സോമൻ അമ്പാട്ട് -ഫോ​ട്ടോ: ചിന്നു ഷാന

ഭൂമി കറങ്ങുന്നുണ്ട്​; സോമൻ അമ്പാട്ട്​ വീണ്ടും സംവിധായക കസേരയിൽ

'ഭൂമി കറങ്ങുന്നു​​ണ്ടോടാ...'-1986ൽ കേരളം ഏറ്റുപാടിയ ഈ പാട്ട്​ 'ഒപ്പം ഒപ്പത്തിനൊപ്പം' എന്ന സിനിമയിലേതാണ്​. സ്​ക്രീനിൽ പാടി അഭിനയിച്ചത്​ മോഹൻലാലും മാള അരവിന്ദനും. ഇതടക്കം 80കളിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും നായകനാക്കി സിനിമകൾ സംവിധാനം ചെയ്​ത സോമൻ അമ്പാട്ട്​ വീണ്ടും സംവിധായക വേഷമണിയുകയാണ്​; '5ലൊരാൾ തസ്​കരൻ' എന്ന സിനിമയിലൂടെ. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സോമൻ അമ്പാട്ട്​ മമ്മൂട്ടി നായകനായ 'ആയിരം അഭിലാഷങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. പിന്നീട് മോഹൻലാലിനെ നായകനാക്കി 'മനസ്സറിയാതെ', 'ഒപ്പം ഒപ്പത്തിനൊപ്പം', രതീഷ്​ നായകനായ 'അഗ്നി മുഹൂർത്തം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

മലയാളത്തിലെ താര രാജാക്കന്മാരുടെ വളർച്ച്​ കണ്ട്​, മലയാളികളുടെ പ്രിയതാരം ജയന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്​ടർ അപകടത്തിന്​ സാക്ഷ്യം വഹിച്ച്​​ സംഭവബഹുലമായിരുന്ന സിനിമാ ജീവിതത്തിൽ നിന്ന്​ ഇടവേളയെടുത്ത് വർഷങ്ങളോളം പ്രവാസി വേഷത്തിലായിരുന്നു സോമൻ. ഇപ്പോൾ ന്യൂജൻ തലമുറയുടെ കഥ പറയുന്ന ​'5ലൊരാൾ തസ്​കരൻ' എന്ന സിനിമയിലൂടെ വീണ്ടും സംവിധായക കസേരയിൽ ഇരിക്കുന്ന അദ്ദേഹം സിനിമയിലെ കാലഭേദങ്ങളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.


'കോളിളക്ക'ത്തിന്‍റെ സഹ സംവിധായകൻ

ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുതന്നെ എനിക്ക് കലയോടും സിനിമയോടും താൽപര്യമായിരുന്നു. അതനുസരിച്ചു വായനയും സിനിമയെ കുറിച്ച്​ പഠനങ്ങളും നടത്തിയിരുന്നു. ഡിഗ്രി കഴിഞ്ഞ് ബാങ്കിൽ ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ചാണ് സിനിമയിലെത്തിയത്. വീട്ടുകാരോട് സിനിമാമോഹം പറഞ്ഞപ്പോൾ നിന്‍റെ ആഗ്രഹം പോലെയാകട്ടെയെന്ന് അവർ പറഞ്ഞു. പിന്നീട് സിനിമ പഠിക്കാൻ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയച്ചു. അങ്ങനെ അവിടെ പോയി എൻട്രൻസ് എഴുതി കഴിഞ്ഞ് എ.വി.എം സ്റ്റുഡിയോയിലെത്തി. അവിടെ പ്രസിദ്ധ ചിത്രസംയോജകൻ കെ. ശങ്കുണ്ണിയെ ചെന്നു കണ്ടു.

ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചാലും പ്രായോഗിക പരിചയമുണ്ടെങ്കിൽ മാത്രമേ സംവിധായകനാകാൻ കഴിയൂ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഭാസ്കരൻ മാഷിന്‍റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റാക്കി. 'ശ്രീമദ് ഭഗവത് ഗീത', 'അപ്പൂപ്പൻ', 'വഴിവിളക്ക്' തുടങ്ങിയ ചിത്രങ്ങളിൽ വർക്ക് ചെയ്തു. പിന്നീട് എ. വിൻസെൻറ്, പി.എൻ. സുന്ദരം, വിജയാനന്ദ്, എ.ബി. രാജ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെയും ചീഫ് അസോസിയേറ്റായി ജോലി ചെയ്തു. 1977ൽ ജയൻ മരിച്ച 'കോളിളക്കം' അടക്കം ഇരുപതോളം സിനിമയിൽ അസോസിയേറ്റും ചീഫ് അസോസിയേറ്റുമായി വർക്ക്​ ചെയ്താണ് സ്വതന്ത്ര സംവിധായകനായത്.

