അടിമുടി രാഷ്ട്രീയത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പച്ച ; സംവിധായകൻ ഷമീം മൊയ്തീൻ- അഭിമുഖം

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ സ്വീകാര്യത കരസ്ഥമാക്കിയ സംവിധായൻ സക്കറിയ ആദ്യമായി നായകനാകുന്ന സിനിമയാണ് കമ്മ്യൂണിസ്റ്റ്‌ പച്ച അഥവാ അപ്പ. ആ​​ഷി​​ഫ് ക​​ക്കോ​​ടി തി​​ര​​ക്ക​​ഥ​​യെ​​ഴു​​തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷ​​മീം മൊ​​യ്തീ​​നാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ കമ്മ്യൂണിസ്റ്റ്‌ പച്ച അഥവാ അപ്പയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കു വെക്കുകയാണ് സംവിധായകനായ ഷമീം മൊയ്തീൻ.

സക്കറിയ നായകനാകുന്ന സിനിമ

ആയിഷ സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുന്ന സമയത്ത് ആ സിനിമയുടെ എഴുത്തുകാരനായിരുന്നു ആഷിഫ് കക്കോടി. ആ സമയത്തേ ഞങ്ങൾക്കിടയിൽ ഈ സിനിമയെ കുറിച്ചുള്ള ചർച്ച നടന്നിരുന്നു. അതിനുശേഷമാണ് ഞങ്ങൾ സ്ക്രിപ്റ്റിലേക്ക് കടക്കുന്നത്. ആയിഷയുടെ ഷൂട്ട് ഒക്കെ കഴിഞ്ഞതിനു ശേഷം. നമ്മുടെ സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ നിന്നുകൊണ്ട് ചെറിയൊരു പടമായിത് ചെയ്യുക എന്നൊരു പദ്ധതിയായിരുന്നു ഞങ്ങൾക്കാദ്യം മുതൽക്കേ ഉണ്ടായിരുന്നത്. ആ സമയത്താണ് സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്‌ത സക്കറിയയെ എന്തുകൊണ്ട് നായകനാക്കി കൂടാ എന്നുള്ള ചിന്ത വരുന്നത്. സക്കറിയയെ മുൻപേ തന്നെ പരിചയമുണ്ട്. സക്കറിയക്ക് അഭിനയത്തിലും പരിചയമുണ്ട്. നാടകങ്ങളിലെല്ലാം എല്ലാം അഭിനയിച്ചു കഴിവു തെളിയിച്ച ആളാണ് സക്കറിയ. അങ്ങനെയാണ് നായക കഥാപാത്രം സക്കറിയ എന്ന വ്യക്തിയിലേക്ക് എത്തുന്നത്. സക്കറിയ ആദ്യമായി നായകനാകുന്ന സിനിമ കൂടിയാണിത്.

 അടിമുടി രാഷ്ട്രീയത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പച്ച

കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടിയെ കുറിച്ച് എല്ലാവർക്കുമറിയുന്നതാണ്. മുറിവുണക്കാൻ ഉപയോഗിക്കുന്ന ഒരുതരം ചെടി കൂടിയാണത്. ഞങ്ങളുടെ നാട്ടിലതിന് അപ്പ എന്ന് പേര് കൂടിയുണ്ട്. ഇവിടെ സിനിമയിൽ മനുഷ്യർക്കിടയിലെ പലതരം പ്രശ്നങ്ങൾക്കും ഈഗോ പരിപാടികൾക്കും പരിഹാരം കണ്ടെത്തുക എന്ന അർത്ഥത്തിൽ കൂടിയാണ് സിനിമക്ക് കമ്മ്യൂണിസ്റ്റ്‌ പച്ച അഥവാ അപ്പ എന്ന ഈ പേര് നൽകിയിരിക്കുന്നത്. സിനിമയിലെ നായകനായ സക്കറിയ ചെയുന്ന കഥാപാത്രം ഒരേ സമയം കമ്മ്യൂണിസവും ഇസ്ലാം വിശ്വാസങ്ങളും ഒരുമിച്ചു കൊണ്ട് പോകുന്നൊരു കഥാപാത്രമാണ്. നമ്മുടെ നാട്ടിലൊക്കെ അതിന് മാപ്പിള സഖാവ് എന്നാണ് പറയുക. അയാളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം പറയുന്നത്.

സിനിമ പ്രാദേശികമായി മാത്രമുള്ളതല്ല

മലബാറി ജീവിതങ്ങളിലൂടെയാണ് കഥ പറയുന്നതെങ്കിലും ഇതിനെയൊരു പ്രാദേശിക സിനിമയാക്കി മാത്രം ചുരുക്കാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല. അല്ലെങ്കിലും എല്ലാ സിനിമകളും ഏതെങ്കിലും നാടിനെ ചുറ്റിപ്പറ്റിയായിരിക്കുമല്ലോ കഥ പറയുക. പ്രദേശികമായി തന്നെയാണല്ലോ കഥ വികസിക്കുക. അതുപോലെതന്നെ നമ്മുടെ സിനിമയിലെ കഥ നടക്കുന്നതും മലബാറിലാണെന്നേ ഉള്ളൂ. അതിനാൽ തന്നെ കഥാപാത്രങ്ങളുടെ ജീവിതം ഭാഷാ സംസ്കാരം തുടങ്ങിയ എല്ലാം തന്നെ അതിനോട് ചേർന്ന് കിടക്കുന്നു എന്നതാണ് സംഭവിച്ചത്. അത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. അല്ലാതെ ഒരു ബോധപൂർവമുള്ള ഒരു ശ്രമമല്ല.

