മമ്മൂട്ടിക്ക് വേണ്ടി ആലോചിച്ച സിനിമ, പിന്നീട് അതിലേക്ക് റഹ്മാൻ വന്നു; 'ബാഡ് ബോയ്സ്' തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് പറയുന്നു

മർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്, ധമാക്ക എന്നീ സിനിമകൾക്ക് തിരക്കഥ തയാറാക്കിയ സാരംഗ് ജയപ്രകാശ് തിരക്കഥ എഴുതിയ ഏറ്റവും പുതിയ സിനിമയാണ് ബാഡ് ബോയ്സ്. ഒമർ ലുലു സംവിധാനം ചെയ്ത് റഹ്മാൻ പ്രധാന കഥാപാത്രമാകുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ ബാഡ് ബോയ്സിനെ കുറിച്ചും മറ്റു സിനിമാ വിശേഷങ്ങളെ കുറിച്ചും സാരംഗ് സംസാരിക്കുന്നു മാധ്യമവുമായി.

 പ്രതീക്ഷകളുമായി ബാഡ് ബോയ്സ്

മുൻപ് ചെയ്ത സിനിമകളെയപേക്ഷിച്ചു നോക്കുവാണെങ്കിൽ ഒരുപാട് കോൺഫിഡൻസോട് കൂടിയാണ് ബാഡ് ബോയ്സ് സിനിമക്കായി കാത്തിരിക്കുന്നത്. പക്ഷേ പൂർണ്ണമായി സന്തോഷിക്കണമെങ്കിൽ തീർച്ചയായും സിനിമ പുറത്തിറങ്ങി ഓഡിയൻസിന്റെ പ്രതികരണം കൂടിയറിയണം. മാത്രമല്ല, ഒരുകാലത്ത് മലയാള സിനിമയെ അടക്കിവാണിരുന്ന ശങ്കർ, ഭീമൻ രഘു, ബാബു ആന്റണി പോലുള്ളവരെല്ലാം ഈ സിനിമയിലഭിനയിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് എഴുതുന്ന സമയത്തേ കഥാപാത്രങ്ങളായി അവരെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ഒരു സർപ്രൈസ് എലമെന്റ്സ് എന്ന രീതിയിലാണ് ആ കഥാപാത്രങ്ങളൊക്കെ വരുന്നതെന്ന് മാത്രം. അവരെപോലെ തന്നെ സിനിമയ്ക്കകത്തു നമുക്കറിയാവുന്ന ഒരുപാട് ആർട്ടിസ്റ്റുകൾ വേറെയും വരുന്നുണ്ട്. അതൊന്നും ഒരിക്കലും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല. നല്ലൊരു പ്രൊഡക്ഷൻ ഹൗസ് വന്നതുകൊണ്ട് മാത്രമാണ് ഇത്തരത്തിൽ ചെറിയ ചെറിയ കഥാപാത്രങ്ങൾക്ക് പോലും അറിയപ്പെടുന്ന ആർട്ടിസ്റ്റുകളെ ഉപയോഗിക്കാൻ കഴിഞ്ഞത്.

വ്യത്യസ്തരായി റഹ്മാനും കൂട്ടരും

ബാഡ് ബോയ്സിലെ പ്രധാന നായക കഥാപാത്രം ചെയ്തിരിക്കുന്നത് റഹ്മാൻ ആണ്. അദ്ദേഹം ഇത്രകാലം ചെയ്ത ഒരു കഥാപാത്രവുമായി ഈ സിനിമയിലെ കഥാപാത്രത്തിന് യാതൊരുവിധ സാമ്യവുമില്ല. അദ്ദേഹത്തിൽ നിന്നും ആദ്യമായിട്ടാണ് ഇതുപോലൊരു ക്യാരക്ടർ നമ്മൾ കാണാൻ പോകുന്നത്. ആവേശം സിനിമയിലെ ഫഹദും രാജമാണിക്യം സിനിമയിലെ മമ്മൂക്കയുമെല്ലാം ചെയ്തതുപോലെയുള്ള ഹ്യൂമറും ആക്ഷനും ഒക്കെ നിറഞ്ഞ ഒരു പാക്കേജാണ് ഈ സിനിമയിലെ റഹ്മാനിക്കയുടെ കഥാപാത്രം. അത്തരത്തിൽ ലൗഡായിട്ടുള്ളൊരു കഥാപാത്രം റഹ്‌മാൻ എന്ന നടനെ ഏൽപ്പിക്കുക എന്നതുപോലും ഒമറിക്കയുടെ പെട്ടെന്നുള്ള, ഔചിത്യം നിറഞ്ഞ ഒരു തീരുമാനമായിരുന്നു. അതുപോലെ ബിബിൻ ജോർജ്, സെന്തിൽ, ആൻസൻ പോൾ തുടങ്ങിയ എല്ലാവരും ഇതിനകത്ത് വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇവർക്കൊക്കെയിടയിലുള്ള സൗഹൃദവും സാഹോദര്യവും തന്നെയാണ് ഈ സിനിമ പറയുന്നത്. സിനിമയിലെ ഇവരുടെ പെർഫോമൻസ് കൊണ്ടും, ലൊക്കേഷനിലെ നമ്മളോടുള്ള ഇടപഴകൽ കൊണ്ടും ഷൂട്ട് സമയത്ത് പരമാവധി സന്തോഷിച്ചു തന്നെ വർക്ക് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം ഇതിൽ ഒരു ആർട്ടിസ്റ്റ്ന് പോലും ഈഗോ എന്നൊരു സംഭവമില്ല. അതുപോലെ തന്നെ പരസ്പരം ഈഗോ ക്ലാഷുമില്ല. പകരം ആ സിനിമ നന്നാവാൻ വേണ്ടി എല്ലാവരും വലിയ രീതിയിൽ സപ്പോർട്ട് ചെയ്തു. മാത്രമല്ല ബിബിൻ ജോർജിനെ പോലെയുള്ള ഒരു എഴുത്തുകാരൻ ഈ സിനിമയിൽ ഒരിടത്ത് പോലും സ്ക്രിപ്റ്റിൽ അനാവശ്യമായി കൈ വെച്ചിട്ടില്ല. അത്തരത്തിലുള്ള യാതൊരു ആധികാരികതയും നമ്മളോട് കാണിച്ചിട്ടില്ല. പകരം നമ്മളെ സപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൂടാതെ സെന്തിൽ എന്ന നടന്റെ ഔഷധഗുണം മൊത്തത്തിൽ ഊറ്റിയെടുത്ത സിനിമ കൂടിയാണിത്. ആൻസന്റെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ് ഈ സിനിമയിൽ.


ഏറ്റവും നല്ല വ്യക്തിയും ഏറ്റവും നല്ല നടനും റഹ്മാൻ

പൊതുവേ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത്, കഥാപാത്രമായി ആരെയാണോ മനസ്സിൽ കാണുന്നത് ആ നടന്റെ ശബ്ദത്തിൽ കഥാപാത്രങ്ങളുടെ സംഭാഷണം പറയുന്ന ശീലം എനിക്കുണ്ട്. അങ്ങനെ സ്ക്രിപ്റ്റ് പറയുമ്പോൾ കേട്ടിരിക്കുന്നവർക്കും ആ സ്ക്രിപ്റ്റ് കൺവീൻസിങാവാൻ സാധ്യത വളരെ കൂടുതലാണ്. ബാഡ് ബോയ്സ് സിനിമയുടെ പ്രൊഡക്ഷൻ ഹൗസിൽ കഥ പറയുമ്പോഴും , റഹ്മാൻ സാറിന്റെ മുമ്പിൽ കഥ പറയുമ്പോഴുമെല്ലാം ആ ഒരു ശൈലി ഞാൻ ഉപയോഗിച്ചിരുന്നു. അവർക്കെല്ലാം അതിഷ്ടപ്പെടുകയും ചെയ്തു. സാധാരണഗതിയിൽ, ഒരു നടന്റെ ശബ്ദത്തിൽ നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അത് കേട്ടിരിക്കുന്ന ആ നടന് ഈഗോ വരാൻ ചാൻസ് വളരെ കൂടുതലാണ്. പക്ഷേ റഹ്മാൻ സാർ ഒരിക്കലും അതിൽ പരിഭവം കാണിച്ചിട്ടില്ല . എന്റെ കരിയർ ലൈഫിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിയും ഏറ്റവും നല്ല നടനും റഹ്മാൻ സാർ തന്നെയാണ്. അദ്ദേഹം ഇൻഡസ്ട്രിയിൽ കത്തി നിൽക്കുന്ന സമയത്തൊന്നും ഞാൻ ജനിച്ചിട്ട് പോലുമില്ല. ആ അദ്ദേഹത്തിന് വേണ്ടി ഞാനിപ്പോൾ സ്ക്രിപ്റ്റ് ചെയ്തു എന്നതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്. ഷൂട്ട് ദിവസങ്ങളിൽ ഞാൻ രാവിലെ അദ്ദേഹത്തിന് സ്ക്രിപ്റ്റ് നരേറ്റ് ചെയ്തുകൊടുക്കും. അതും അദ്ദേഹത്തിന്റെ ശബ്ദത്തിലാണ് ഞാൻ ഡയലോഗ് എല്ലാം വായിച്ചു കൊടുക്കുക. പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും എന്റെ ശബ്ദത്തിൽ നീ എന്തിനാണ് സംസാരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചിട്ടില്ല.