'കോളിളക്ക'ത്തിൽ ജയന് സംഭവിച്ചത്

'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചപ്പോൾ ജയന് സംഭവിച്ച അപകടത്തിന് സാക്ഷിയായിരുന്നു ഞാൻ. സുകുമാരൻ ബൈക്കോടിക്കുന്നു. വില്ലനായി ബാലൻ കെ. നായരുമുണ്ട്. ബാലൻ കെ. നായരുടെ കഥാപാത്രം ഹെലികോപ്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു. സുകുമാരനോടിക്കുന്ന ബൈക്കിൽ നിന്ന്​ ജയൻ ബാലൻ കെ. നായരെ പിടികൂടാൻ ശ്രമിക്കുന്നു. ജയൻ എത്തുമ്പോഴേക്കും ഹെലികോപ്ടർ ഉയർന്നു. ഹെലികോപ്ടറിൽ പിടിക്കുക, ഉയരുമ്പോൾ കൈവിടുക. ഇത്രയേ ജയൻ ചെയ്യേണ്ടതുള്ളൂ. അത് റിഹേഴ്സൽ എടുത്തു. കുഴപ്പമില്ല. ബാക്കി ഡ്യൂപിനെ വെച്ച് ചെയ്യാനായിരുന്നു പരിപാടി. അപ്പോൾ ഒരാൾ ഉയരത്തിലാണ് ഹെലികോപ്ടർ. എന്നാൽ ഷോട്ടെടുത്തപ്പോൾ ഹെലികോപ്ടറിൽ പിടിച്ച് തൂങ്ങിയ ജയൻ നേവിയിലുള്ള പരിചയം വെച്ച് കാൽ ഹെലികോപ്ടറിൽ ലോക്ക് ചെയ്തു. ബാലൻ കെ. നായരെ വലിച്ചു താഴെയിടാൻ ശ്രമിക്കുന്ന പോലെ അഭിനയിച്ചു. ബാലൻ കെ. നായർ കാലുകൊണ്ട് ജയനെ തള്ളി താഴെയിടാൻ ശ്രമിക്കുന്നതായി അഭിനയിച്ചു. രണ്ടുപേരും ഒരു ഭാഗത്തായതോടെ ഹെലികോപ്ടറിന്‍റെ ബാലൻസ് പോയി.


അപ്പോൾ ഞങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു-'കൈവിടൂ', 'കാൽ വിടൂ' എന്നൊക്കെ. പക്ഷേ ഹെലികോപ്​ടറിന്‍റെ ശബ്ദം കൊണ്ട് ജയൻ അതൊന്നും കേൾക്കുന്നില്ല. ജയൻ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അപ്പോഴേക്കും ഹെലികോപ്ടർ ചരിഞ്ഞു. ഉയരത്തിലല്ലാത്തതിനാൽ അതിന്‍റെ പ്രൊപല്ലർ നിലത്ത് തട്ടി. അപ്പോൾ ബാലൻസ് മുഴുവനായി നഷ്​ടപ്പെട്ടു. അതോടെ പൈലറ്റ് ചാടി രക്ഷപ്പെട്ടു. ബാലൻ കെ. നായരും രക്ഷപ്പെട്ടു. ജയന്‍റെ തലയുടെ പിൻഭാഗം റൺവേയിലിടിച്ചു വീണു. അതോടെ ഹെലികോപ്ടർ കുറച്ചു മുമ്പോട്ട് പോയി കത്തി. ഞങ്ങൾ ഓടിച്ചെന്ന് വീണു കിടന്ന ജയനെ എടുത്തു.