ചിത്രീകരണത്തിലെ വെല്ലുവിളികൾ

സിനിമയിൽ ഏറിയ സമയവും ക്രിക്കറ്റ് കളിയാണ് കാണിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണല്ലോ കഥ പറയുന്നതും. പക്ഷേ ആ ക്രിക്കറ്റ് ചിത്രീകരിക്കുക എന്നത് നിസ്സാരമല്ല. അതല്പം വെല്ലുവിളി പിടിച്ച പരിപാടിയായിരുന്നു. ഈ സിനിമയിൽ സാധാരണ കാണുന്ന പോലെയുള്ള ഒരു ഗ്രൗണ്ടിൽ ഒന്നുമല്ല ക്രിക്കറ്റ് കളിക്കുന്നത്. നാട്ടിൻപുറത്തെ സാധാരണമായ ഒരു പറമ്പിലാണ്. കണ്ടം എന്ന് പറയാം. ആ ചെറിയൊരു കണ്ടത്തിൽ 12 കഥാപാത്രങ്ങളെയും വെച്ച് ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റിപ്പിടിച്ച് ഷൂട്ട് ചെയ്യുന്നത് തന്നെ റിസ്കാണ്. അതിനിടയിൽ നിഴൽ ഒരു പ്രശ്നമായി വരും. രാവിലെ ഷൂട്ട് ചെയ്യുമ്പോൾ സൂര്യൻ കിഴക്കായിരിക്കും അത് ഉച്ചക്ക് ശേഷം വടക്കോട്ട് തിരിയും. അപ്പോൾ അവിടെ നിഴലിന്റെ പ്രശ്നം കൂടും. ഇക്കാരണത്താൽ കണ്ടിന്യൂറ്റി കീപ്പ് ചെയ്യാനെല്ലാം അത്യാവശ്യം ബുദ്ധിമുട്ടായിരുന്നു. അതുപോലെ തന്നെ 12 പേരുടെയും സാന്നിധ്യം എപ്പോഴും ഗ്രൗണ്ടിൽ ആവശ്യമായിരുന്നു. ഡയലോഗ് പറയുന്നത് ഒരാളാണെങ്കിൽ പോലും അയാൾക്കൊപ്പം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന മറ്റുള്ളവരെ കൂടി കാണിക്കണം. അതിനുവേണ്ടി ആർട്ടിസ്റ്റുകളും എപ്പോഴും എഫെർട്ട് നൽകണം.

ഇന്ത്യൻ ജാതി രാഷ്രീയത്തിന്റ തുറന്ന് പറച്ചിലുകൾ

നമ്മളെല്ലാം ജാതി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് തന്നെയാണ് ജീവിക്കുന്നത്. നമുക്ക് ആ വിഷയത്തെക്കുറിച്ച് പറയാനോ സംസാരിക്കാനോ താല്പര്യമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഒട്ടും പ്രസക്തിയില്ല. നമ്മളതിന്റെ ഭാഗമായത് കൊണ്ട് തന്നെ സ്വാഭാവികമായും നമ്മുടെ സംസാരത്തിലും പ്രവർത്തിയിലും എല്ലാം അതിന്റെ അംശങ്ങൾ പറ്റിപ്പിടിച്ചു കിടക്കും. വളരെ സ്വാഭാവികമായി തന്നെയത് ജീവിതത്തിൽ കയറിയിറങ്ങി പോവുകയും ചെയ്യും. അത് ഫോളോ ചെയ്യുക മാത്രമാണ് സിനിമയിലും ചെയ്തിട്ടുള്ളത്. അല്ലാതെ അതിനെക്കുറിച്ച് വളരെ വിശദമായി സംസാരിക്കണം എന്നുള്ള തീരുമാനങ്ങൾ ബോധപൂർവം എടുത്തുകൊണ്ടു അതിലും ബോധത്തോടെ ചെയുന്ന കാര്യമൊന്നുമല്ല ഇത്.

സിനിമ പശ്ചാത്തലം, വരും പ്രോജെക്ട്ടുകൾ

ഞാൻ മുൻപേ തന്നെ ഒരു ഇൻഡിപെൻഡൻസ് ഫിലിം മേക്കറാണെന്ന് പറയാം. കൂടുതലായും, പണ്ട് പരസ്യങ്ങളും കോർപ്പറേറ്റ് ഫിലിംസുമെല്ലാം ചെയ്തിട്ടുണ്ട്. സൗദി ബഹറിൻ ദുബായ് അവിടങ്ങളിലെല്ലാം വർക്ക് ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് സിനിമകളാണ് കൂടുതലും ചെയ്തത്. അതുപോലെതന്നെ സുഹൃത്ത് ബന്ധങ്ങളുടെ പുറത്താണ് സിനിമയിലേക്ക് എത്തുന്നത്. ആഷിക് കക്കോടിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് ആയിഷ സിനിമയിൽ വർക്ക് ചെയ്യുന്നത്. ആയിഷയിൽ ഒരു ഷെഡ്യൂൾ മാത്രമാണ് വർക്ക് ചെയ്തിട്ടുള്ളത്. ആ സിനിമയ്ക്ക് മുൻപ് തന്നെ ഞാനും ആഷിഫ് കക്കോടിയും തമ്മിൽ മറ്റു പ്രോജക്ടുകളും കാര്യങ്ങളുമൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും വർക്കായില്ല. സംഭവിക്കുന്നത് ഈ സിനിമയാണ്. ഏതായാലും പുതിയ സിനിമകൾ കാര്യങ്ങളൊക്കെ ചർച്ചകളായി തന്നെ നടക്കുന്നുണ്ട്.അനൗൺസ് ചെയ്യാനുള്ള രൂപത്തിലേക്ക് ഒന്നും എത്തി തുടങ്ങിയിട്ടില്ല

Tags:    
News Summary - Communist Pacha Adhava Appa movie director Shameem Moideen Latest interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT