സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് എടുത്ത പരിശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. അഭിനേതാക്കളിൽ നിന്ന് എന്താണോ ആവശ്യം അത് കൃത്യമായി പുറത്തെടുക്കാൻ പൃഥ്വിരാജിന് അറിയാമെന്നാണ് മോഹൻലാൽ പറയുന്നത്.
'പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. അഭിനേതാക്കളായ ഞങ്ങളിൽ നിന്ന് എന്താണോ വേണ്ടത് അതു പുറത്തെടുക്കാൻ അദ്ദേഹത്തിന് അറിയാം. അങ്ങനെ വേണം ഒരു സിനിമ സംവിധാനം ചെയ്യാൻ. ഒരു സിനിമയിൽ അഭിനേതാക്കൾ നന്നാകാൻ കാരണം സംവിധായകനാണ്. ഞാൻ എന്റെ സംവിധായകരെ വിശ്വസിക്കുന്നു. പൃഥ്വരാജ് ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാളാകും.
ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഞങ്ങൾ എമ്പുരാൻ ചിത്രീകരിച്ചത്. പൃഥ്വിരാജ് നൂറ് ശതമാനം ചിത്രത്തിന് വേണ്ടി നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ഷൂട്ടിങ് ഇല്ലെന്ന് പറയുമ്പോൾ നമുക്കൊന്നും ചെയ്യാനില്ല. ഒരുപാട് ദിവസം ഞങ്ങൾ വെറുതെയിരുന്നു. യൂണിറ്റും ചെറുതായിരുന്നു. മുന്നൂറ്- നാനൂറ് പേരോക്കെയാണ് ഉണ്ടായിരുന്നത്. അതൊരു ചെറിയ യൂണിറ്റായിരുന്നു. എമ്പുരാൻ വളരെ ചെറിയൊരു സിനിമയാണ്'- മോഹൻലാൽ സദസിൽ ചിരിപടർത്തിക്കൊണ്ട് പറഞ്ഞു.
മാർച്ച് 27 ആണ് എമ്പുരാൻ തിയറ്ററുകളിലെത്തുന്നത്.ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.