ചെന്നൈ: തമിഴ് സൂപ്പർ താരവും മകനുമായ വിജയ്യുടെ പേരിൽ രൂപവത്കരിച്ച 'വിജയ് മക്കൾ ഇയക്കം' രാഷ്ട്രീയപാർട്ടി പിരിച്ചുവിട്ടതായി പിതാവ് എസ്.എ. ചന്ദ്രശേഖർ ഹൈകോടതിയിൽ. ഇതോടെ വിജയ്യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പാർട്ടി പിരിച്ചുവിട്ടതായി തിങ്കളാഴ്ചയാണ് സംവിധായകൻ കൂടിയായ എസ്.എ. ചന്ദ്രശേഖർ മദ്രാസ് കോടതിയെ അറിയിച്ചത്.
മാതാപിതാക്കളായ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ, ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ 11 പേർക്കെതിരെ വിജയ് ഹരജി നൽകിയിരുന്നു. തെൻറ പേര് പ്രചാരണങ്ങൾക്കും ആളുകളെ സംഘടിപ്പിക്കാനും ഉപയോഗിക്കുന്നതിൽനിന്നും രാഷ്ട്രീയപാർടി രൂപീകരിക്കുന്നതിൽനിന്നും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടതിന് പുറമെ ഹരജിയിൽ പറയുന്ന മറ്റു പത്തുപേരും രാജിക്കത്ത് നൽകിയതായും ചന്ദ്രശേഖർ കോടതിയെ അറിയിച്ചു. അതേസമയം സംഘടന വിജയ് ഫാൻസ് അസോസിയേഷനായി തുടരും. കേസ് വീണ്ടും ഒക്ടോബർ 29ന് പരിഗണിക്കും.
2020 ജൂണിലാണ് വിജയ് മക്കൾ ഇയക്കം എസ്.എ. ചന്ദ്രശേഖർ രൂപവത്കരിക്കുന്നത്. തുടർന്ന് ഇത് രാഷ്ട്രീയപാർട്ടിയായി തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തു. എന്നാൽ തെൻറ പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതിനെതിരെ വിജയ് രംഗത്തെത്തുകയായിരുന്നു. താനുമായി ഒരു ബന്ധവും പാർട്ടിക്കില്ലെന്നും പിതാവാണ് രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതെന്നും ആരും ഇതിൽ ചേരരുതെന്നും വിജയ് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.