ഞാൻ ഗുജറാത്തിയല്ല മലയാളിയാണ് - അഭിമുഖം

ഇഷ്ടി എന്ന് സംസ്കൃത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ആതിര പട്ടേൽ തന്റെ ഏറ്റവും പുതിയ ചിത്രമായ കനകരാജ്യത്തിന്റെയും തന്റെ മറ്റു സിനിമ വിശേഷങ്ങളും മാധ്യമവുമായി പങ്കുവെക്കുന്നു.

• ഇന്ദ്രൻസിന്റെ മകളായി അഭിനയിച്ച നിമിഷം

ഇന്ദ്രൻസ്, മുരളി ഗോപി, ജോളി ചിറയത്ത്, ലിയോണ ലിഷോയ് തുടങ്ങിയവരെല്ലാം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കനകരാജ്യം എന്ന സിനിമയിലാണ് ഞാനവസാനമായി അഭിനയിച്ചത്. അതിൽ ഇന്ദ്രൻസ് ചേട്ടന്റെ മകളായിട്ടാണ് അഭിനയിച്ചത്. അദ്ദേഹത്തെ പോലൊരു നടന്റെ കൂടെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റുക എന്നതുതന്നെ വലിയൊരു ഭാഗ്യമാണ്. മാത്രമല്ല അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസങ്ങൾ കൂടി ഷെയർ ചെയ്യാൻ പറ്റിയെന്നതും വലിയ കാര്യമായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് കൂടെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. ആദ്ദേഹമാണെങ്കിൽ ലൊക്കേഷനിലൊക്കെ വളരെ സിമ്പിളായാണ് എല്ലാവരോടും ഇടപഴകുന്നത്. എത്ര വലിയ ഉയരത്തിലെത്തിയാലും അത്രയേറെ സിമ്പിളായി എല്ലാവരോടും പെരുമാറുന്ന അദ്ദേഹത്തെ കണ്ടുപഠിക്കേണ്ടവരാണ് നമ്മളൊക്കെ. അതാണ് അദ്ദേഹത്തിൽ നിന്നും ഏറ്റവും വലിയ പാഠമായിട്ട് ഞാൻ ഉൾക്കൊണ്ടത്. മാത്രമല്ല ഏറ്റവും വലിയൊരു ഭാഗ്യമായിട്ട് കാണുന്നത് അദ്ദേഹം എന്റെ അഭിനയത്തെ പ്രശംസിച്ച നിമിഷം തന്നെയാണ്. അഭിനയത്തിനിടയിൽ അദ്ദേഹമെന്നോട് പറഞ്ഞു ഞാൻ നന്നായിട്ട് ചെയ്യുന്നുണ്ടെന്ന്. അതൊരിക്കലും മറക്കാൻ പറ്റില്ല.

• ജോളി ചിറയത്തിനൊപ്പം ഒരിക്കൽ കൂടി

അങ്കമാലി ഡയറിസിൽ വിൻസന്റ് പെപ്പേയുടെ സഹോദരിയുടെ വേഷത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലാണ് ഞാനും ജോളിയാന്റിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനുശേഷം കനക രാജ്യത്തിലാണ് വീണ്ടും ഒന്നിക്കുന്നത്. പക്ഷേ എന്റെ അമ്മയുമായി ജോളിയാന്റിക്ക് അടുത്ത ബന്ധമുണ്ട്. അവർ നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദം തുടങ്ങുന്നത് അങ്കമാലി ഡയറീസ് തൊട്ടാണ്. പിന്നീട് എന്റെ അമ്മ കൊച്ചുറാണി എന്നൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സമയത്ത് അതിലെ അമ്മായിയമ്മ കഥാപാത്രം ചെയ്തത് ജോളിയാന്റിയാണ്. അത്തരത്തിലുള്ള ബന്ധങ്ങളെല്ലാം കാത്തുസൂക്ഷിച്ചു പോകുന്നതുകൊണ്ട് തന്നെ ജോളിയാന്റിയുടെ കൂടെ അഭിനയിക്കാൻ നല്ല രീതിയിൽ കംഫർട്ടാണെനിക്ക്.

ആതിര പട്ടേൽ

• ആദ്യ സിനിമ സംസ്കൃതത്തിൽ

ഇഷ്ടി എന്റെ ആദ്യ സിനിമയാണ്. അതൊരു സംസ്കൃത ചിത്രമായിരുന്നു. കെ ആർ നാരായണ ഇൻസ്റ്റിറ്റ്യൂട്ട്ലെ ഇപ്പോഴത്തെ ഡയറക്ടർ ജിജോയ് രാജഗോപാൽ ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്. വളരെ കുഞ്ഞായിരിക്കുന്ന കാലത്ത് എനിക്കഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിഞ്ഞ അമ്മ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു ചെറിയ കുട്ടികൾക്കുള്ള അവസരങ്ങളുണ്ടെങ്കിൽ പറയണമെന്നൊക്കെ. അന്നൊന്നും അത് നടന്നില്ല.പിൽക്കാലത്ത് ഇഷ്ട്ടി സിനിമയുടെ സംവിധായകൻ ജി പ്രഭ സാർ ആ സിനിമയുടെ ഡിസ്കഷന് വേണ്ടി ജിജോയ് ചേട്ടന്റെയടുത്ത് പോവുകയും ജിജോയ് ചേട്ടൻ ചെയ്യാൻ പോകുന്ന അച്ഛൻ കഥാപാത്രത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. അപ്പോഴാണ് ആ സിനിമയിൽ ഒരു പെൺകുട്ടിയുടെ ആവശ്യമുണ്ടെന്ന കാര്യം ജിജോയ് ചേട്ടൻ അറിയുന്നത്. എനിക്കാണെങ്കിൽ ആ കഥാപാത്രത്തിന്റെ അതേ പ്രായം തന്നെയായിരുന്നു റിയൽ ലൈഫിലും. അങ്ങനെ ജിജോയ് ചേട്ടന്റെ നിർദ്ദേശപ്രകാരമാണ് ഞാനാ ഓഡിഷനിൽ പങ്കെടുക്കുന്നത്. അങ്ങനെയാണ് ആ വർക്കിൽ എത്തിയത്. വാസ്തവത്തിൽ ജോബി വർഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച വൂജാ ദേ, എന്ന ഒരു ഹ്രസ്വചിത്രത്തിലാണ് ഞാനാദ്യമായി അഭിനയിച്ചത് . അതിലും ജിജോയ് ചേട്ടന്റെ കൂടെ തന്നെയാണ് അഭിനയിച്ചത്.

• ഗുജറാത്തിയല്ല, മലയാളിയാണ് ഞാൻ

പേരിന്റെ കൂടെയുള്ള പട്ടേൽ കേൾക്കുമ്പോൾ പലർക്കും സംശയം തോന്നാറുണ്ട് ഞാൻ ഗുജറാത്തിയാണോ എന്നൊക്കെ. പക്ഷെ ഞാൻ മലയാളി തന്നെയാണ്. പേരിലെ പട്ടേൽ ലഭിക്കാൻ കാരണം എന്റെ അച്ഛന്റെ അച്ഛൻ കർണ്ണാടകയിലെ പാട്ടേലാർ എന്ന ഗ്രാമത്തിലെ ഒരു ഗ്രാമത്തലവനായത് കൊണ്ടാണ്. എന്റെ അച്ഛന്റെ പേരിൽ പട്ടേൽ ഇല്ല. ഞങ്ങൾ മക്കൾക്ക് മാത്രമാണ് പട്ടേൽ കൊടുത്തിട്ടുള്ളത്. കർണാടകയിലെ എല്ലാ സ്ഥലത്തും ഇതുപോലെയാണോ എന്നെനിക്കറിയില്ല.


