അഭിനേതാക്കളുടെ സംഘടനയായ അമ്മ'യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്‍റെ രാജിപ്രഖ്യാപനം. വളരെ ആവേശകരമായ ഒരു അനുഭവമായിരുന്നുവെന്നും എന്നാൽ മറ്റ് തിരക്കുകൾക്കിടയിൽ ഏറെ ഹൃദയഭേദത്തോടെ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഉണ്ണി കുറിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രിയപ്പെട്ടവരേ, ഈ സന്ദേശം നിങ്ങളിലേക്ക് നല്ല രീതിയിൽ തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു. ഏറെ ആലോചനകൾക്കിപ്പുറം അമ്മ' ട്രഷറർ സ്ഥാനത്ത് നിന്ന് ഇറങ്ങുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാൻ സ്വീകരിച്ചിരിക്കുകയാണ്. ഈ സ്ഥാനത്ത് നിലനിന്നിരുന്ന സമയം ഞാൻ ഒരുപാട് ആസ്വദിച്ചു, ആവേശകരമായ അനുഭവമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാൽ ജോലി തിരക്കുകൾ വർധിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്‍റേയും എന്‍റെ കുടുംബത്തിന്‍റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പടിയിറങ്ങേണ്ടതിന്റെ പ്രാധാന്യം ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
ഈ റോൾ നിർവഹിക്കുന്നതിൽ ഞാൻ എല്ലായ്‌പ്പോഴും എന്‍റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർധിച്ചുവരുന്ന കമ്മിറ്റ്മെന്‍റുകൾ കണക്കിലെടുത്ത് എനിക്ക് എന്‍റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും. എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കൂടാതെ ഈ റോളിന്‍റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻന്‍റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എല്ലാവർക്കും നന്ദി,' ഉണ്ണി മുകുന്ദൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.