നടൻ കൊല്ലം സുധിയുടെ വിയോഗം സുഹൃത്തുക്കൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം. സുധിയുടെ വിയോഗം ഞെട്ടിച്ചെന്നും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഉല്ലാസ് ഒരു ചാനലിനോട് പറഞ്ഞു.
സുധിയും മറ്റുള്ളവരും പങ്കെടുത്ത ആ പരിപാടിയിൽ ഞാനും പേകേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് പോകാതിരുന്നത്. കൊറോണക്ക് ശേഷം ഞങ്ങൾ ഒന്നിച്ച് ഒരുപാട് പരിപാടികൾ ചെയ്തു. അവന്റെ കുഞ്ഞുങ്ങളെ ഓർത്താണ് സങ്കടം.
സ്വന്തമായി ഒരു വീടുവെക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. ഷൂട്ടിങ്ങിനിടെയായിരുന്നു എന്റെ പിറന്നാൾ. ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ആ സമയത്ത് സ്വന്തമായൊരു വീടുവെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. അന്ന് ഞാനും ബിനു അടിമാലിയും അവനെ ആശ്വസിപ്പിച്ചിരുന്നു. പരിപാടികൾ വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും ഞങ്ങൾ പറഞ്ഞിരുന്നു- ഉല്ലാസ് സുധിയുമായുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു
തിങ്കളാഴ്ച പുലർചെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകവെ, തൃശൂർ കയ്പമംഗലത്തുവെച്ചായിരുന്നു അപകടം.കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനയില്ല. കൂടെയുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.