ഹേമ കമ്മറ്റി റിപ്പോർട്ട് എത്തിയതിന് പിന്നാലെ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പല താരങ്ങളും പങ്കുവെച്ചിരുന്നു. അതിൽ തന്നെ ഏറെ സ്വീകാര്യവും, വേറിട്ടതുമായ അഭിപ്രായം പങ്കുവെച്ച് ശ്രദ്ധ നേടിയ നടനാണ് അലക്സാണ്ടർ പ്രശാന്ത്. ഇപ്പോഴിതാ പ്രശാന്ത് അലക്സാണ്ടർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രൊഫഷണൽ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ മാധ്യമവുമായി പങ്കുവെക്കുകയാണ്.
ഹേമ കമ്മിറ്റി വിഷയത്തിൽ ഓരോ വ്യക്തികളും അഡ്രസ് ചെയ്യുന്നത് ഓരോതരം വിഷയങ്ങൾ
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് എബിസി സിനി മീഡിയ എന്ന ഓൺലൈൻ ചാനലിൽ സംസാരിക്കുന്ന സമയത്ത് ഞാൻ എന്റെ വ്യക്തിപരമായ ഒരു അനുഭവവുമായി ബന്ധപ്പെടുത്തിയാണ് ആ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. അതായത് എന്റെ അനുഭവം ഉൾക്കൊള്ളിച്ചുകൊണ്ട് സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ചും, പ്രശ്നങ്ങളോട് അവർക്ക് എന്തുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാൻ കഴിയില്ല എന്നുള്ള കാര്യത്തെക്കുറിച്ചും ഞാൻ സംസാരിച്ചു. പലരും അതേക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അതേസമയം തന്നെ, എന്റെ വാക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു വ്യക്തിയെ തോൽപ്പിക്കാൻ വേണ്ടിയാണോ എന്നും എനിക്ക് സംശയം വന്നു. പ്രശാന്ത് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു , പക്ഷേ എന്തുകൊണ്ട് മറ്റുള്ളവർ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പറഞ്ഞില്ല, എന്ത്കൊണ്ട് പല നടന്മാർക്കും വാ തുറക്കാൻ ധൈര്യമില്ലാത്ത സാഹചര്യത്തിൽ പ്രശാന്ത് ധൈര്യപൂർവ്വം മുമ്പോട്ട് വന്നു തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. സത്യത്തിൽ അങ്ങനെയൊരു താരതമ്യം ചെയ്യൽ അല്ല ഇവിടെ ആവശ്യം. കാരണം ഈ ചെയ്യുന്നത് പോലും മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞ ഓരോ വ്യക്തികളും ഓരോ തരത്തിലുള്ള പ്രശ്നങ്ങളെയാണ് അഡ്രസ് ചെയ്തിരിക്കുന്നത്. ഞാൻ എന്റെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തിയാണ് കാര്യത്തെക്കുറിച്ച് സംസാരിച്ചത് . മോഹൻലാൽ സാർ പറയുന്നത് ഇങ്ങനെയുള്ള ഒരു പരാതിയും പ്രശ്നവും ഒരു ഇൻഡസ്ട്രിയെ എങ്ങനെയാണ് തകർക്കുന്നത് എന്നതാണ്. മലയാള സിനിമയെ നയിച്ചു കൊണ്ടു പോകുന്നവർ എന്ന നിലയ്ക്ക് ആ ഇൻഡസ്ട്രിയെ കുറിച്ച് മൊത്തത്തിൽ സംസാരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അതാണ് മോഹൻലാൽ സർ അന്ന് നിറവേറ്റിയത്. മമ്മൂക്ക അഭിപ്രായം പറഞ്ഞത് അമ്മ സംഘടനയിലെ ഒരു അംഗം എന്ന നിലയ്ക്കാണ്. അതായത് ഓരോരുത്തരും ഓരോ ആംഗിളിൽ നിന്നാണ് അഭിപ്രായം പറഞ്ഞത്. എന്ന് കരുതി ഒന്ന് മികച്ചത് മറ്റൊന്നും മോശം എന്നില്ല. എല്ലാ പ്രശ്നങ്ങളെയും നമ്മൾ അഡ്രസ് ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
കാഴ്ചപ്പാടുകൾ മാറി തുടങ്ങിയ നിമിഷം
