തൊടാൻ വൈകിയത് കൊണ്ടാണ് തെറ്റിയത്’ എന്ന്. സത്യത്തിൽ എന്റെ പിഴവാണ്. പക്ഷേ, കുറ്റം സിദ്ദീഖ് സ്വയം ഏറ്റെടുക്കുകയായിരുന്നു. എനിക്ക് ഇപ്പോൾ നാല് മക്കളാണ്. കുട്ടനെ കൂടാതെ സിദ്ദീഖും ലാലും കാമറാമാൻ വേണുവും. മൂത്ത മകൻ സിദ്ദീഖ് തന്നെ’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.