സിനിമയുടെ നട്ടെല്ല് ഷീലു എബ്രഹാം

സിനിമയുടെ പേര് ബാഡ്‌ബോയ്സ് എന്നാണെങ്കിലും ഷീലു എബ്രഹാം ചെയ്യുന്ന മേരി എന്ന കഥാപാത്രത്തിന് വളരെയധികം പ്രാധാന്യമുള്ളൊരു സിനിമയാണിത്. ഒമറിക്ക, ഷീലു മേഡത്തിന് മെസ്സേജ് ചെയ്യുന്ന കൂട്ടത്തിലാണ് ഒരു സിനിമയുടെ കഥ പറയാനുണ്ട് എന്ന കാര്യം സംസാരിക്കുന്നത്. അത് വഴിയാണ് ഷീലു എബ്രഹാമിനോട് കഥ പറയാനായി ഞങ്ങൾക്കവസരം ലഭിക്കുന്നത്. കഥ കേട്ട അവർക്കത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ അവരാണ് പ്രധാന കഥാപാത്രം ചെയ്യുന്നതെന്ന് കാര്യം ഞങ്ങളന്ന് പറഞ്ഞിട്ടില്ലായിരുന്നു. നിർമ്മാതാവ് എന്ന നിലയ്ക്ക് മാത്രമാണ് ഞങ്ങളവരെ അപ്പ്രോച്ച് ചെയ്തത്. അതിനുശേഷം ഞങ്ങൾ എബ്രഹാം സാറിനോടും കഥ പറഞ്ഞു. അദ്ദേഹത്തിനും കൂടി കഥ ഇഷ്ടപ്പെട്ടതോടെ സിനിമ മുൻപോട്ട് പോയി. പിന്നെ എബ്രഹാം സാറിന് സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും കൺഫ്യൂഷൻ വന്നാൽ പോലും ഈ സിനിമ ചെയ്തേ പറ്റൂ എന്ന രീതിയിൽ ഉറച്ചു നിന്ന വ്യക്തിയാണ് ഷീലു എബ്രഹാം. കാരണം ആ കഥയിൽ അവർക്ക് അത്ര താല്പര്യമുണ്ടായിരുന്നു. പക്ഷേ അവർ ആ സിനിമ കമ്മിറ്റ് ചെയ്തതിനുശേഷം മാത്രമാണ് അവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്യുന്നതെന്ന കാര്യം ഒമറിക്ക അവരോട് പറഞ്ഞത്. എന്നാൽ അവർ മുൻപ് ചെയ്ത ഒരു കഥാപാത്രവുമായും ഈ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ലായിരുന്നു . അതുകൊണ്ടുതന്നെ അവർക്കും അത്ഭുതമായിരുന്നു ഈ കഥാപാത്രം അവരെ ഏൽപ്പിച്ചപ്പോൾ. ഏതായാലും പ്രേക്ഷകരുടെ സകല മുൻവിധികളെയും ഈ സിനിമയിലൂടെ ഷീലു എബ്രഹാം പൊളിക്കും എന്ന് ഉറപ്പാണ്.