അപ്പോൾ ഭയങ്കര മഴ തുടങ്ങി. അവിടത്തെ സ്ഥിതിയനുസരിച്ച് മഴ പെയ്താൽ വെള്ളപ്പൊക്കമാണ്. അതിനാൽ വഴിമുട്ടി. ഹോസ്പിറ്റലിലേക്ക് അപകടം നടന്ന സ്​ഥലത്തുനിന്ന്​ 40 കിലോമീറ്ററോളമുണ്ട്. മഴ കാരണം എത്താൻ കഴിയുന്നില്ല. അങ്ങനെ ഒരുവിധത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു-'തലയുടെ പിൻഭാഗം പൊട്ടിയിട്ടുണ്ട്. ഓപറേഷൻ ചെയ്ത് ശരിയാക്കണം. പ്രാർഥിക്കുക'. എല്ലാവരും ഓടി നടക്കുന്നു. ഞാൻ അവിടെ തന്നെ നിന്നു. അതിനിടെ ഡോക്ടർ വന്നു പറഞ്ഞു-'വളരെ ക്രിട്ടിക് ആണ്. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. എവിടെയും കൊണ്ടുപോയിട്ട് കാര്യമില്ല. വെൻറിലേറ്ററിൽ വെച്ച് കാണാനുള്ളവർക്ക് കാണാം' എന്ന്. ഞങ്ങൾ അതിന് അനുവാദം കൊടുത്തു. അങ്ങനെ രണ്ടുമൂന്ന് മണിക്കൂർ കിടന്നു. പിന്നെ ഓക്സിജൻ മാറ്റി മരണം പ്രഖ്യാപിച്ചു.


എന്‍റെ 'മനസ്സറിയാതെ' അന്നത്തെ 'ദൃശ്യം'

'ആയിരം അഭിലാഷങ്ങൾ' ആയിരുന്നു സംവിധായകനായ ആദ്യ പടം. നെടുമുടി വേണുവിനെ ആണ്​ നായകനായി നിശ്​ചയിച്ചിരുന്നത്​. എന്നാൽ അദ്ദേഹം അതിൽ നിന്ന് പിൻമാറി. അപ്പോൾ മമ്മൂട്ടിയെ ആ റോളിലിട്ട് ഷെഡ്യൂൾ മാറ്റി പടമെടുത്തു. 'ഹർഷബാഷ്പം' സിനിമ നിർമിച്ച ഖാൻ സാഹിബ് അതിനുമുമ്പ്​ എനിക്ക് ഒരു സിനിമ വാഗ്ദാനം ചെയ്​തിരുന്നെങ്കിലും അത് വിതരണക്കാർ പിൻമാറിയതിനാൽ നടന്നില്ല. അതിനാൽ ഖാൻ സാഹിബ് തന്നെയാണ് ആദ്യ ചിത്രം നിർമിച്ചത്. പിന്നീട് മോഹൻലാലിന്‍റെ നാല് ദിവസത്തെ ഡേറ്റിൽ 'മനസ്സറിയാതെ' എന്ന സിനിമ ചെയ്തു. നെടുമുടി വേണുവായിരുന്നു മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്​തത്​. അതിന്‍റെ പ്രമേയത്തിന്​ ഇന്നത്തെ 'ദൃശ്യം' സിനിമയുമായി നല്ല സാദൃശ്യമുണ്ട്​. പിന്നീട്​ 'ഒപ്പം ഒപ്പത്തിനൊപ്പം', 'അഗ്നി മുഹൂർത്തം' തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്​ത ശേഷം ഗൾഫിൽ പോയി ഡിഫൻസിൽ ജോലി ചെയ്തു.


