അവിശ്വസനീയമാണ് ക്രിസ്റ്റഫർ നോളന്റെ സിനിമകൾ ഓരോന്നും. അതിൽ ഒളിഞ്ഞിരിക്കുന്ന സങ്കീർണതകളും ട്വിസ്റ്റുകളും ഒരിക്കൽപോലും കാഴ്ചക്കാർക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചിട്ടില്ല. സങ്കീർണത നിറഞ്ഞ സിനിമകളുടെ രാജകുമാരനെന്ന വിശേഷണം സിനിമാലോകം വെറുതേ ചാർത്തിക്കൊടുത്തതല്ല നോളന്. ഓരോ സിനിമയും ലോകത്താകമാനമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ ഏറ്റെടുക്കുമ്പോഴും ക്രിസ്റ്റഫർ നോളൻ എന്ന സങ്കീർണതകളുടെ തോഴന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടരും. നോളന്റെ സിനിമ കണ്ട് പുറത്തിറങ്ങുന്നവർ ഒരിക്കൽപോലും ചിന്തിക്കാതെ ഇറങ്ങിപ്പോകില്ലെന്നാണ് പറയാറ്. ആ ചിന്തകൾ വീണ്ടും അവരെ തിയറ്ററിലേക്ക് കയറ്റും.
മുമ്പ് വായിച്ചെടുക്കാൻ മറന്ന ട്വിസ്റ്റുകൾ തേടി അവർ വീണ്ടും ആ സിനിമ കാണും. നോളന്റെ പുഞ്ചിരിയുടെ അർഥവും അതുതന്നെ, കണ്ടതിലും ഒരുപാട് കാണാതെ ഒളിപ്പിച്ചുവെച്ചതിനാലാകാം അത്. നോളൻ സിനിമകളിൽ അദ്ദേഹം ഉദ്ദേശിച്ച എല്ലാകാര്യങ്ങളും കൃത്യമായി മനസ്സിലാക്കി എടുക്കണമെങ്കിൽ ആ സിനിമ പത്തുതവണയെങ്കിലും കാണേണ്ടി വരുമെന്ന് ഹോളിവുഡ് സിനിമാ നിരൂപകർപോലും വിലയിരുത്തുന്നു. അതൊരു കളിയാക്കലല്ല, മറിച്ച് ഒരു സിനിമക്കുള്ളിൽ ആയിരം കഥകൾ ഒളിപ്പിച്ചുവെക്കാനാകുമെന്ന നോളൻ തത്ത്വത്തിന്റെ വിജയമാണ്.
ഓരോ സിനിമയും വൻ വിജയങ്ങൾ കൊയ്തുകൊണ്ടിരുന്നപ്പോഴും ഓസ്കർ നോളന്റെ അടുത്തുനിന്ന് തെന്നിമാറിക്കൊണ്ടേയിരുന്നു, അദ്ദേഹത്തിന്റെ കഥപറച്ചിലുകൾപോലെതന്നെ. ഇരുപത് വർഷത്തിനിടെ എട്ടു തവണ നോളന്റെ പേര് ഓസ്കർ പുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ വന്നു. 2002ൽ ‘മെമന്റോ’ എന്ന ചിത്രത്തിന് മികച്ച അവലംബിത തിരക്കഥക്കും 2010ൽ ‘ഇൻസെപ്ഷന്’ മികച്ച ചിത്രത്തിനും മികച്ച അവലംബിത തിരക്കഥക്കും 2018ൽ ‘ഡൺകിർകി’ന് മികച്ച ചിത്രത്തിനും മികച്ച സംവിധായകനും.
പക്ഷേ, ഒരിക്കൽപോലും ഓസ്കറിൽ മുത്തമിടാൻ അദ്ദേഹത്തിനായില്ല. എന്നാൽ, ഏറെ സങ്കീർണതകൾക്കൊടുവിൽ ഒളിപ്പിച്ചുവെക്കാറുള്ള നോളൻ ട്വിസ്റ്റ് പോലെ ഇത്തവണ ഓസ്കറിൽ അദ്ദേഹം മുത്തമിട്ടു. 13 നോമിനേഷനുകളിൽ ഏഴെണ്ണം നേടി ഓപൺഹൈമർ തിളങ്ങി. നോളൻ മികച്ച സംവിധായകനുമായി. ഭൗതികശാസ്ത്രജ്ഞൻ ഓപൺഹൈമറുടെ കഥ പറയുന്നതാണ് സിനിമ.
‘‘നൂറുവർഷത്തോളം പഴക്കമേ സിനിമക്കുള്ളൂ. അവിശ്വസനീയ ഈ യാത്ര എങ്ങോട്ടാണെന്ന് നമുക്കറിയില്ല. എന്നാൽ, ഞാനതിന്റെ അർഥവത്തായ ഒരു ഭാഗമാണെന്ന് നിങ്ങൾ ചിന്തിച്ചിരിക്കുന്നു. അതറിയുന്നതാണ് എന്റെ ലോകം’’ -പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നോളൻ പറഞ്ഞത് ഇങ്ങനെയാണ്. സിനിമയെ അഗാധമായി പ്രണയിക്കുന്ന ആസ്വാദകരുടെ പ്രിയ സംവിധായകന്‍. കഥയില്‍ സങ്കീര്‍ണത കൊണ്ടുവരുന്നതിലാണ് ഫിലിം മേക്കിന്‍റെ ഏറ്റവും വലിയ രസം ഒളിച്ചിരിക്കുന്നതെന്നു പറഞ്ഞ സംവിധായകൻ. സിനിമയിൽ ‘നോളൻ ഇഫക്ട്’ കൊണ്ടുവന്ന ആ സിനിമക്കാരനെ ഒടുവിൽ ഓസ്കറും ബഹുമാനിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.