വവ്വാലുകൾ ഭീതിയുടെ ചിറകടിക്കുന്നു

പ്രതികാരം നീതിയാകുമോ? അനീതിക്ക് പകരം ചെയ്യുന്ന കുറ്റകൃത്യങ്ങളെ നീതിയുടെ ഉദാത്ത കളങ്ങളിലേക്ക് ചേർക്കാമോ​? ഭീതിയുടെ പ്രതീകമായി ചിറകടിശബ്ദത്തോടെ പാറിപ്പറക്കുന്ന വവ്വാലുകൾ. അവ കിണറിനടിയിൽനിന്നും മാളുകളിലും തെരുവുകളിലും തിന്മ വാഴുന്നിടത്തുനിന്നുമൊക്കെ കൂട്ടത്തോടെ പറന്നുവരുന്നു. ക്രിസ്റ്റഫർനോളൻ സംവിധാനംചെയ്ത ബാറ്റ്മാൻ ​ട്രിലോജിയിലെ ആദ്യ ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ ‘ബാറ്റ്മാൻ ബിഗിൻസ്’. സൂപ്പർ ഹീറോ വാർപ്പുമാതൃകകളെ തകർത്തു തരിപ്പണമാക്കിയ ഗംഭീര കഥാപാത്രസൃഷ്ടിയാണ് ‘ബാറ്റ്മാൻ ബിഗിൻസി’ലെ ബാറ്റ്മാൻ. ഡി.സി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയ അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രമാണ്‌ ഇത്. കേവലം എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളുടെ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്ന ഒരു ബാലൻ. ഉറക്കിലും ഉണർവിലും കാഴ്ചപ്പുറത്തുമെല്ലാം വവ്വാലുകളുടെ കടകട ശബ്ദവും ​രൂപവും ഭയത്തിന്റെ ചിറകടി ശബ്ദമായി അയാളെ പിന്തുടരുന്നു.

അമാനുഷ കഥാപാത്രങ്ങൾക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള പതിവു നായക കഥാപാത്രസൃഷ്ടിക്കു പകരം കെട്ടുറപ്പുള്ള തിരക്കഥയുടെ സാന്നിധ്യം സിനിമയിൽ കാണാം. ഫാന്റസിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരം ചലച്ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഇടിച്ചുകയറുന്നതും. ബാറ്റ്മാൻ സീരീസിലെ അത്യന്തം ആവേശകരമായ സിനിമയാണ് ‘ബാറ്റ്മാൻ ബിഗിൻസ്’. ഈ സിനിമയുടെ തുടർച്ചയായി നോളന്റെ തന്നെ ‘ദി ഡാർക്ക് നൈറ്റ്’ 2008ലും ‘ദി ഡാർക്ക് നൈറ്റ് റൈസസ്’ 2012ലും റിലീസ് ചെയ്തു. വവ്വാലുകൾ പ്രതീകമായി സിനിമയിൽ ഉടനീളം കടന്നുവരുന്നു. ക്രിസ്റ്റഫർ നോളനും ഡേവിഡ് സാമുവൽ ഗോയറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വവ്വാലുകളുടെ ചിറകടി ശബ്ദത്തിനൊപ്പം ഗോഥം നഗരത്തെ മുച്ചൂടും നശിപ്പിക്കാനിറങ്ങുന്ന ശത്രുക്കൾ. ഇവരിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന ബാറ്റ്മാൻ. പൊലീസ് വാഹനങ്ങൾക്കിടയിൽ പ്രത്യേകം രൂപകൽപന ചെയ്ത വാഹനവുമായി ബാറ്റ്മാൻ. ദൃശ്യ വിരുന്നിന്റെ അവസാനിക്കാത്ത വിഭവങ്ങളാണ് തീൻമേശയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. തികഞ്ഞ സാ​ങ്കേതികത്തികവോടെയാണ് സിനിമ ചി​ത്രീകരിച്ചിരിക്കുന്നത്.

ആത്യന്തികമായി നന്മ-തിന്മകളുടെ പോരാട്ടംതന്നെയാണ് സിനിമ. ഒപ്പം പ്രണയവും കുടുംബബന്ധങ്ങളും കടന്നുവരുന്നു. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ബാറ്റ്മാനായി വേഷമിട്ടത്. പ്രണയിനി റേച്ചൽ ഡാവെസ് ആയി കേറ്റി ഹോംസ് തിരശ്ശീലയിലെത്തുന്നു. മൈക്കൽ കെയ്ൻ, ലിയാം നീസൺ, മോർഗൻ ഫ്രീമാൻ, ഗാരി ഓൾഡ്മാൻ, കിലിയൻ മർഫി, ടോം വിൽക്കിൻസൺ എന്നിങ്ങനെ വൻ താരനിരതന്നെയുണ്ട് സിനിമയിൽ. ഹാൻസ് സിമ്മറും ജയിംസ് ന്യൂട്ടൺ ഹോവാഡും ചേർന്നാണ് ഭീതിയും സന്തോഷവുമെല്ലാം പ്രതിഫലിപ്പിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയത്. വാലി ഫിസ്റ്ററിന്റെ ഛായാഗ്രഹണം അതീവ ഹൃദ്യമാണ്. ഛായാഗ്രഹണത്തിനുള്ള 2005ലെ ഓസ്കർ നോമിനേഷന് വാലി ഫിസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാഫ്ത അടക്കം നിരവധി പുരസ്കാരങ്ങൾക്കും സിനിമ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ജിയോ സിനിമയിലും ആമസോൺ പ്രൈം വിഡിയോയിലും സിനിമ കാണാം.

Tags:    
News Summary - Filmy Talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.