ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രം സംവിധാനം ചെയ്ത ഷാനു സമദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ബെസ്റ്റി. റിലീസിനൊരുങ്ങി നിൽക്കുന്ന ബെസ്റ്റി എന്ന സിനിമയെ കുറിച്ചും തന്റെ സിനിമ വിശേഷങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് ഷാനു സമദ്
ആരാണ് ബെസ്റ്റി
റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ മൂവിയാണ് ബെസ്റ്റി. മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയ്ക്ക് ശേഷം ഞാൻ സംവിധാനം ചെയ്ത ചിത്രമാണ്. ബെസ്റ്റി എന്ന വാക്കിന്റെ അർത്ഥം അറിയാമല്ലോ. ഇപ്പോഴത്തെ ട്രെൻഡ് വാക്കാണത്. പക്ഷേ ന്യൂജൻ പിള്ളേരുടെ കഥയായിട്ടല്ല ഇവിടെ സിനിമ കഥ പറയുന്നത്. ഒരു ഫാമിലി എന്റർടൈൻമെന്റ് എന്ന നിലയ്ക്കാണ് ഞങ്ങളീ സിനിമയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഭാര്യ ഭർത്താക്കന്മാർക്കിടയിലേക്ക് കടന്നു വരുന്ന ഒരു ബെസ്റ്റിയിലൂടെയാണ് സിനിമ മുൻപോട്ട് പോകുന്നത്.അതുണ്ടാക്കുന്ന പ്രശ്നങ്ങളൊക്കെയാണ് സിനിമ പറയുന്നത്. മമ്മൂക്കയുടെ പെങ്ങളുടെ മകൻ അഷ്‌കർ സൗദാൻ, നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ധിക്ക്, ശ്രവണ, തമിഴിൽ നിന്നും സാക്ഷി അഗർവാൾ, തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരെ കൂടാതെ സുരേഷ് കൃഷ്ണ ,സുധീർ കരമന , നിർമ്മൽ പാലാഴി തുടങ്ങിയ ഒരുപാട് ആർട്ടിസ്റ്റുകൾ വേറെയുമുണ്ട്.
നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ദീഖ്
ഞാൻ കണ്ടു പരിചയിച്ച കുറച്ചുകൂടി വ്യത്യസ്തനാണ് സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദീഖ്. അവൻ നല്ലപോലെ കഷ്ടപ്പെട്ട് അവന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ അഭിനയത്തിൽ ആ ഒരു യൂണിക്നസ് നമുക്ക് നന്നായി ഫീൽ ചെയ്യുന്നുണ്ട്. മറ്റുള്ള നെപ്പോകിഡ്സിനെ പോലെയായിരുന്നുവെങ്കിൽ ഉറപ്പായും അവനൊക്കെ മുൻപേ തന്നെ എവിടെയോ എത്തിപ്പെടുമായിരുന്നു. അതിന് ശ്രമിക്കാതെ സ്വന്തമായി ഒരു സ്പേസ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നതാണ് അവന്റെ പ്രത്യേകത. ലൊക്കേഷനിലാണെങ്കിൽ പോലും നമ്മളുടെ കൂടെയാണ് ഷഹീൻ എപ്പോഴുമുള്ളത്. അഭിനയത്തിന്റെ കാര്യത്തിൽ പോലും അന്യായ പെർഫോമൻസാണ് കാഴ്ച വെച്ചിട്ടുള്ളത്. അത് സിനിമ കണ്ടാൽ മനസ്സിലാകും. പിന്നെ നായികയായ സാക്ഷിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈ സിനിമയ്ക്കകത്തവർ ചെയ്യുന്ന കഥാപാത്രത്തിനല്പം ആക്ഷൻ കൈകാര്യം ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരാളെ ആവശ്യമുണ്ടെന്ന സാഹചര്യം വരികയായിരുന്നു. ഈ സിനിമ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസ് മുൻപ് ചെയ്ത സിനിമയിലും സാക്ഷി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ തന്നെയാണ് സാക്ഷിയെ നമുക്ക് പരിചയപ്പെടുത്തിയത്.
മാപ്പിളപ്പാട്ടുകളുടെ ബെസ്റ്റി
കുറെ പാട്ടുകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് ഈ സിനിമയിൽ. ഹിന്ദിയിലെ ജാവേദ് അലി വരെ ഇതിൽ പാടിയിട്ടുണ്ട്. ഔസേപ്പച്ചൻ ഷിബു ചക്രവർത്തി കൂട്ടുകെട്ടിൽ ഒരു ഗംഭീര പാട്ട് ഇറങ്ങിയിട്ടുണ്ട്. അതുപോലെ റീൽ ചെയുന്ന ഒരു പെൺകുട്ടിയുടെ സ്റ്റോറി കൂടി ഇതിനിടയിലൂടെ പറഞ്ഞു പോയിട്ടുണ്ട്. അങ്ങനെയാണ് ഒരുപാട് മാപ്പിളപ്പാട്ടുകൾ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. പിന്നെ ഒരു ഡയറക്ടറുടെ സിനിമ എന്നതിലുപരി പ്രൊഡ്യൂസറിന്റെ സിനിമയാണിത്. ഇതിന്റെ പ്രൊഡ്യൂസർ മുൻപ് പത്തുപന്ത്രണ്ടോളം സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് പൂർണ്ണമായും ഇഷ്ടപ്പെട്ട രീതിയിലുള്ള ഒരു സിനിമയായി ചെയ്യുന്നത് ഇതാണ്. അദ്ദേഹത്തിന് പാട്ടുകളോട് വലിയ താല്പര്യമാണ്. ആ താല്പര്യത്തിന്റെ പുറത്ത് അദ്ദേഹത്തിനെ ഇഷ്ടപ്പെട്ട പഴയ മാപ്പിളപ്പാട്ടുകൾ വരയ്ക്കും ഇതിൽ സെലക്റ്റ് ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാൽ ആ പാട്ടുകൾക്കനുസരിച്ചു നമ്മൾ കഥകൾ ഉണ്ടാക്കിയ സിനിമ കൂടിയാണിത്.
ഔസേപ്പച്ചന്റെ അതിശയിപ്പിക്കുന്ന ഹാർഡ് വർക്ക്
അദ്ദേഹത്തെപ്പോലെ ഒരു ലജന്റിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയത് തന്നെ ഒരു വലിയ എക്സ്പീരിയൻസായാണ് ഞാൻ കാണുന്നത്. ഞങ്ങൾ രണ്ടുപേരും തൃശൂർക്കാരാണ്. സ്റ്റുഡിയോയിൽ എപ്പോഴും ഈ മൂവിയുടെ വർക്കുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. സിനിമയുടെ അവസാനം വരെയ്ക്കും ഈ ഒരു മൂവിക്ക് വേണ്ടി ഒരുപാട് എഫ്ഫർട് എടുത്തിട്ടുണ്ട് അദ്ദേഹം. ചെറിയ ചെറിയ മാറ്റങ്ങൾ വരെ വരുത്തുകയും മാക്സിമം അത് പെർഫെക്റ്റ് ആക്കാൻ ശ്രമിക്കുകയും ചെയ്യും. ബാഗ്രൗണ്ട് സ്കോറിൽ ഇത്രക്കധികം ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. പാതിരാത്രിക്ക് വരെ വിളിച്ചും മൂവിക്ക് വേണ്ടിയുള്ള കാര്യങ്ങൾ സംസാരിക്കും. അതൊന്നും അദ്ദേഹത്തിന് വേണ്ടിയല്ല മൂവിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ആ ഹാർഡ് വർക്കിനെ അഭിനന്ദിക്കുക തന്നെ വേണം.
ബെൻസി പ്രൊഡക്ഷൻസുമായുള്ള ബന്ധം
എന്റെ ആദ്യ സംവിധാന സംരംഭമായ മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് എന്നെ ബെൻസി പ്രൊഡക്ഷൻസിൽ എത്തിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ഉടമസ്ഥനായ അബ്ദുൽ നാസർ എന്നെ അന്ന് ചേർത്തു പിടിച്ചതാണ്. ആ പിടി ഇതുവരേക്കും വിട്ടിട്ടില്ല. ആദ്യ സിനിമ കഴിയുമ്പോഴേക്കും ബെൻസി പ്രൊഡക്ഷൻസിന്റെ കീഴിൽ തന്നെ അടുത്ത സിനിമ ഷാനു ചെയ്തോളൂ എന്നും പറഞ്ഞു. പക്ഷേ പെട്ടെന്നൊരു സിനിമ എന്നത് എന്റെ മൈൻഡിലൊന്നുമില്ലാത്തത് കാരണം ഞാനതിന്റെ പുറകെ പോയില്ല. അങ്ങനെ നിൽക്കുന്ന സമയത്താണ് ബെസ്റ്റി എന്ന സിനിമ ബെൻസി പ്രൊഡക്ഷൻസ് എന്നിലേക്ക് എത്തിക്കുന്നത്. അത് മറ്റാരോ സംവിധാനം ചെയ്യാനായി ഇരിന്നിരുന്ന സിനിമയാണ്. ആ സിനിമ ഒന്ന് ഡയറക്റ്റ് ചെയ്യണമെന്ന് പറഞ്ഞാണ് അബ്ദുൾ നാസർ എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ബെസ്റ്റി എന്റെ അടുത്തേക്കെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ പ്രത്യേകതയെന്നത് ലൊക്കേഷനിൽ നേരിട്ട് വന്ന് ഇടപെടുന്ന സ്വഭാവം അവർക്കില്ല എന്നതാണ്. പെയ്മെന്റ് കാര്യങ്ങൾ ചെയ്യാനായി അവിടുത്തെ ഒരാൾ വരും.അല്ലാതെ മറ്റുള്ള ഇടപെടൽ ഒന്നുമില്ല. മാത്രമല്ല നമ്മൾക്ക് സിനിമ ചെയ്യാനുള്ള എല്ലാ സൗകര്യവും അവർ തരുകയും ചെയ്യും. ഒന്നിലും ഒരു കുറവും അവർ വരുത്തില്ല.