ഭയങ്കര ആണത്വമുള്ള നായകന്മാരെ കണ്ട് കൈയ്യടിച്ചു വളർന്നുവന്ന ഒരു തലമുറയാണ് എന്റേതൊക്കെ. ഈ നരസിംഹം സിനിമയുടെ ടാഗ്‌ലൈൻ തന്നെ നായക സങ്കല്പത്തിന്റെ പൂർണ്ണത എന്നായിരുന്നു. അതായത് അത്തരം കഥാപാത്രങ്ങളുടെ ആറ്റിറ്റ്യൂട്ടിലായിരുന്നു ഞങ്ങളന്ന് ജീവിച്ചിരുന്നതും. ഇനി അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലേക്ക് വരുകയാണെങ്കിൽ ആ സിനിമ അത്തരം സങ്കൽപ്പങ്ങളെയെല്ലാം മാറ്റിനിർത്തുന്ന സിനിമയായിരുന്നു. അതൊരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്. അന്ന് ആ കേസുമായി ബന്ധപ്പെട്ട് എല്ലാവരും ചോദിച്ചിരുന്ന ചോദ്യമാണ് ഇത്രയും കാലം ആ കുട്ടി എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. പക്ഷേ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഈ വിഷയത്തെക്കുറിച്ച് ഞങ്ങളെല്ലാം കുറെയധികം സംസാരിച്ചിരുന്നു. ആ ചർച്ചയിലൂടെയാണ് ആ പെൺകുട്ടി അകപ്പെട്ടത് ഒരു ട്രാപ്പിലാണെന്നും, അതിൽ നിന്ന് എളുപ്പത്തിൽ ഊരി പോരാൻ കഴിയില്ലെന്നും, ആ കുട്ടി വളരെയധികം മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടായിരിക്കും എന്നൊക്കെയുള്ള ചിന്തകളിലേക്ക് കൂടുതലായി വരുന്നത്. ആ സിനിമക്കകത്തു നമ്മളതെല്ലാം കാണിച്ചിട്ടുമുണ്ട്. അതോടൊപ്പം ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയെല്ലാം പലരീതിയിൽ അതിജീവിച്ചുകൊണ്ടായിരിക്കും അല്പം വൈകിയാണെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറാവുക. ആ പ്രതികരിക്കാനുള്ള മനക്കരുത്തിലേക്കെത്താൻ അവർക്ക് സമയമെടുക്കും. സമൂഹത്തിൽ നടക്കുന്ന ഈവിടിധ വിഷയങ്ങളിൽ ഇത്തരത്തിലുള്ള ചിന്തകളും കാഴ്ചപ്പാടുകളും അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിച്ചത് കൊണ്ട് മാത്രം ആ പ്രായത്തിലേ എനിക്ക് കിട്ടി തുടങ്ങിയിരുന്നു.
അഭിനയത്തിന്റെ വെളിപാടുകൾ കിട്ടിയ കാലം
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലഭിനയിക്കുന്ന കാലത്ത് എബ്രിഡ് ഷൈനാണ് അഭിനയത്തിന്റെ കൂടുതൽ വെളിപാടുകളെന്നിലുണ്ടാകുന്നത്. അതായത് അഭിനയത്തിന് ഇങ്ങനെയും ചില വ്യത്യസ്ത രീതികളുണ്ടെന്ന് എനിക്ക് പഠിപ്പിച്ചു തരുന്നത് എബ്രിഡാണ്. അതൊരിക്കലും ഒരു വിളിച്ചിരുത്തി പഠിപ്പിക്കൽ പരിപാടി അല്ലായിരുന്നു. മറിച്ച്, ക്യാമറയ്ക്ക് മുൻപിൽ എന്നെകൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കും. പക്ഷേ അന്നാ ചെയ്തതിന്റെയെല്ലാം ഭംഗി എനിക്ക് കൃത്യമായി മനസ്സിലായത് ഡബ്ബിങ് സമയത്താണെന്ന് മാത്രം. അവിടെവെച്ചാണ് ഞാൻ അഭിനയിച്ച ഭാഗങ്ങളൊക്കെ ഞാൻ നേരിൽ കാണുന്നത് തന്നെ. അതെന്നെ കൂടുതൽ സ്വാധീനിച്ചു. അതിൽ പിന്നെ വളരെ സ്വാഭാവികമായി അഭിനയിക്കുന്ന അഭിനേതാക്കളുടെ അഭിനയങ്ങൾ ഞാൻ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാനായി അവർ ഉപയോഗിക്കുന്ന ടെക്നികുകളെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. പഠനം തന്നെയായിരുന്നു പ്രധാനം. പിന്നെ അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് അഭിനയിക്കാൻ അവസരങ്ങൾ തുടർച്ചയായി കിട്ടുക എന്നതും . കാരണം പഠിച്ചതെല്ലാം അപ്ലൈ ചെയ്യാനും അവസരം വേണമല്ലോ.
