മുംബൈ: മതാടിസ്ഥാനത്തിൽ രാജ്യം കൂടുതൽ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി വിദ്യ ബാലൻ. നമ്മുടെ രാജ്യത്തിന് മുമ്പ് മതാടിസ്ഥാനത്തിലുള്ള വ്യക്തിത്വം ഇല്ലായിരുന്നുവെന്ന് പറഞ്ഞ വിദ്യ, ഇന്ന് അതിന് ഏറെ മാറ്റംവന്നിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അൺഫിൽട്ടേർഡ് വിത്ത് സാംദിഷ് എന്ന ഇന്‍റർവ്യൂ ഷോയിലാണ് മലയാളി കൂടിയായ വിദ്യ ബാലൻ ഇക്കാര്യം പറഞ്ഞത്.
'നമ്മൾ കൂടുതൽ ധ്രുവീകരിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു സ്വത്വം ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സമൂഹമാധ്യമങ്ങളിലും അങ്ങനെ കാണാനാകും. നമുക്ക് ജൈവികമായി ഇല്ലാത്ത ഒരു സ്വത്വത്തെയാണ് ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മളിലേക്ക് എന്തൊക്കെ കൂട്ടിച്ചേർക്കാമെന്നാണ് ഇപ്പോൾ നോക്കുന്നത്. എനിക്ക് യഥാർഥത്തിൽ തോന്നുന്നത് അങ്ങനെയാണ്' -വിദ്യ ബാലൻ പറഞ്ഞു.
നമുക്കെല്ലാവർക്കും സ്വന്തമായ ഒരു ബോധം ആവശ്യമാണെന്ന് വിദ്യ പറഞ്ഞു. വളരെ ഉപരിപ്ലവമായ തലത്തിലാണ് ആളുകൾ അവരുടെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി ആശയങ്ങളോടും ചിന്താധാരകളോടും അടുക്കുന്നത്. ഒരു ധാരണയുമില്ലാത്ത കാര്യങ്ങളെ കുറിച്ച് ആളുകൾ അഭിപ്രായം പറയുന്നത് എത്രയോ പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. അതെങ്ങനെ സാധ്യമാകുന്നു എന്ന് ആലോചിക്കാറുണ്ട്. ആളുകൾ സിനിമ കാണാതെ അതിനെ കുറിച്ച് അഭിപ്രായം പറയും. അത് കൈകാര്യം ചെയ്യുന്ന വിഷയം എന്താണെന്ന് പോലും അറിയാതെയാണിത് -വിദ്യ പറഞ്ഞു.
ഒരു മതപരമായ കെട്ടിടം നിർമിക്കാനും ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് താൻ ഒരിക്കലും സംഭാവന നൽകാറില്ലെന്നും വിദ്യ തുറന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലയിലെ പ്രവര്‍ത്തനത്തിനേ താന്‍ സംഭാവന നൽകൂ. താന്‍ ഭക്തിയുള്ള വ്യക്തി തന്നെയാണ്. എല്ലാ ദിവസവും പൂജ ചെയ്യാറുണ്ട്.
രാഷ്ട്രീയം ഭയമാണ്. അവർ നിരോധനവുമെല്ലാമായി വരും. ഭാഗ്യത്തിന് എനിക്ക് ഒന്നും നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, ഇപ്പോൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ താരങ്ങൾക്കു ഭയമാണ്. ആരെയൊക്കെ അതു പ്രകോപിപ്പിക്കുമെന്ന് നമുക്ക് അറിയില്ല -വിദ്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.