‘ചിത്ര’ത്തിലെ ‘ദുരെക്കിഴക്കുദിക്കും മാണിക്കച്ചെമ്പഴുക്ക...’ എന്ന പാട്ട് മോഹൻലാൽ പാടിയതാണെന്നായിരുന്നു ആളുകളുടെ ധാരണ. മിമിക്രിയൊന്നുമല്ല അത്. ജയറാമിന് പാടുന്നതും ഇതേ ശബ്ദംകൊണ്ടുതന്നെയല്ലേ, മാറ്റിപ്പാടുന്നില്ലല്ലോ?...
സംഗീതലോകത്ത് മലയാളത്തെ അടയാളപ്പെടുത്തിയ ഒരുപാട് പാട്ടുകൾ പിറവികൊണ്ട കാലം. നിരവധി പ്രതിഭകൾ പാടിത്തെളിഞ്ഞ എൺപതുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ അക്കൗണ്ടന്റായിരുന്ന ഒരു ചെറുപ്പക്കാരൻ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെയടുത്തെത്തി. മാഷ് ഒന്ന് പുഞ്ചിരിച്ചു, സ്റ്റുഡിയോയിലേക്ക് കയറാൻ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽനിന്ന് ആ ചെറുപ്പക്കാരൻ തന്റെ ആദ്യ സിനിമാ ഗാനം പാടി. പാടിക്കഴിഞ്ഞ് സ്റ്റുഡിയോക്ക് പുറത്തിറങ്ങി. തൊട്ടപ്പുറത്ത് എല്ലാവരും ചായ കുടിച്ച് ഇരിക്കുന്നു. രവീന്ദ്രൻ മാഷുമുണ്ട്. അൽപം മാറിനിൽക്കുകയായിരുന്ന ആ ചെറുപ്പക്കാരനെ മാഷ് അടുത്തേക്ക് വിളിച്ചു. തന്റെ പോക്കറ്റിൽനിന്ന് ഒരുരൂപയെടുത്ത് അവന് സമ്മാനിച്ചുകൊണ്ട് പറഞ്ഞു, ‘നന്നായി പാടി. നിനക്ക് നല്ലൊരു ഭാവിയുണ്ട്. നന്നായി വരും’. എം.ജി. ശ്രീകുമാർ എന്ന ‘എവർ ഗ്രീൻ’ ഗായകന്റെ സിനിമാ ഗാനരംഗത്തേക്കുള്ള വരവേൽപ്പായിരുന്നു അത്. പിന്നെ കേട്ടത് എം.ജി എന്ന ‘വേർസറ്റൈൽ’ സിങ്ങറുടെ ഒരുപാട് ഹിറ്റ് ഗാനങ്ങൾ. അതിൽ മെലഡിയും ചടുല താളങ്ങളും പ്രണയവും വിരഹവും എല്ലാം ഇഴചേർന്നിരുന്നു... സംഗീതലോകത്ത് നാലു പതിറ്റാണ്ട് പിന്നിടുന്ന എം.ജി. ശ്രീകുമാർ ‘വാരാദ്യ മാധ്യമ’ത്തോട് മനസ്സുതുറക്കുന്നു.
എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണൻ തന്നെയാണ് അതിന് കാരണം. ‘നീ നിന്റെ രീതിയിൽ മാത്രം പാടിയാൽ മതി, ആരെയും അനുകരിക്കാൻ നിൽക്കണ്ട’ എന്ന അദ്ദേഹത്തിന്റെ വാക്കുകാരണമാണ് എനിക്ക് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി സ്വന്തം ശബ്ദത്തിൽതന്നെ മുന്നോട്ടുപോവാൻ കഴിഞ്ഞത്. ആദ്യം വിമർശനങ്ങളെല്ലാം വന്നേക്കുമെന്നും എന്നാൽ പിന്നീട് എല്ലാവരും അംഗീകരിക്കുമെന്നുമുള്ള ഉറപ്പ് ചേട്ടനുണ്ടായിരുന്നു.
ഒരിക്കൽ ബാലചന്ദ്ര മേനോന്റെ ഒരു സിനിമ നടക്കുന്ന സമയം. ആ സിനിമയിൽ ‘ഉള്ളം ഉള്ളം... തെന്നി തെന്നി...’ എന്നൊരു പാട്ടുണ്ട്. പാടിക്കഴിഞ്ഞപ്പോൾ ചേട്ടൻ എന്റെ അടുത്തുവന്നു. എല്ലാവരും ചുറ്റും ഇരിക്കുന്നുണ്ട്. ‘നിന്റെ വായിലെന്താടാ പഴമാണോ?’ എന്നൊരൊറ്റ ചോദ്യം. ‘ഈ രീതിയിൽ പാടുന്നത് നിർത്തിയേക്കണം. മറ്റുള്ളവരുടെ പാട്ടിനുപിറകെ നീ പോകണ്ട. നീ നിന്റെ ശബ്ദത്തിൽ പാടിയാൽ മതി. ഇന്നല്ലെങ്കിൽ നാളെ നിന്നെ എല്ലാവരും അംഗീകരിക്കും’ എന്നുപറഞ്ഞു. അന്നെനിക്ക് കുറച്ച് ദേഷ്യമൊക്കെ തോന്നിയെങ്കിലും ഇപ്പോൾ ഒരുപാട് സന്തോഷം.
എന്നെ അടുത്തറിയുന്നവർക്ക് അറിയാം. പാട്ട് എല്ലാ കാലവും എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ വീട്ടിൽ എല്ലാവരും പാടും. പക്ഷേ, അച്ഛന്റെയും അമ്മയുടെയും ആഗ്രഹം എന്നെ സെക്രട്ടേറിയറ്റിൽ ഒരു ക്ലർക്കാക്കുക എന്നതായിരുന്നു. അതിനുവേണ്ടി ഒരുപാട് ടെസ്റ്റുകളൊക്കെ എഴുതിയെങ്കിലും കിട്ടിയില്ല. അങ്ങനെ ചേട്ടന്റെകൂടെ കച്ചേരിക്ക് പോകാൻ തുടങ്ങി. അതിനിടെ അപ്രതീക്ഷിതമായി കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ അക്കൗണ്ടന്റായി ജോലികിട്ടി. അവിടെനിന്ന് എന്നെ ലിബിയയിലേക്ക് പറഞ്ഞയച്ചു. ഗവൺമെന്റ് ഓർഡർ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ തന്നെ ലിബിയയിലേക്ക്. പക്ഷേ, അവിടം എനിക്ക് ഇഷ്ടപ്പെട്ടില്ല. പാടാൻ പോലും അവസരം ലഭിച്ചില്ല.
ഒന്നരവർഷം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് തന്നെ വന്നു. പിന്നീട് ബാങ്ക് ടെസ്റ്റ് എഴുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലികിട്ടി. അവിടെ ജോലിചെയ്യുമ്പോഴാണ് ഞങ്ങളുടെ കോഫിഹൗസിലെ സിനിമാ ചർച്ചകളൊക്കെ. അന്ന് പ്രിയദർശൻ ലൈംലