മണിരത്നത്തിന്റെ ഭാര്യയായിരിക്കുകയെന്നത് ഫുൾടൈം ജോലിയേക്കാൾ കൂടുതലാണെന്ന് നടി സുഹാസിനി. ‘സംവിധായകൻ മണിരത്നത്തിന്റെ ഭാര്യ എന്നത് ഫുൾടൈം ജോലിയാണോ?’ എന്ന ചോദ്യത്തിനാണ് ‘അത് ഫുൾടൈം ജോലിയേക്കാൾ കൂടുതലാണ്. മണിരത്നത്തിന്റെ ഭാര്യയാവുകയെന്നതിന് 24 മണിക്കൂറിൽ കൂടുതൽ സമയം ആവശ്യമാണ്’ എന്ന് സുഹാസിനി മറുപടി നൽകിയത്. വിവാഹം കഴിക്കാനുള്ള ആഗ്രഹം തുടക്കത്തിൽ ഇല്ലാതിരുന്നെന്നും പതിയെ ചിന്തകളിലേക്ക് വിവാഹവും കുടുംബവുമൊക്കെ കടന്നുവന്നുതോടെ കുടുംബിനിയായി മാറുകയായിരുന്നുവെന്നും സുഹാസിനി വെളിപ്പെടുത്തി.
‘അന്ന് ഞാൻ തീരെ ചെറുപ്പമായിരുന്നു. ഇരുപത് വയസ്സ്. ആ സമയത്ത് കല്യാണം കഴിക്കുക എന്നതൊന്നും എന്റെ ചിന്തകളിലില്ലായിരുന്നു. പെൺസുഹൃത്തുക്കൾക്കൊപ്പം അപ്പാർട്മെന്റിൽ സ്വാതന്ത്ര്യത്തോടെ കഴിയാനായിരുന്നു ഇഷ്ടം. കരിയർ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചായിരുന്നു അന്നത്തെ പ്രധാന ചിന്ത. പിന്നെ, പതിയെ അതൊക്കെ മാറി. വിവാഹം കഴിച്ച് കുടുംബിനിയായി കഴിയാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നുവേണം പറയാൻ. കുടുബമെന്ന സംവിധാനത്തിന്റെ ഭാഗമായതോടെ മാറ്റങ്ങളൊരുപാട് സംഭവിച്ചു.- സുഹാസിനി പറഞ്ഞു. വിവാഹ ശേഷം എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കണമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും എ.ബി.പി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
‘ഇപ്പോഴും ഞങ്ങളൊന്നിച്ചുണ്ടാകാറുള്ള സമയം ആസ്വദിക്കാറുണ്ട്. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്നത് ഞങ്ങളേറെ ഇഷ്ടപ്പെടുന്നു. ബീച്ചിൽനിന്നുള്ള ഇളംകാറ്റും നിലാവും അകമ്പടിയേകുന്ന വീട്ടിലെ മനോഹരമായ കോർട്യാർഡിൽ അഭിമുഖമായിരുന്ന്, ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ സ്വാദോടെ കഴിക്കുമ്പോൾ എത്ര ഭാഗ്യവാന്മാരാണ് ഞങ്ങൾ എന്നോർക്കും. -സുഹാസിനി കൂട്ടിച്ചേർത്തു. 1988ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരായത്. ദമ്പതികൾക്ക് നന്ദൻ എന്നൊരു മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.