വന്ന കാലത്ത്​ ഞാനും ന്യൂജൻ

ന്യൂജൻ എന്നൊരു സംഭവം സിനിമയിലില്ല. അല്ലെങ്കിൽ എല്ലാ കാലത്തും സിനിമയിൽ ന്യൂജൻ ഉണ്ടെന്നും പറയാം. കാരണം ഞാൻ വന്ന കാലത്ത് അന്നത്തെ ന്യൂജൻ ആണ് ഞാൻ. അന്ന് ഫിലിമിലാണ് സിനിമ പിടിത്തം. നെഗറ്റീവും പോസിറ്റീവും വെച്ച് തുടങ്ങി. പിന്നെ സൗണ്ട് ഡിജിറ്റൽ ടേപ്പിലേക്ക് പോയി. ഡിജിറ്റൽ ഡബ്ബിങ് മാത്രം. അത് കഴിഞ്ഞ് ഫിലിമില്ലാതായി. അപ്പോൾ കാമറ ആർക്ക് വേണമെങ്കിലും ചെയ്യാമെന്നായി. അതോടെ പരാജയങ്ങൾ കൂടി. എക്സ്പീരിയൻസ് കുറവായവർ ഈ ഫീൽഡിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പരിചയമില്ലാത്തവർ വരുമ്പോൾ അവർക്ക് ആർട്ടിസ്റ്റ് പറയുന്നത് അനുസരിക്കേണ്ടി വരുന്നു. കാരണം അവർക്ക് വലിയ പടങ്ങളൊന്നും വർക്ക്​ ചെയ്ത് പരിചയമില്ല. ഒന്നോ രണ്ടോ പടം അസിസ്റ്റ് ചെയ്യും. പിന്നെ ആർട്ടിസ്റ്റുമായുള്ള ധാരണയിൽ ഒരു പടം ചെയ്യും. അപ്പോൾ ആർട്ടിസ്റ്റ് അവരുടെ മൂഡിനനുസരിച്ച് പറയുന്നത് കേൾക്കേണ്ടി വരും. ഞാൻ കുറെ പടങ്ങൾ ചെയ്ത് ഗ്യാപ് വന്ന് ഇപ്പോൾ പടമെടുക്കുമ്പോഴും ആർട്ടിസ്റ്റുമായി ഒരു കുഴപ്പവുമില്ല. കാരണം രണ്ട് ഷോട്ട് എടുക്കുമ്പോഴേക്ക് ആർട്ടിസ്റ്റുകൾക്ക്​ മനസ്സിലാകും എനിക്ക് ചിത്രീകരിക്കാനറിയാമെന്ന്. ഇപ്പോഴത്തെ ന്യൂജന് ഡിജിറ്റൽ അറിവുകൾ ഉണ്ടെന്നതിൽ കവിഞ്ഞ് ഒന്നുമില്ല.

പണ്ടത്തെ പോലെ ചർച്ചയോ സ്‌റ്റോറി ഫോർമേഷനോ ഇന്നില്ല. ഒരു സിനിമയുടെ വിഷയം എ​േന്‍റതാണെങ്കിലും ഞാൻ ഡിസ്കസ് ചെയ്യും. ഇപ്പോൾ അതൊന്നുമില്ല. പടം ചെയ്യാൻ പ്രചോദനമുണ്ടാകും. എന്നിട്ട് അത് അങ്ങനെ തന്നെയെടുക്കും. അപ്പോൾ അതിൽ അച്ഛനുണ്ടാകില്ല, അമ്മയുണ്ടാകില്ല. കാരണം അത്തരം പടങ്ങൾ യൂറോപ്യൻ സംസ്കാരത്തിൽ നിന്ന് വരുന്നതാണ്. അപ്പോൾ കുടുംബ ബന്ധങ്ങൾ കുറവാണ്. അങ്ങനെയുള്ള സിനിമകളാണ് ഇപ്പോൾ അധികവും.

'5ൽ ഒരാൾ തസ്​കരൻ' സിനിമയുടെ ചിത്രീകരണത്തിനിടെ സോമൻ അമ്പാട്ട്​

നിർമാതാവിനെ അംഗീകരിച്ചു കൊണ്ടുള്ള രീതികളേ ഗുണം ചെയ്യൂ

ഞാൻ സിനിമയിൽ വീണ്ടുമെത്തിയിട്ട് രണ്ട് വർഷമേ ആകുന്നുള്ളൂ. എന്‍റെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയത് ഇപ്പോൾ നിർമാതാവിന് ഒരു വിലയുമില്ലെന്നതാണ്. വെറും ഫണ്ടിങ് പടങ്ങളായി മാറി. ആരൊക്കെയോ നിർമാതാക്കളായിരിക്കും. ഒരാൾ മുമ്പിലുണ്ടാകും. അതിനാൽ ആർക്കും ഉത്തരവാദിത്തമില്ല. ഷൂട്ടിങ്​ തുടങ്ങുന്നു. തോന്നിയപോലെ ചെലവാക്കുന്നു. അങ്ങനെ ചിത്രമെടുത്ത് എന്തെങ്കിലും കാരണത്താൽ പടം ഓടിയില്ലെങ്കിൽ ആ നിർമാതാവ് തന്നെ ഇല്ലാതാകുന്നു. കാരണം ഇപ്പോൾ ഒരു പടമെടുക്കണമെങ്കിൽ ഒന്നര കോടിയൊക്കെ ആകും ചെലവ്. അപ്പോൾ അത്തരം കോടികൾ ഇറക്കുമ്പോൾ പണം തിരിച്ചുകിട്ടണമല്ലോ. എന്നാൽ അങ്ങനെ നിർമാതാവിനെ സഹായിക്കുന്ന രീതിയല്ല ഇപ്പോൾ സിനിമ വ്യവസായത്തിലുള്ളത്.

