1989ൽ മേനേ പ്യാർകിയ എന്ന സിനിമയിലൂടെ മുൻനിര റോളിൽ അരങ്ങേറ്റംകുറിച്ച ബോളിവുഡിന്റെ പ്രിയനായകൻ സൽമാൻ ഖാനെ തൻറെ സിനിമയിലേക്ക് തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി സൂരജ് ബർജാത്യ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്.
തിരക്കഥാകൃത്തായിരുന്ന സലീം ഖാൻറെ മകനായ സൽമാന് പിതാവിന്റെ പിൻബലം ഉണ്ടായിട്ടും സിനിമയിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. സൂരജ് തന്റെ സിനിമയ്ക്കുവേണ്ടി നായകനെ അന്വേഷിച്ചു നടക്കുമ്പോഴാണ് അഭിനയ മോഹിയായ സൽമാനെക്കുറിച്ചറിയുന്നത്.
സിനിമ നിർമാതാവ് എന്ന നിലയിൽ സൂരജിന്റെയും ആദ്യ ചിത്രമായിരുന്നു മേനേ പ്യാർ കിയാ. സന്യാസി ആയി അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ തുടക്കത്തിൽ സൽമാൻ പ്രൊപ്പോസൽ നിരസിച്ചുവെന്ന് അഭിമുഖത്തിൽ സൂരജ് ഓർമിച്ചെടുത്തു.
"സൽമാൻ ഖാനെ നേരിട്ടുകാണുന്ന സമയത്ത് അദ്ദേഹം പൊക്കം കുറഞ്ഞ നായകനാകാൻ മാത്രം ഗുണമുള്ള ഒരാളായല്ല തോന്നിയത്. എന്നാൽ ഫോട്ടോയിൽ കാണുമ്പോൾ നേരെ തിരിച്ചായിരുന്നു. സൽമാന്റെ കാമറ പ്രസൻസിന്റെ സവിശേഷതയാണത്."
"സൽമാനുമായി സിനിമ ചെയ്യാമെന്ന് ഒടുവിൽ തീരുമാനത്തിലെത്തിയെങ്കിലും നിരവധി പ്രശ്നങ്ങൾ പിന്നീട് ഉയർന്നു വന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നൃത്തം പരിശീലിക്കുന്ന സമയത്തും സൽമാന് നന്നായി നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഒരു ഗിത്താറും നൽകി അദ്ദേഹത്തെ കാമറയുടെ മുന്നിലിരുത്തിയപ്പോഴാണ് ആ അത്ഭുതം ഞങ്ങൾ കണ്ടത്. കാമറയ്ക്കു മുന്നിൽ അദ്ദേഹത്തിന്റെ ഭാവങ്ങൾ എല്ലാം കിറു കൃത്യമായിരുന്നു. എന്നാൽ, ഡയലോഗ് പറയുന്നതിൽ പരാജയപ്പെട്ടു."
‘ബീവി ഹോ തോ ഐസീ‘യിൽ സഹനടനായി അരങ്ങേറ്റം കുറിക്കാനുള്ള സൽമാന്റെ തീരുമാനവും ടീമിനു മുന്നിൽ അടുത്ത വെല്ലുവിളി ഉയർത്തിയെന്ന് സൂരജ് പറയുന്നു. അതുകഴിഞ്ഞ് അടുത്ത മാസം തനിക്ക് പകരം നായകനാക്കാൻ പലരെയും സൽമാൻ തന്റെ അടുക്കലേക്ക് പറഞ്ഞു വിട്ടുവെന്ന് സൂരജ് ഓർമിച്ചു. ഒരിക്കൽ അദ്ദേഹത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ പ്രോജക്ടിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പറയാൻ ചെല്ലുമ്പോഴും കുറേ ആൾക്കാരെ തനിക്ക് പകരം നായകസ്ഥാനത്തേക്ക് സൽമാൻ നിർദേശിച്ചു. സൽമാന്റെ ഈ ആത്മാർഥതയാണ് അദ്ദേഹത്തിൽതന്നെ ഉറച്ചു നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സൂരജ് പറയുന്നു.
ഇന്നും താൻ ഒരു സിനിമയെടുക്കാൻ തയാറായാൽ ഒരു സഹനടന്റെ റോളുപോലും ഏറ്റെടുത്ത് തന്നെ പിന്തുണയ്ക്കാൻ സൽമാൻ തായാറാകുമെന്ന് സൂരജ് വിശ്വസിക്കുന്നു. 2015ൽ പ്രേം രത്തൻ ധൻ പായോയിലാണ് സൂരജ് ബർജാത്യയോടെപ്പം സൽമാൻ അവസാനം പ്രവർത്തിച്ചത്. എ.ആർ. മുരുഗദോസിന്റെ സിക്കന്ദർ ആണ് റിലീസ് പ്രതീക്ഷിക്കുന്ന അടുത്ത ചിത്രം. രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ചിത്രം മാർച്ച് 30 ന് തിയറ്ററുകളിലെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.