വോട്ട് ചെയ്യാനെത്തിയ അക്ഷയ് കുമാർ അമ്പരന്നു; സംഭാവന നൽകിയ കക്കൂസ് നശിച്ചെന്ന പരാതിയുമായി വയോധികൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാർ. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ മാധ്യമങ്ങളോട് സംസാരിക്കവെ ഒരു വയോധികൻ വന്ന് പറഞ്ഞ പരാതി കേട്ട് നടൻ ഒന്നമ്പരന്നു. നടൻ പണ്ട് സംഭാവന ചെയ്ത കക്കൂസ് നശിച്ചെന്ന പരാതിയുമായാണ് വയോധികൻ എത്തിയത്.

2017ൽ, അക്ഷയ്‌ കുമാറിന്‍റെ ഭാര്യ ട്വിങ്കിൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി. ജുഹു ബീച്ചിൽ ഒരാൾ മലമൂത്ര വിസർജനം നടത്തുന്നതായിരുന്നു ചിത്രം. തുടർന്ന് 2018ൽ ശിവസേന നേതാവ് ആദിത്യ താക്കറെയുമായി ചേർന്ന് അക്ഷയ് കുമാർ ജുഹു, വെർസോവ ബീച്ചുകളിൽ 10 ലക്ഷം രൂപയുടെ ബയോ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ചു. ഈ പൊതു ശൗചാലയങ്ങളെക്കുറിച്ചാണ് വർഷങ്ങൾക്കുശേഷം ഇപ്പോൾ ഒരു വയോധികൻ അപ്രതീക്ഷിതമായി അക്ഷയ് കുമാറിന്‍റെ മുന്നിലെത്തി പരാതി പറഞ്ഞിരിക്കുന്നത്.

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ഉദ്യോഗസ്ഥർ പൊതുശൗചാലയങ്ങൾ പരിപാലിക്കുന്നില്ലെന്ന് വയോധികൻ നടനോട് പരാതി പറഞ്ഞു. കഴിഞ്ഞ 3-4 വർഷമായി താൻ ഇവ പരിപാലിക്കുന്നുണ്ടെന്നും ഇനിയും ശൗചാലയങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം നടനോട് ആവശ്യപ്പെട്ടു. എന്നാൽ, താൻ ഇതിനകം തന്‍റെ ഭാഗം ചെയ്തുകഴിഞ്ഞെന്നും ഇനി അവ പരിപാലിക്കേണ്ടത് ബി.എം.സിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു നടന്‍റെ മറുപടി. വയോധികനും നടനും തമ്മിലെ സംഭാഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Tags:    
News Summary - Senior citizen complains to Akshay Kumar about Public Toilets donated by him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.