എസ്. എസ് രാജമൗലിയുടെ ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആർ. ആർ. ആറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ആർ.ആർ.ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് രാജമൗലി. ഓസ്കർ ലഭിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർ. ആർ. ആറിന്റെ രണ്ടാം ഭാഗം വേഗത്തിലാക്കാൻ ഓസ്കർ പ്രചോദനമാകുമോ? എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'തീർച്ചയായും, ആർ. ആർ. ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ വളരെ വേഗത്തിലാക്കും, നമുക്ക് കാണാം- രാജമൗലി പറഞ്ഞു.
രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിതാവ് രണ്ടാംഭാഗത്തിന്റെ കഥ വികസിപ്പിച്ച് വരികയാണെന്ന് രാജമൗലി പറഞ്ഞിരുന്നു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആർ. ആർ. ആർ. രാംചരണും ജൂനിയർ എൻ.ടി.ആറുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. അജയ് ദേവ്ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.