• പ്രഭുദേവയെ കണ്ട് സ്റ്റക്കായി

തമിഴിൽ പ്രഭുദേവയ്ക്കൊപ്പം അഭിനയിച്ച സിനിമയാണ് ‘പൊൻമാണിക്കവേൽ. ആദ്യമേ അറിയാമായിരുന്നു അദ്ദേഹത്തിന്റെ സിനിമയാണ് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കേണ്ടി വരും എന്നൊക്കെ. പക്ഷേ ഞാൻ ലൊക്കേഷനിൽ വച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വെറുതെ ഒന്ന് തിരിഞ്ഞപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ തൊട്ടു പുറകിൽ ഉണ്ടായിരുന്നു. സത്യമായും ഞാൻ ആ സമയത്ത് സ്റ്റക്കായി പോയി. ആദ്യമായി കാണുന്നതിന്റെ ഷോക്ക് നല്ലതുപോലെ അനുഭവിച്ചിരുന്നു.അതിനുമുൻപും ഞാൻ ഒരുപാട് നല്ല ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ആദ്യമായിട്ടായിരുന്നു.

• അമ്മ സംവിധാനം ചെയ്തു മകൾ അഭിനയിച്ചു

അമ്മ ഹേന ചന്ദ്രൻ സംവിധായകയും എഴുത്തുക്കാരിയും നടിയും എല്ലാമാണ്. അമ്മയുടെ മുത്തച്ഛന്റെ അച്ഛൻ ഒരു നാടക നടനായിരുന്നു. എം എസ് നമ്പൂതിരി എന്നാണ് പേര്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പോലെയുള്ള വളരെയധികം പൊളിറ്റിക്കൽ ആയ നാടകങ്ങളിൽ എല്ലാം അദ്ദേഹം പങ്കുചേർന്നിട്ടുണ്ട്. അതോടൊപ്പം ഏകദേശം 10 12 സിനിമകളും ചെയ്തിട്ടുണ്ട്. ഗുരുവായൂർ കേശവൻ, നിർമ്മാല്യം പോലുള്ള ഫെയ്സ്മസ് സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. നിർമാല്യത്തിൽ പിജി ആന്റണിയുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം പിന്നീട് ഞങ്ങളുടെ കുടുംബത്തിൽ അഭിനയം കാര്യമായിട്ട് എടുത്തിട്ടുള്ളത് ഞാൻ തന്നെയാണ്. ഇപ്പോൾ അമ്മയും സിനിമകളിലൊക്കെ അഭിനയിക്കുന്നുണ്ട്. പിന്നെ അമ്മ സംവിധായക കൂടി ആയതുകൊണ്ട് കൊച്ചു റാണി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തപ്പോൾ അതിൽ ഞാനും ഞങ്ങളുടെ കുടുംബത്തിലുള്ള ഒരുപാട് പേരും അഭിനയിച്ചിരുന്നു. വാസ്തവത്തിൽ ഞങ്ങളുടെ കുടുംബത്തിലുള്ളവരെയെല്ലാം മാക്സിമം ഉൾപ്പെടുത്തി ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടാണ് അമ്മ ആ വർക്ക് സംവിധാനം ചെയ്തത്. അതിൽ 2 പേര് മാത്രമാണ് പുറത്തു നിന്ന് വന്ന പ്രൊഫഷണൽ ആർട്ടിസ്റ്റുകളുള്ളത്.

• വരും പ്രൊജക്റ്റ്‌കൾ

മിഥുൻ മാനുവൽ തോമസ് ചെയുന്ന അണലി എന്ന വെബ്സീരീസിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. പിന്നെ ബോഗൻവില്ല, ഐസ് തുടങ്ങിയ വർക്കുകളിലും അഭിനയിച്ചിട്ടുണ്ട്

Tags:    
News Summary - Actress Athira Patel latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.