ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ -ഷാഫിയുടെ നിര്യാണത്തിൽ സുരാജ്

ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ -ഷാഫിയുടെ നിര്യാണത്തിൽ സുരാജ്

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ ഷാഫിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഷാഫിയുടെ വേർപാട് ഉൾകൊള്ളാനാകുന്നില്ലെന്നും ജീവിതത്തിലെ വ്യക്തിപരമായ നഷ്ടമാണിതെന്നും നടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മലയാളികൾ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ... എന്തിനും ഏതിനും ഒരു കോളിന് അപ്പുറം ഉണ്ടാകുമെന്നു വിശ്വസിച്ച ജ്യേഷ്ഠ സഹോദരനാണ്... -സുരാജ് കുറിച്ചു.

സുരാജിന്‍റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ....
എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം..
എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ....
ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്...
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ...
വിട

Full View

എറണാകുളത്ത്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫി ഞായറാഴ്​ച പുലർച്ച 12.30 ഓടെയാണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ​തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. പൊതുദർശനത്തിനുവെച്ചശേഷം ഇന്ന് വൈകീട്ട്​ നാലിന്​ കലൂർ മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

1990കളുടെ മധ്യത്തിൽ സംവിധായകൻ രാജസേനനുമായും റാഫി-മെക്കാർട്ടിൻ ജോടിയുമായും സഹകരിച്ചാണ് ഷാഫി സിനിമ ജീവിതം ആരംഭിച്ചത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തുന്നത്. വർഷങ്ങൾക്ക് ശേഷവും സിനിമാ ആസ്വാദകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഹിറ്റ് തമാശ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പിറന്നത്. കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി, ചോക്കലേറ്റ് (2007), ലോലിപോപ്പ്(2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ, വെനീസിലെ വ്യാപാരി (2011), 101 വിവാഹങ്ങൾ (2012), ടു കൺട്രീസ് (2015), ഷെർലക് ടോംസ്(2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) എന്നിവ അദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. 2018ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യു.എസ്.എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു. 

Tags:    
News Summary - suraj venjaramoodu about director Shafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.