സ്വപ്നലോകത്തെത്തിയ പോലെ അഡാർ ലവ്

എന്റെ ഏറ്റവും ചെറിയ പ്രായത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്. അന്നൊക്കെ പ്രേക്ഷകരെ ഇംപ്രസ് ചെയ്യിക്കുക എന്നതിനപ്പുറം ഡയറക്ടറെ ഇമ്പ്രസ് ചെയ്യിക്കുക എന്നുള്ളത് മാത്രമായിരുന്നു ഏക ഉദ്ദേശം. അങ്ങനെ എഴുതിയ സ്ക്രിപ്റ്റാണ് അഡാർ ലവ്. അതിന്റെ ഓഡിഷൻ ഘട്ടത്തിൽ പാനലിൽ ഞാനുമുണ്ടായിരുന്നു. ആ സിനിമയിലേക്ക് പ്രിയ വാര്യരെയെല്ലാം ഓഡിഷൻ ചെയ്യുന്നതും ഞാനുൾപ്പെടുന്ന പാനൽ തന്നെയായിരുന്നു. പക്ഷെ ആ സിനിമയുടെ ഗ്രോത്ത് എന്ന് പറയുന്നത് അപ്രതീക്ഷിതമായിരുന്നു. അതിലെ "മാണിക്യമലരായ' എന്ന പാട്ട് റിലീസ് ചെയ്ത ഒരൊറ്റ രാത്രി കൊണ്ടാണ് കഥയൊക്കെ ആകെ മാറിമറയുന്നത്. അതോടെ സിനിമയുടെ കഥയും മാറ്റേണ്ട അവസ്ഥയായി. ഒരു സ്വപ്നലോകത്തെത്തിയപ്പോലുള്ള അവസ്ഥയായിരുന്നു മൊത്തത്തിൽ. ആ പാട്ട് വൈറലാവുന്നതിനു മുൻപ് ഒരു ഡയലോഗ് പോലുമില്ലായിരുന്നു പ്രിയ വാര്യർ ചെയ്യുന്ന കഥാപാത്രത്തിന്. ആ പാട്ട് സീനു വേണ്ടി ഒമറിക്ക താൽക്കാലികമായി ഉൾപ്പെടുത്തിയത് മാത്രമാണ് പ്രിയ വാര്യരെ. പിന്നീട് പാട്ടിന് സ്വീകാര്യത കിട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രിയയുടെ കഥാപാത്രത്തിന് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് സ്ക്രിപ്റ്റ് മാറ്റുന്നത് . പക്ഷേ ഈ പാട്ട് വൈറൽ ആവുന്നതിനു മുൻപ് തന്നെ ഈ പാട്ടിന്റെ റഫ് കട്ട് കണ്ട ഉദയനിധി സ്റ്റാൻലിനൊക്കെ ഇത് കണ്ടിട്ട് വളരെ എക്സൈറ്റഡായിരുന്നു. അക്കാലത്ത് ഹാപ്പി വെഡിങ് സിനിമ തമിഴിൽ ചെയ്യാൻ വേണ്ടി ഒമറിക്കാ അദ്ദേഹത്തെ സമീപിച്ച സമയം കൂടിയായിരുന്നു അത്. അതുപോലെ ആ പാട്ട് ആരെ കാണിച്ചാലും ഇവരുടെ പുരികം ഉയർത്തുന്ന പോർഷൻ വരുമ്പോൾ എല്ലാരും എക്സൈറ്റഡാവുന്ന സാഹചര്യം വന്നു. അതോടെ ഒമറിക്ക, ആ പാട്ടു വൈറൽ ആവുന്നതിനു മുൻപേ തന്നെയായി അവർക്ക് വേണ്ടി സ്ക്രിപ്റ്റ് മാറ്റി. പിന്നീട് പാട്ട് വൈറൽ ആയപ്പോൾ സ്ക്രിപ്റ്റ് ഒന്നുകൂടി മാറ്റി. പിന്നീട് സ്ക്രിപ്റ്റ് പലതവണയായി മാറ്റുകയും സിനിമ റിലീസ് ചെയ്തതിനുശേഷവും മാറ്റം വരുത്തിയിട്ടുണ്ട്.

ധമാക്കയും അഡൽറ്റ് കോമഡിയും

പ്രിവിലേജ്ഡായിട്ടുള്ള ആരെങ്കിലുമാണ് അഡൽറ്റ് കോമഡിയിലുള്ള ഒരു സിനിമയിവിടെ ചെയ്യുന്നതെങ്കിൽ ഉറപ്പായും ആളുകളത് സ്വീകരിക്കും. പക്ഷേ അതല്ലാത്ത ഒരാൾ, ഇത്തരത്തിലുള്ള സിനിമകൾ മാത്രമാണ് ചെയ്യുന്നത് എന്ന് സ്റ്റാമ്പ് ചെയ്യപ്പെട്ടാൽ തീർച്ചയായും പ്രേക്ഷകർ മുൻവിധിയോടെയാകും അയാളുടെ മറ്റ് സിനിമകളെയും സമീപിക്കുക. ഇയാൾ ഡബിൾ മീനിങ്ങിന്റെ ആളാണെന്ന് പൂർണ്ണമായങ്ങ് വിലയിരുത്തും . ധമാക്ക സിനിമയെയൊക്കെ ആളുകൾ അത്തരത്തിലുള്ള മുൻവിധിയോടെ വിലയിരുത്തിയ സിനിമയാണ്. ഒമറിക്ക ഇത്തരത്തിലുള്ള ഡബിൾ മീനിങ്ങിന്റെ വക്താവാണ് എന്നതുപോലയായിരുന്നു അവരുടെയൊക്കെ പെരുമാറ്റം. പക്ഷേ ധമാക്ക സിനിമയുടെ പരാജയം അതുകൊണ്ടൊന്നുമല്ല സംഭവിച്ചത്. ആ സിനിമ അർഹിക്കുന്ന പരാജയം തന്നെയാണ് അതിന് കിട്ടിയത് എന്നത് വേറെ കാര്യം.


ഒമർ - സാരംഗ് കൂട്ടുകെട്ട്

ഞാനാദ്യമായി സ്ക്രിപ്റ്റെഴുതിയത് ഒരു അഡാർ ലവ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിന് മുൻപേയായി തന്നെ സ്ക്രിപ്റ്റ് ചെയ്യാൻ വേണ്ടി പ്ലാൻ ചെയ്ത സിനിമയായിരുന്നു ബാഡ് ബോയ്സ്. ഹാപ്പി വെഡിങ് സിനിമക്ക് ശേഷം ഞാൻ ഒമറിക്കയെ കോണ്ടാക്ട് ചെയ്യുകയും പിന്നീട് ആ ബന്ധം സ്ഥിരമായി നിലനിർത്തി പോരുകയും ചെയ്തിരുന്നു. അതോടൊപ്പം ഫേസ്ബുക്കിൽ സ്ഥിരമായി ഇടുന്ന എന്റെ ചില എഴുത്തുകളെല്ലാം ഒമറിക്ക ശ്രദ്ധിക്കുക കൂടി ചെയ്തത് വഴി എന്നെ സ്ക്രിപ്റ്റ് ചെയ്യാനായി അദ്ദേഹം വിളിച്ച വർക്കായിരുന്നു ബാഡ് ബോയ്സ്. 2017ൽ പ്ലാൻ തുടങ്ങിയ ആ സിനിമ സംഭവിക്കുന്നത് 2024ൽ ആണെന്ന് മാത്രം. അന്ന് ഈ സിനിമയുടെ പേര് ബാഡ് ബോയ്സ് എന്നൊന്നുമല്ലായിരുന്നു. മമ്മുക്കക്ക് വേണ്ടി ഒമർക്ക പറഞ്ഞ ഒരു ത്രെഡായിരുന്നു അത്. പക്ഷെ ആ വർക്കന്ന് നടന്നില്ല. ഇപ്പോൾ മമ്മൂക്കക്ക് പകരം റഹ്മാൻ നായകനായി. അതുപോലെതന്നെ ധമാക്ക എന്ന സിനിമയും ഞങ്ങളൊരുമിച്ച് ചെയ്തു. അതൊരിക്കലും ഞാനെഴുതണമെന്നാഗ്രഹിച്ച സിനിമയല്ല. ഒമറിക്ക ചെയ്യണമെന്നും ആഗ്രഹിച്ചിട്ടില്ല. ഒമറിക്കയുടെ ചീഫ് അസോസിയേറ്റ് ഉബൈനി എന്ന വ്യക്തിക്ക് വേണ്ടി എഴുത്തിൽ ഞാൻ സപ്പോർട്ട് ചെയ്ത വർക്ക് മാത്രമായിരുന്നു അത്. പിന്നീട് പ്രൊഡ്യൂസറുടെ നിർബന്ധപ്രകാരം ഒമറിക്കക്ക് ആ സിനിമ സംവിധാനം ചെയ്യേണ്ടി വരികയായിരുന്നു. അങ്ങനെ ഞാനതിലേക്കും റൈറ്ററായി വന്നു. പിന്നെ ഒമറിക്കയുമായുള്ള കൂട്ടുകെട്ട് എനിക്ക് എപ്പോഴും സ്പെഷ്യലാണ്. ഞങ്ങൾക്കിടയിൽ നല്ലൊരു സഹോദരബന്ധവുമുണ്ട്. ഞങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തിൽ ഞങ്ങൾക്ക് നല്ല പരസ്പര ധാരണയുണ്ട്. സ്ക്രിപ്റ്റിൽ അത്‌ ഉപയോഗപ്പെടാറുമുണ്ട്.

