sheela

'എമ്പുരാൻ ഉറപ്പായും ഹിറ്റാകും, വളരെ കഷ്ടപ്പെട്ട് എടുത്ത ചിത്രമാണത്' -ഷീല

മലയാളത്തിന്റെ പ്രിയപ്പെട്ട നിത്യഹരിത നായിക ഷീല ഇന്നലെയാണ് 77-ാം പിറന്നാൾ ആഘോഷിച്ചത്. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമ മേഖലകളില്‍ തന്റേതായ ഇടം നിലനിര്‍ത്തിയ ഷീല എപ്പോഴും പൊതുവേദികളിലും മറ്റും സജീവമാണ്. മലയാള സിനിമയിലെ ഒരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാറുള്ള ഷീല പെയിന്റിങ്ങിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന ഷീല പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും എല്ലാം ഇഴചേർന്ന നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്. മലയാള സിനിമയെ കുറിച്ചും ആസ്വാദനത്തെ കുറിച്ചും ഷീല സംസാരിക്കുകയാണ്.

മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസയും അറിയിച്ചു. 'എമ്പുരാൻ നന്നായി തിയറ്ററുകളിൽ ഓടണം. കാരണം ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്. പടങ്ങൾ ഓടിയാലെ ഒരുപാട് പേർക്ക് ജോലി കിട്ടത്തുള്ളൂ. ഒരു പടം എടുത്താൽ നൂറ് കണക്കിന് പേർക്കാണ് ജോലി കിട്ടുന്നത്. പ്രേമലു, മഞ്ഞുമൽ ബോയ്സ് ഒക്കെ എന്ത് രസമായിട്ടാണ് ഓടിയത്'- ഷീല പറയുന്നു.

കഥയെഴുതി, തിരക്കഥയെഴുതി, സംവിധാനം ചെയ്തു, പടം പ്രൊഡ്യൂസ് ചെയ്തു. അങ്ങനെ തന്നെ കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുന്നുവോ അതെല്ലാം സിനിമ മേഖലക്കായി ചെയ്തുവെന്നും ഷീല കൂട്ടിച്ചേർത്തു.

എം.ജി.ആർ. നായകനായ 'പാശ'ത്തിലൂടെയാണ്‌ ഷീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് 'ഭാഗ്യജാതകം' എന്ന മലയാള ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റിയിരുന്നു. പാശത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ 'ഭാഗ്യജാതക'ത്തിൽ അവരെ നായികയാക്കി. ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു. 1980-ൽ 'സ്ഫോടനം' എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിടവാങ്ങിയ ഷീല 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിരിച്ചെത്തി.

Tags:    
News Summary - sheela about empuran movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.