മുംബൈ: ഇന്ത്യൻ സിനിമക്ക് ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ ചലച്ചിത്രത്തിൽ നവതരംഗത്തിന്റെ പ്രണേതാക്കളിൽ ഒരാളായ ശ്യാം ബെനഗലിനെ സിനിമാ ലോകം സത്യജിത് റായ്, ഋത്വിക് ഘടക്, മൃണാൾസെൻ തുടങ്ങിയവർക്കൊപ്പമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സിനിമാ പരീക്ഷണങ്ങൾ അന്താരാഷ്ട്ര തലങ്ങളിൽവരെ ചർച്ചയായിട്ടുണ്ട്.
1934 ഡിസംബർ 14ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഹൈദരാബാദ് സ്റ്റേറ്റിൽ ജനിച്ച ശ്യാം ബെനഗൽ പരസ്യമെഴുത്തുകാരൻ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. 1962ൽ ഗുജറാത്തി ഭാഷയിൽ ഡോക്യുമെന്ററി നിർമിച്ചാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നത്. 1974ൽ പുറത്തിറങ്ങിയ ‘അങ്കൂർ’ ആണ് ആദ്യ ചിത്രം. അനന്ത്നാഗിന്റെയും ശബാന ആസ്മിയുടെയും കന്നിച്ചിത്രംകൂടിയായ അങ്കൂറിലൂടെ ശ്യാം ബെനഗൽ ഇന്ത്യൻ സമാന്തര സിനിമയിൽ പുതിയൊരു രീതിശാസ്ത്രം തന്നെ ആവിഷ്കരിച്ചു. ഈ രീതിയെ മധ്യചലച്ചിത്രം (മിഡിൽ സിനിമ) എന്നും വിശേഷിപ്പിക്കാറുണ്ട്.
ഇതേ മാതൃകയിൽ ‘നിഷാന്ത്’, ‘ഭൂമിക’, ‘മന്തൻ’ എന്നീ ചിത്രങ്ങൾകൂടി നിർമിച്ച് മിഡിൽ സിനിമക്ക് കൃത്യമായ മേൽവിലാസം ചാർത്തി. ഏകദേശം 25 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അത്രതന്നെ ഡോക്യുമെന്ററികളും നിർമിച്ചു.
ജുനൂൻ (1978), ആരോഹൻ (1982), നേതാജി സുഭാഷ് ചന്ദ്രബോസ്: ദ ഫോർഗോട്ടൻ ഹീറോ (2004), വെൽ ഡൺ അബ്ബാ (2010) തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്രം പുരസ്കാരം നേടി. കൂടാതെ, ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
1976 ൽ പത്മശ്രീ പുരസ്കാരവും, 1991 ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2005ൽ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ‘മുജീബ്: ദി എപിക് ഓഫ് നാഷൻ’ (2023) ആണ് അവസാന ചിത്രം.
ഡിസംബർ 14ന് അദ്ദേഹത്തിന്‍റെ 90-ാം ജന്മദിന ആഘോഷം കുടുംബാംഗങ്ങലും സുഹൃത്തുക്കളുമെല്ലാം ചേർന്ന് നടത്തിയിരുന്നു.
നീര ബെനഗൽ ആണ് ഭാര്യ. ഏകമകൾ പിയ ബെനഗൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.