എഴുത്തിൽ സജീവം
ആദ്യ സിനിമയ്ക്ക് ശേഷം അത്യാവശ്യം ഗ്യാപ്പ് വന്നിരുന്നു. കുറച്ചു വലിയ ആർട്ടിസ്റ്റുകളെ വച്ച് ഒരു സിനിമ ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു. സംവിധാനം ചെയ്യുന്ന സിനിമയിൽ മാത്രമായിരുന്നു ഈ പ്ലാൻ ഉണ്ടായിരുന്നത്. അതിനിടയിൽ കഴിഞ്ഞവർഷം ഇറങ്ങിയ ഡിയർ വാപ്പി എന്ന സിനിമയുടെ സംഭാഷണം ചെയ്തിരുന്നു. ആശാ ശരത് നായികയായി വിനു വിജയ് സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമ എഴുതിയിരുന്നു. ആ സിനിമ റിലീസ് ആവാൻ ന്നതാണ്. എന്നെ സംബന്ധിച്ച് ഞാൻ നല്ലൊരു തിരക്കഥാകൃത്ത് ഒന്നുമല്ലായിരുന്നു. ആദ്യ സിനിമയായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ സ്ക്രിപ്റ്റ് ഒറ്റയ്ക്ക് എഴുതാൻ ആത്മവിശ്വാസമില്ലാത്തത് കാരണം മറ്റാരെങ്കിലും എഴുതി തരാമോ എന്ന് അന്വേഷിച്ച് നടന്ന ആളാണ് ഞാൻ. അതിന് ആളെ കിട്ടാതെ വന്നപ്പോഴാണ് ആ സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ തന്നെ ചെയ്തത്. പക്ഷേ അന്നത്തോടെ ഞാൻ തീരുമാനിച്ചു എന്റെ സിനിമകൾക്ക് വേണ്ടി ഇനി ആരെ കൊണ്ടും എഴുതിക്കില്ല എന്ന്. എനിക്ക് വേണ്ടി ഞാൻ എഴുതുമ്പോൾ തന്നെയാണ് കംഫർട്ട് എന്ന് തിരിച്ചറിവ് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിലെ മലബാർ ശൈലി സ്ക്രിപ്റ്റ് കണ്ടിട്ടാണ് ഡിയർ വാപ്പി എന്ന സിനിമയിലേക്ക് എന്നെ എഴുതാൻ വിളിക്കുന്നത്. അവർക്ക് മലബാർ ഭാഷയായിരുന്നു ആവശ്യം. അവർ കരുതി ഞാൻ മലബാറുകാരൻ ആണെന്ന്. വാസ്തവത്തിൽ ഞാൻ തൃശ്ശൂർക്കാരനാണ്.
മറ്റു വിശേഷങ്ങൾ
ഇന്ദിര എന്ന് പറയുന്ന സിനിമയുടെ കഥ യഥാർത്ഥത്തിൽ ഞാൻ ഫേസ്ബുക്കിൽ എഴുതിയ ആകാശം എന്ന കഥയിൽ നിന്നാണ് സംഭവിക്കുന്നത്. അത് കണ്ടിട്ടാണ് സുഹൃത്ത് വിനു വിജയ് ആ കഥ എന്നോട് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ആ സിനിമ തുടങ്ങുന്നത്. അതുപോലെ ഇന്ദിര എന്ന സിനിമയിൽ വർക്ക് ചെയ്ത ഒരാൾക്ക് വേണ്ടി ഞാൻ മറ്റൊരു സ്ക്രിപ്റ്റ് കൊടുത്തിട്ടുണ്ട്. അതാണ് ഇനി വരാൻ പോകുന്ന മറ്റൊരു വർക്ക്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർക്കാണത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.