സിനിമ എന്നത്​ വിജയിക്കാനുള്ള ചേരുവകൾ ചേർത്തുണ്ടാക്കുന്ന ബിസിനസാണ്. സംതൃപ്തിക്ക് വേണ്ടി സിനിമയെടുക്കുകയാണെങ്കിൽ സ്വന്തം പണമുപയോഗിച്ചെടുക്കണം. അല്ലാതെ നിർമാതാവിന്‍റെ പണമുപയോഗിക്കരുത്. എന്നാൽ, പുതിയ തലമുറയുടെ ഒ.ടി.ടി റിലീസ് ചിത്രങ്ങൾ പോലും വിജയിക്കുന്നില്ല. സിനിമയിൽ കാതലായ ഒരു സന്ദേശമുണ്ടാകാത്തത്​ കൊണ്ടാണത്​. ഒരു സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ഒരു സന്ദേശമുണ്ടാകണം. പ്രേക്ഷകർ അതിനെ കുറിച്ച് സംസാരിക്കണം. എന്നാലേ സിനിമ വിജയിക്കൂ.

ഇപ്പോൾ സിനിമ താരാധിഷ്​ഠിതമായി. ആർട്ടിസ്റ്റുകൾ എല്ലാം തീരുമാനിക്കുന്നു. അവർ തന്നെ നിർമിക്കുന്നു. അതിനാൽ പഴയ പോലത്തെ നിർമാണ കമ്പനികളോ ബന്ധങ്ങളോ ഒന്നും സിനിമയിലില്ലാതായി. എല്ലാവരും പണത്തിന് വേണ്ടി വരുന്നു. ജോലി ചെയ്യുന്നു. പണം വാങ്ങി പോകുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങളാകാം. എന്നാൽ അച്ചടക്കം വേണം. എന്‍റെ സെറ്റിൽ അച്ചടക്കം ഉണ്ടായിരുന്നു. പക്ഷേ, പൊതുവെ സിനിമയിൽ അത്​ നഷ്​ടപ്പെട്ടിരിക്കുകയാണ്​. അത് സിനിമക്ക് ദോഷം ചെയ്യും. നിർമാതാവിന്‍റെ സ്ഥാനം അംഗീകരിച്ചു കൊണ്ടുള്ള രീതികളേ സിനിമക്ക് ഗുണം ചെയ്യൂ.

'5ൽ ഒരാൾ തസ്​കരൻ' സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സോമൻ അമ്പാട്ടിനൊപ്പം

ന്യൂജൻ തലമുറയുടെ കഥ പറയുന്ന പുതിയ സിനിമ

കുടുംബത്തേക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻറർടെയ്ൻമെൻറായി പറയുന്ന സിനിമയാണ്​ പുതിയ സിനിമയായ '5ൽ ഒരാൾ തസ്​കരൻ'. ന്യൂജനും അണുകുടുംബങ്ങളും തമ്മിലെ ബന്ധങ്ങളെ കുറിച്ചാണ് ഇത്​ പറയുന്നത്​. മാതാപിതാക്കൾ എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കണം. അണുകുടുംബങ്ങളാകുമ്പോൾ അച്ഛനും അമ്മയിലും ഒതുങ്ങുകയാണ്. മുത്തശ്ശനോ മുത്തശ്ശിയോ ഇല്ലാത്തതിനാൽ ഒരു പ്രശ്നം ആ കുടുംബത്തിലുണ്ടായാൽ അത് വലുതായി മക്കൾ വീടുവിട്ട് ഇറങ്ങി പോകുന്ന അവസ്ഥ വരെയുണ്ടാകാറുണ്ട്. അതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് അതല്ല ജീവിതം എന്ന് കാണിക്കുന്നതാണ് ഈ സിനിമ.

രൺജി പണിക്കർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, സുബ്രഹ്മണ്യൻ ബോൾഗാട്ടി, സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, മൻരാജ്, അനുറാം, അംജത് മൂസ, ശ്രവണ, അംബിക, നീന കുറുപ്പ്, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരോടൊപ്പം സിദ്ധാർഥ് രാജൻ എന്ന പുതുമുഖം നായകനായി അഭിനയിക്കുന്നു.

Tags:    
News Summary - Director Soman Ambatt about his new film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT