കോളജിൽ പോകാൻ പൈസയില്ലാത്തതുകൊണ്ട് പത്താം ക്ലാസ് കഴിഞ്ഞപാടേ ഞാനൊരു പീടികയിൽ പണിക്കുപോയി. നീലഗിരി ഹാർഡ്വേഴ്സ് എന്നാണതിന്റെ പേര്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്റെ പിറകിലായുള്ള ആ കട ഖാദർക്കയുടേതാണ്. പിന്നെ ലത്തിക്ക, ഔക്കർക്ക, ഹുസൈൻക്ക ഇവരെല്ലാമാണ് അവിടത്തെ ടീം. എന്നെ ചേർത്തുപിടിച്ചവർ...
അന്ന് ചെറിയ പ്രായാണല്ലോ. നോമ്പിനെക്കുറിച്ചൊന്നും കൂടുതലായറിയില്ല. ഞാൻ ജോലിക്കുപോയി കുറച്ചുകഴിഞ്ഞപ്പോൾ നോമ്പുകാലം വന്നെത്തി. അപ്പോൾ ആ ഭാഗത്തെ ഹോട്ടലൊക്കെ പൂട്ടും. നമ്മുടെ കടയുടെ തൊട്ടടുത്ത് പള്ളിയാണ്. വൈകീട്ട് എല്ലാദിവസവും നോമ്പുതുറയുണ്ടല്ലോ. ആദ്യത്തെ ദിവസം എനിക്ക് മനസ്സിലായില്ല എന്താണ് സംഭവമെന്ന്. അവര് ഒരുപാട് വിഭവങ്ങൾ കൊണ്ടുവന്നുതരും. ഞാൻ കഴിക്കും.
സ്നേഹത്തിൽ പൊതിഞ്ഞ വിഭവങ്ങളായിരുന്നു അതൊക്കെ. ഒരു സംഭവംതന്നെയായിരുന്നു അന്നത്തെ ഓരോ ദിവസവും. ഫ്രൂട്സായും ഭക്ഷണമായും പിന്നെ രുചിയൂറും നെയ്പ്പത്തലും ബീഫും.
ഞാനാദ്യമായി ബീഫ് കഴിക്കുന്നതുതന്നെ അവിടുന്നാണ്. പിന്നെപ്പിന്നെ വൈകുന്നേരമാകാൻ വേണ്ടിയുള്ള കാത്തിരിപ്പായി. ബാങ്ക് കൊടുത്ത് അവർ പള്ളിയിൽപോയി വരാനുള്ള കാത്തിരിപ്പ്. എന്നിട്ടുവേണമല്ലോ ഇത് കഴിക്കാൻ. അവരുടെ വീട്ടിലേക്കും ഞാൻ പോകും.
ഈ ഐറ്റംസ് കൊണ്ടുവരാൻ സൈക്കിളെടുത്ത് കൈതക്കാടേക്കാണ് യാത്ര. നമ്മുടെ ഇക്കയുടെ വീട് അവിടെയാണ്. ഒരുപാട് സാധനങ്ങൾ കൊണ്ടുവരും. അങ്ങനെ നല്ല നോമ്പുകാലത്തിന്റെ ഓർമ മനസ്സിലുണ്ട്. അവിടുന്നാണ് നോമ്പിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയത്. നോമ്പുകാലത്തിന്റെ നന്മയും മറ്റും അറിഞ്ഞത് ആ നാളുകളിലായിരുന്നു. അവരുടെ കുടുംബത്തിലെ ഒരംഗമായിരുന്നു ഞാനും.
എല്ലാ കാര്യങ്ങൾക്കും അവരെന്നെ വിളിക്കാറുണ്ട്. നല്ല സ്നേഹമായിരുന്നു എന്നോട്. അന്നത്തെ ചെറിയ കുട്ടികളൊക്കെ ഇന്ന് വലുതായി. പെരുന്നാള് ദിവസം അവരുടെ കൂടെ എവിടെയെങ്കിലും ടൂറ് പോകും. ഉച്ചക്ക് നല്ല ബിരിയാണി കഴിച്ചാണ് പുറപ്പെടുക. ബേക്കലിലോ മറ്റോ പോകും. പെരുന്നാള് ദിവസം അടിച്ചുപൊളിക്കും. ഇപ്പോഴും ആ സ്നേഹബന്ധമുണ്ട്, ഇടക്ക് വിളിക്കും, ഞാൻ പോകാറുമുണ്ട്. കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴുന്ന കാലത്ത് നോമ്പുകാലം ഒരനുഗ്രഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.