ലോകസിനിമ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. ജൂലൈ 21 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം കിടപ്പറരംഗത്തിൽ ഭഗവത് ഗീത വായിക്കുന്ന ചിത്രത്തിലെ രംഗം ഇന്ത്യയിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ചിത്രത്തിലെ ഈ രംഗം നീക്കണമെന്ന് സെൻസർ ബോർഡിനോട് വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചത്രത്തിലെ മറ്റൊരു രംഗം ചർച്ചയാവുകയാണ്. ചിത്രത്തിൽ നടി ഫ്ലോറൻസ് പഗ് അവതരിപ്പിക്കുന്ന കഥാപാത്രം നഗ്നയായി കസേരയിൽ ഇരിക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ ഇന്ത്യൻ പതിപ്പിൽ ഈ രംഗത്തിൽ നടി കറുത്ത വസ്ത്രം ധരിച്ചിട്ടുണ്ട്. നടിയുടെ ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇത് ഫ്ലോറൻസ് പഗിന്‍റെ ആരാധകർക്കിടയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ പതിപ്പിലെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സെൻസറിങ് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ രംഗം ഇത്തരത്തിൽ മാറ്റിയതെന്നാണ് റിപ്പോർട്ട്. ഓപ്പൺഹൈമറിന് ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആദ്യദിനം 13.50 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ ഓപ്പൺഹൈമർ നേടിയതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.