കരിയർ ബ്രേക്ക് തന്ന പുരുഷ പ്രേതം
പുരുഷപ്രേതം തീയേറ്ററിൽ വന്നില്ല എന്നതിൽ തീർച്ചയായും നഷ്ടബോധം തോന്നുന്നുണ്ട്. നമ്മൾ സെൻട്രൽ ക്യാരക്ടറായി വരുന്ന ഒരു സിനിമ തിയേറ്ററിൽ ഇറങ്ങി വിജയം നേടുക എന്നതൊക്കെ വലിയ ആഗ്രഹമുള്ള ഒരു കാര്യമാണ്. ഒരുപക്ഷേ തീയറ്ററിൽ ഇറങ്ങിയ ആളുകൾ കാണുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഓ ടി ടി വഴി ഈ സിനിമ കണ്ടിട്ടുണ്ടാവാം. അതല്ലെങ്കിൽ ഓ ടി ടി വഴി കണ്ട ആളുകളെക്കാൾ കൂടുതൽ ആളുകൾ തിയറ്ററിൽ വന്ന് ഈ സിനിമ കണ്ടേക്കാമായിരുന്നിരിക്കാം. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. സംഭവിക്കേണ്ടതെല്ലാം മുൻപേ തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പിന്നെ ഓ ടി ടി വഴി ആണെങ്കിലും സിനിമ 100% ലാഭകരം തന്നെയായിരുന്നു. പുരുഷപ്രേതം സിനിമയുടെ പ്രൊഡക്ഷനിലേക്ക് ഇറങ്ങിയതൊന്നും കയ്യിൽ ധാരാളം പണം ഉള്ളതുകൊണ്ടല്ല. മറിച്ച് ഒരു നല്ല സിനിമയുടെ ഭാഗമാവുക എന്നുള്ള താല്പര്യം കൊണ്ടാണ്.
മനോഭാവമാണ് മുൻപോട്ട് നയിച്ചത്
2002-2008 കാലയളവ് വരെ ഞാൻ സിനിമയിൽ അഭിനയിക്കുന്നെങ്കിൽ കൂടിയും, ടെലിവിഷൻ അവതാരകൻ കൂടിയായിരുന്നല്ലോ . അക്കാലത്ത് സിനിമ എനിക്കൊരു ആഗ്രഹം മാത്രമായിരുന്നു. പക്ഷേ അതിനുവേണ്ടി അവസരം ചോദിച്ചു നടക്കലൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ സിനിമകളിൽ വലിയ വേഷങ്ങൾ ചെയ്യണം, സിനിമാ നടനായി രജിസ്റ്റർ ചെയ്യപ്പെടണം, നടനെന്ന നിലയിൽ അംഗീകാരങ്ങൾ നേടണം തുടങ്ങിയ വലിയ വലിയ ആഗ്രഹങ്ങളൊക്കെ അപ്പോഴും മനസ്സിലുണ്ടായിരുന്നു. അക്കാലത്തെന്റെ ബർത്ത് ഡേ വരുമ്പോഴൊക്കെ ഞാൻ നന്നായി പ്രാർത്ഥിക്കുമായി അടുത്ത ബർത്ത് ഡേ വരുമ്പോഴേക്കും വലിയ നടനായി തീരണമെ ദൈവമേ എന്നൊക്കെ. അങ്ങനെ തീവ്രമായി പ്രാർത്ഥിക്കുന്നുവെങ്കിലും അടുത്ത ബർത്ത് ഡേ വരുമ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരിക്കില്ല എന്നത് വേറെ കാര്യം. അത് വലിയ രീതിയിലുള്ള വിഷമവും നിരാശയുമൊക്കെ എന്നിൽ ഉണ്ടാക്കിയിരുന്നു . പിന്നീട് കുറെ കാലങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് വെറും പ്രാർത്ഥന കൊണ്ട് മാത്രം കാര്യമില്ലെന്ന്. അതായത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമ വരേക്കും എങ്ങനെയാണ് സിനിമയിൽ അവസരങ്ങൾ കിട്ടേണ്ടതെന്നറിയാത്ത ഒരു നടനായിരുന്നു ഞാൻ. അതിനുശേഷമാണ് ,അവസരങ്ങൾ ചോദിച്ചു വാങ്ങേണ്ട ഒന്നാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ ഒരുപാട് അവസരങ്ങൾ ചോദിച്ചു നടന്നതിനു ശേഷമാണ് ചെറുതാണെങ്കിൽ പോലും കൂടുതൽ കൂടുതൽ നല്ല വേഷങ്ങൾ എനിക്ക് കിട്ടാൻ തുടങ്ങിയത്. ഇത്രയും വർഷത്തെ സിനിമ ശ്രമങ്ങൾക്കിടയിൽ ഒരുപാട് തവണ ക്ഷമ നശിക്കുകയും നിരാശ ബാധിക്കുകയുമെല്ലാമുണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമ ലഭിക്കാത്തതെന്നറിയാതെ ദിവസങ്ങളോളം വീട്ടിലിരുന്നിട്ടുമുണ്ട്. പക്ഷെ സിനിമ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. തിരിച്ചു ടെലിവിഷനിലേക്ക് പോകാനും പറ്റില്ലായിരുന്നു. ഞാനാഗ്രഹിച്ചത് സിനിമയാണ്. ഞാനാഗ്രഹിച്ചത് നല്ല നടനാവണം എന്നാണ്. പക്ഷേ ആ നിരാശയെ എല്ലാം ഓവർകം ചെയ്തു പോസിറ്റീവായി ചിന്തിച്ചു തുടങ്ങുകയും കൂടുതൽ അവസരങ്ങൾ കണ്ടെത്തുകയും ചെയ്തു തുടങ്ങിയതോടെയാണ് എനിക്ക് കൂടുതൽ നല്ല അവസരങ്ങൾ കിട്ടിത്തുടങ്ങിയത്. അതായത് നമ്മുടെ ആറ്റിറ്റ്യൂഡാണ് നമ്മളെ മുൻപോട്ട് നയിക്കുന്നത്.
ബാക്ക്ബെഞ്ചിൽ നിന്നും മുൻബെഞ്ചിലേക്കെത്താനുള്ള ശ്രമം
ബാക്ക്ബെഞ്ചിൽ നിന്നും കയറി കയറി ഏറ്റവും മുൻബെഞ്ചിലെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ പോലാണ് ഞാനിപ്പോൾ. അതായത് ബാക്ക്ബെഞ്ചിലിരിക്കുന്ന സമയത്ത് അധികമാരും എന്റെ അഭിനയമോ ഞാനെന്തൊക്കെയാണ് ചെയുന്നതെന്നോ ഒന്നും തന്നെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വളരെ അടുത്ത സുഹൃത്തുക്കളോ, നമ്മളോട് താല്പര്യമുള്ളവരൊക്കെയോ മാത്രമേ അതെല്ലാം ശ്രദ്ധിച്ചിട്ടുള്ളൂ. പക്ഷേ നമ്മുടെ നിരന്തരമായ കഠിനാധ്വാനം കൊണ്ടും, ഭാഗ്യം കൊണ്ടും, സിനിമ ബന്ധങ്ങൾ കൊണ്ടുമാണ് നമ്മളോരോ ബെഞ്ചും മുൻപോട്ട് മുൻപോട്ടായി കയറിവന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും പറയുന്നു, അഭിനയിച്ചു അഭിനയിച്ചു നീ നല്ലൊരു നടനായി മാറി കൊണ്ടിരിക്കുന്നുണ്ടെന്ന്. സത്യത്തിൽ സംഭവിക്കുന്നതെന്താണെന്ന് വെച്ചാൽ, കഥാപാത്രത്തിന്റെ പ്രാധാന്യം കൂടുന്നതനുസരിച്ച് എഴുത്തുകാരന്റെയും സംവിധായകന്റെയുമെല്ലാം ശ്രദ്ധ നമുക്ക് കൂടുതൽ കിട്ടും. അതുവഴി ഒരു നടനെന്ന നിലക്ക് അവരിൽ നിന്നെല്ലാമായി കൂടുതൽ അനുഭവസമ്പത്തും നമുക്ക് ലഭിക്കും. അത്തരത്തിലുള്ള അവരുടെ അനുഭവസമ്പത്തുകൾ കൂടി കൈമുതലായി കിട്ടുമ്പോഴാണ് ഒരു അഭിനേതാവ് എന്ന നിലക്ക് നമ്മളുടെ പ്രകടനങ്ങൾ കൂടുതൽ മെച്ചപ്പെടുക. അതുവഴി നമ്മളെന്ന വ്യക്തിയിലേക്ക് കൂടി ആളുകളുടെ ശ്രദ്ധ ഫോക്കസ് ചെയ്യപ്പെടുകയുന്ന സാഹചര്യം കൂടി സംഭവിക്കും. അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അന്നും ഇന്നും ഞാൻ ഒരേ എഫെർട്ട് തന്നെയാണ് കൊടുക്കുന്നത്.
തുടക്കം ക്രേസി റെക്കോർഡ്സിലൂടെ
ഞാൻ പഠിച്ചത് മീഡിയ കമ്മ്യൂണിക്കേഷനാണ്. ഞാൻ പഠിക്കുന്ന കാലത്താണ് ഏഷ്യാനെറ്റ് ചാനലിലെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് കോളേജിൽ നിന്നും രണ്ട് ചാനൽ അവതാരകരെ തെരഞ്ഞെടുക്കാനായാണ് ഏഷ്യാനെറ്റ് ടീം അംഗങ്ങൾ ഞങ്ങളുടെ കോളേജിലേക്ക് വരുന്നത്. ഞങ്ങൾ മീഡിയ ഡിപ്പാർട്ട്മെന്റായതു കാരണം ഈ കാര്യം അവർ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ്നെ മുൻകൂട്ടി അറിയിച്ചിരുന്നു. അന്ന് അവർക്ക് വേണ്ടി കോളേജിലെ കുട്ടികളെ സ്ക്രീൻ ടെസ്റ്റ് നടത്തിയത് ഞാൻ തന്നെയാണ്.പക്ഷേ അവരെക്കാളെല്ലാം കൂടുതലായി ഒരു മീഡിയയിലെത്തുക എന്നുള്ള ആവശ്യം എനിക്കാണെന്നുള്ള തോന്നൽ അന്നെനിക്കുള്ളത് കാരണം എനിക്കുള്ള അവസരം അതുവഴി ഞാൻ തന്നെ കണ്ടെത്തി. അങ്ങനെയാണ് ക്രേസി റെക്കോർഡ്സ് എന്ന പ്രോഗ്രാമിലൂടെ ഞാനാദ്യമായി അവതാരകനായി എത്തുന്നത്. പിന്നീട് വൽക്കണ്ണാടി പോലുള്ള പരിപാടികളിൽ അവതാരകൻ എന്ന നിലയിൽ കൂടുതൽ സജീവമായി
ജനകീയമാക്കിയ വാൽക്കണ്ണാടി
ഏഷ്യാനെറ്റ് വാൽക്കണ്ണാടി പരിപാടിയിലൂടെയാണ് ഞങ്ങൾ കുറെ പേർ വലിയ രീതിയിൽ ജനകീയമാകുന്നത്. വാൽക്കണ്ണാടി പ്രോഗ്രാമിൽ വന്നു ഒരു നാലുമാസം കഴിഞ്ഞപ്പോൾ തന്നെ ജ്യോതിർമയി മീശമാധവൻ എന്ന സിനിമയിലഭിനയിച്ചു. അത് പുറത്തുവന്നു ഹിറ്റായതോടെ അവൾ തിരക്കിലായി. എന്നാലും ജ്യോതിയുമായുള്ള സൗഹൃദം കുറേക്കാലം നിലനിന്നിരുന്നു. പിന്നെ അവർ തിരക്കായതോടെ പതിയെ പതിയെ ആ കോൺടാക്ട് നിന്ന് പോവുകയായിരുന്നു. വിവാഹശേഷം അവരുമായി യാതൊരു കോൺടാക്ടുമില്ല. ബാക്കിയുള്ള നീന കുറുപ്പ്, ജോയ്, സെന്തിൽ തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഞങ്ങൾക്കെല്ലാവർക്കും ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൽ ആക്ടീവാണെല്ലാവരും. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഇപ്പോൾ കണ്ടിട്ട് കുറച്ചു കാലമായി. പക്ഷേ എപ്പോൾ കണ്ടാലും നിർത്തിയെടുത്ത് നിന്നും ആ സൗഹൃദം വീണ്ടും തുടങ്ങാൻ സാധിക്കും.
