sathyan anthikkad

'ഇപ്പോഴും ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും'-സത്യൻ അന്തിക്കാട്

ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമാണ്. ഇന്നസെന്റിന്റെ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മനപാഠമാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഇന്നസെന്‍റിനെ കുറിച്ച് ഓർമിക്കുകയാണ്.

ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. ഏത് പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ.

പോസ്റ്റിന്‍റെ പൂർണ രൂപം

'ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.

സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു. ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?

അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി. എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്.

Tags:    
News Summary - Sathyan Anthikad about Innocent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.