സാഹിത്യവും സിനിമയും എഴുത്തും

നമ്മുടെയൊക്കെ സിനിമമോഹങ്ങൾ തുടങ്ങുന്നത് ചെറുപ്പത്തിലേ തന്നെ സിനിമാ നടന്മാരെയൊക്കെ കണ്ട് ഭ്രമിച്ചിട്ടായിരിക്കുമല്ലോ. ഞാൻ ചെറുപ്പം മുതലേ ഒരു മോഹൻലാൽ ആരാധകനായിരുന്നു. പിന്നെ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ മിമിക്രി മോണോആക്ട് തുടങ്ങിയ പരിപാടികളിലെല്ലാം പങ്കെടുക്കുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകം വായിക്കുന്നത്. അത് വായിച്ച ഹാങ്ങോവറിൽ, അന്ന് നോവലെഴുതാനായി ഇറങ്ങിപ്പുറപ്പെട്ട ആളാണ് ഞാൻ. അങ്ങനെ എഴുതിയ കഥയും നോവലുമൊക്കെ വായിച്ച ഫ്രണ്ട്സും റിലേറ്റീവ്സുമെല്ലാം അതേക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയതോടെ പതിയെ എഴുത്ത് എന്ന മേഖലയിലേക്ക് കടന്നു. പിന്നീട് പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ആൽബം ചെയ്തു. അതിനുശേഷം ഒരു ഷോർട്ട് ഫിലിം ചെയ്തു . ശേഷം അഡ്വടൈസിങ്ങും ഫോട്ടോഗ്രാഫിയും പഠിച്ചു. അവിടെ പഠിക്കുന്ന കാലത്തും ഷോർട്ട് ഫിലിം ചെയ്തു. ബേസിൽ ജോസഫെല്ലാം ഷോർട്ട് ഫിലിം ചെയ്യുന്ന കാലം കൂടിയായിരുന്നു അത്. പിന്നീട് ഒരു പടത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു. പക്ഷേ ആ പടം പുറത്തിറങ്ങിയില്ല. പിന്നെ കോളേജ് കാലത്ത് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി കഥ രചനയിലെല്ലാം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതോടൊപ്പം വായനയും കാര്യമായി കൊണ്ടുപോയിരുന്നു. പക്ഷേ സിനിമയിലേക്ക് എത്തിയപ്പോൾ നമ്മുടെയാ എഴുത്തു ശൈലിയെല്ലാം മൊത്തത്തിൽ മാറി മറിഞ്ഞു എന്നത് വേറെകാര്യം.

മറ്റു പ്രൊജക്ടുകൾ

തൃശ്ശൂർ പൂരം, സാൾട്ട് മാംഗോ ട്രീ എന്നീ സിനിമകളൊക്കെ സംവിധാനം ചെയ്ത രാജേഷ് നായരുമായി ഒന്നുരണ്ട് പ്രൊജക്ടുകൾ സംസാരിക്കുകയും അതോടൊപ്പം കമ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Damakka movie Script Writer New Movie Bad boys latest interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.