ആദ്യ സിനിമയിലെ ആദ്യ ഷോട്ട്
കമൽ സർ സംവിധാനം ചെയ്ത നമ്മൾ സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. നമ്മൾ സിനിമയിലെ ആദ്യ ഷോട്ട് ചെയ്യുന്ന സമയത്ത് ക്യാമറ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് പോലും ഞാൻ നോക്കിയിട്ടില്ലായിരുന്നു. എടുക്കാൻ പോകുന്ന ഷോട്ട്നു തൊട്ടു മുൻപുള്ള ഷോട്ട് എന്താണ് , അത് കഴിഞ്ഞുള്ള ഷോട്ട് എന്താണ് എന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല . ഞങ്ങൾ സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ രേണുകമേനോൻ താഴെ നിന്ന് സ്റ്റെപ്പ് കയറി വന്ന് ഞങ്ങളെ കവർ ചെയ്തു നടന്നു പോകുന്നതായിരുന്നു എന്റെ ആദ്യത്തെ ഷോട്ട്. അന്ന് സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്തു. പറഞ്ഞുതന്ന ഡയലോഗ് പഠിച്ചു മാക്സിമം ഓളത്തിലങ്ങ് ചെയ്യുകയായിരുന്നു.
ആദ്യ സിനിമയിലെ ആദ്യ ഷോട്ട്
കമൽ സർ സംവിധാനം ചെയ്ത നമ്മൾ സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. നമ്മൾ സിനിമയിലെ ആദ്യ ഷോട്ട് ചെയ്യുന്ന സമയത്ത് ക്യാമറ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് പോലും ഞാൻ നോക്കിയിട്ടില്ലായിരുന്നു. എടുക്കാൻ പോകുന്ന ഷോട്ട്നു തൊട്ടു മുൻപുള്ള ഷോട്ട് എന്താണ് , അത് കഴിഞ്ഞുള്ള ഷോട്ട് എന്താണ് എന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല . ഞങ്ങൾ സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ രേണുകമേനോൻ താഴെ നിന്ന് സ്റ്റെപ്പ് കയറി വന്ന് ഞങ്ങളെ കവർ ചെയ്തു നടന്നു പോകുന്നതായിരുന്നു എന്റെ ആദ്യത്തെ ഷോട്ട്. അന്ന് സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്തു. പറഞ്ഞുതന്ന ഡയലോഗ് പഠിച്ചു മാക്സിമം ഓളത്തിലങ്ങ് ചെയ്യുകയായിരുന്നു.
വിവാഹരാത്രിയിൽ ലൊക്കേഷനിലേക്ക്
വാൽകണ്ണാടി പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ഷാജി വർഗീസിന്റെ ഫാദറിന്റെ ബ്രദറിന്റെ മകനാണ് ഡയറക്ടർ ലാൽ ജോസ് സാർ. ഞാനാണെങ്കിൽ ഷാജി വർഗീസിന്റെ ഫ്ലാറ്റിലായിരുന്നു അന്ന് താമസിച്ചിരുന്നത്. അവിടെ ഇടക്കൊക്കെ ലാലുവേട്ടൻ നിൽക്കാൻ വരുമായിരുന്നു. ഞാനാണെങ്കിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു ഒരു ഹായ് ഒക്കെ പറഞ്ഞു എന്റെ റൂമിലേക്കങ്ങു കയറി പോകും. അന്ന് അദ്ദേഹവും തെറ്റിദ്ധരിച്ചു ഞാനൊരു അഹങ്കാരിയാണെന്ന്. പിന്നീട് ലാലുവേട്ടൻ രസികൻ സിനിമ ചെയ്തു കഴിഞ്ഞ് അതിന്റെ പ്രമോഷൻ വർക്കുമായി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ കൂടെ സ്പെൻഡ് ചെയ്യാൻ എനിക്ക് സമയം കിട്ടിയത്. അപ്പോഴുണ്ടായ ഒരു സ്നേഹബന്ധത്തിന്റെ പുറത്താണ് അടുത്ത വർക്കിലേക്കുള്ള അവസരത്തെക്കുറിച്ച് ലാലുവേട്ടൻ പറയുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ടോമിച്ചൻ എന്ന കഥാപാത്രമായിരുന്നു അതിനകത്ത് ഞാൻ ചെയ്തത്. പക്ഷെ സലിം കുമാറാണ് നായകൻ എന്നറിഞ്ഞപ്പോൾ എനിക്ക് നിരാശ വന്നു. കാരണം സലിംകുമാർ എന്ന നടനെ നമ്മൾ മറ്റൊരു സിനിമയിലും ലീഡ് ക്യാരക്ടറായി കണ്ടിട്ടില്ല. അതുപോലെ ലാൽ ജോസ് സിനിമ എന്ന് പറയുമ്പോൾ ദിലീപ് മമ്മൂട്ടി പോലുള്ള നടന്മാരെയൊക്കെയാണ് നമുക്ക് ഓർമ്മ വരിക. അതുകൊണ്ടുതന്നെ സലിംകുമാർ എന്ന പേരുകേട്ടപ്പോൾ എനിക്ക് നിരാശ മാത്രമാണ് തോന്നിയത്. സത്യത്തിൽ അതൊക്കെ അന്നത്തെ എന്റെ അപക്വമായ ചിന്തയായിരുന്നു. പിന്നീട് ലൊക്കേഷനിൽ ചെന്ന് സലീമേട്ടനെ നേരിട്ട് കണ്ടപ്പോഴാണ് ആ സിനിമയ്ക്കകത്ത് ആളുടെ ഗെറ്റപ്പ് തന്നെ വേറെയാണെന്നെനിക്ക് മനസ്സിലായത്. പിന്നീടാണ് ആ സിനിമയുടെ ഗൗരവവും കഥാപാത്രങ്ങളുടെ ഗൗരവവും എനിക്ക് മനസ്സിലായത്. ആ ഷൂട്ടിങ്ങിന് ഇടയിലാണ് എന്റെ കല്യാണം നടക്കുന്നതും. എനിക്കാണെങ്കിൽ കല്യാണത്തേക്കാൾ പ്രധാന്യം ആ സിനിമ ചെയ്യുക എന്നതാണ്. പക്ഷേ എന്റെ സിറ്റുവേഷൻ മനസ്സിലാക്കിയത് കൊണ്ട് കല്യാണത്തിന്റെ ഡേറ്റും എൻഗേജ്മെന്റിന്റെ ഡേറ്റും അവർ ഷൂട്ടിങ്ങിൽ നിന്നും ഒഴിവാക്കി തന്നു. അങ്ങനെ അച്ഛനുറങ്ങാത്ത വീട് സിനിമയുടെ ലൊക്കേഷനിൽ ഉച്ചവരെ അഭിനയിച്ചാണ് ഞാൻ കല്യാണത്തലേന്ന് തിരക്കുപിടിച്ചു വീട്ടിൽ എത്തുന്നത്. കല്യാണം കഴിഞ്ഞു അന്ന് രാത്രി തന്നെ ഭാര്യയെയും കൂട്ടി ഞാൻ അച്ഛനുറങ്ങാത്ത വീട് ലൊക്കേഷനിലേക്ക് തിരിച്ചു പോയി. ഞങ്ങളുടെ കുടുംബജീവിതം ആരംഭിക്കുന്നത് പോലും ആ ലൊക്കേഷനിൽ വെച്ചായിരുന്നു. ആ സിനിമ റിലീസ് ചെയ്യുന്നത് ഒരു ഞായറാഴ്ച ആയിരുന്നു. പ്രതീക്ഷിച്ച ദിവസം റിലീസ് ചെയ്യാത്തതിന്റെ നിരാശയൊക്കെ എനിക്കുണ്ടായിരുന്നു. പിന്നീട് ഒരുപാട് അംഗീകാരങ്ങൾ ആ സിനിമയ്ക്ക് ലഭിച്ചു. അങ്ങനെ ഒരു സിനിമയിൽ അഭിനയിച്ചു എന്ന് പറയുന്നത് എല്ലാകാലത്തും എനിക്ക് അഭിമാനമായ ഒരു അവസ്ഥയിലേക്ക് കാലം മാറുകയും ചെയ്തു.
പ്രായം എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്
എങ്ങനെയാണ് അവസരങ്ങൾ ചോദിക്കേണ്ടതെന്നറിയാതെ ഉൾവലിഞ്ഞ ഒരാളാണ് ഞാൻ. എന്റെ കൂടെ കരിയർ തുടങ്ങിയവരെല്ലാം അക്കാലത്ത് തന്നെ ഉയർന്ന താരനിരയിൽപെട്ടവരായി വളരെ എളുപ്പത്തിൽ മാറിക്കഴിഞ്ഞിരുന്നു. പക്ഷേ അന്നങ്ങനെ പെട്ടെന്ന് അവസരങ്ങൾ കിട്ടി വലിയ രീതിയിൽ വളർന്നു വന്ന ആളുകളൊന്നും ഇന്ന് സിനിമയിൽ സജീവമല്ല. പലരും അഭിനയം നിർത്തി മറ്റു ജോലികൾ ചെയ്യുന്നു. ചിലരൊന്നും പിന്നെ രക്ഷപ്പെട്ടില്ല. അതൊക്കെ വെച്ച് നോക്കുമ്പോൾ എനിക്ക് ദൈവാനുഗ്രഹമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ 24 വർഷം മുൻപ് തന്നെ എനിക്ക് നല്ല അവസരങ്ങൾ കിട്ടുകയും കൂടുതലായി എക്സ്പ്ലോർ ചെയ്യാനുള്ള സാഹചര്യവും വന്നിരുന്നെങ്കിൽ, ചിലപ്പോൾ ഇതിനു മുൻപേ തന്നെ ഞാൻ സിനിമയിൽ നിന്ന് ഔട്ടായി പോയേനെ. കാരണം, എന്നെ സംബന്ധിച്ചിടത്തോളം പക്വതയില്ലാത്ത പ്രായത്തിൽ ലഭിക്കുന്ന ഒരു സക്സസിനെ ഹാൻഡിൽ ചെയ്യാൻ പറ്റാതെ പെട്ടന്ന് തന്നെ സിനിമയിൽ നിന്ന് പിന്തള്ളപ്പെട്ട് പോകാനുള്ള സാധ്യത കൂടുതലായിട്ടാണ് ഞാൻ കാണുന്നത്. ഇന്ന് സക്സസ് വന്ന് കഴിഞ്ഞാൽ അതിൽ മതിമറക്കാതെ അതിനെയെല്ലാം കരിയറിലെ ഓരോ ശ്രമങ്ങളായി കാണാൻ എനിക്കറിയാം. പ്രായം അതാണെന്നെ കൊണ്ട് പറയിപ്പിക്കുന്നത്.
സംവിധായകനാവുകയെന്നത് വലിയ ഉത്തരവാദിത്വം
ചില സിനിമകളിൽ സംഭാഷണം എഴുതുകയും ക്രിയേറ്റിവ് ഡയറക്ടറായി വർക്ക് ചെയ്യുകയുമൊക്കെയുണ്ടായിട്ടുണ്ട്. പക്ഷേ ഒരു നടൻ എന്ന നിലയ്ക്ക് കൂടുതൽ അഭിനന്ദനങ്ങൾ കിട്ടുന്ന ഈ ഒരു സാഹചര്യത്തിൽ ഇനിയും നല്ല കഥാപാത്രങ്ങൾ വ്യത്യസ്തമായി ചെയ്യുക എന്നതാണ് പ്രധാന ചിന്ത. അഭിനയത്തിൽ കുറേക്കൂടി മെച്ചപ്പെടുക എന്നുള്ള ആഗ്രഹമാണ് ഇപ്പോൾ ഉള്ളത്. സംവിധായകനാവുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. ഒരു സിനിമ ചെയ്യാൻ ഇറങ്ങി തിരിച്ചിട്ട് ആ സിനിമ മോശമായി പോയാൽ കുഴപ്പമില്ല എന്ന് ചിന്തിക്കാൻ പ്രാപ്തി വരുന്ന ഒരു കാലത്ത്, അല്ലെങ്കിൽ ഇതൊരു പാഠമായി ഉൾക്കൊള്ളാം എന്നൊക്കെ സിമ്പിൾ ആയി ചിന്തിക്കാൻ കഴിയുന്ന മാനസികാവസ്ഥ വരുന്ന കാലത്ത് മാത്രമേ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിത്തിരിക്കൂ.
വരും പ്രോജക്ടുകൾ
ഒരു ഹിന്ദി വെബ്സീരിസ് ചെയ്തിരുന്നു. രാജ്‌കുമാർ ഗുപ്ത സംവിധാനം ചെയ്ത ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിൽ ദക്ഷിണേന്ത്യൻ ഇന്റലിജൻസ് ഓഫീസർ പിള്ള എന്ന കഥാപാത്രം ചെയ്തിരുന്നു. അതിനുശേഷം ഹിന്ദിയിൽ ചെയ്യുന്ന വർക്കാണ് ഈ വെബ് സീരീസ്. അത് റിലീസ് ചെയ്തിട്ടില്ല. പിന്നെ ജഗദീഷ് ചേട്ടന്റെയും ഇന്ദ്രൻസ് ചേട്ടന്റെയും കൂടെയൊരു സിനിമ ചെയ്തു. പാണ്ഡവലഹള എന്നാണതിന്റെ പേര്. ഡിജിറ്റൽ വില്ലേജ് എന്ന സിനിമ സംവിധാനം ചെയ്ത ഫഹദ് നന്ദു, ഉത്സവ് രാജീവ് എന്നിവരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എം എ നിഷാദ് സംവിധാനം ചെയ്തിരിക്കുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മരണമാസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയുടെ റിലീസ് ഈ അടുത്തു വരും. അതിലും ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.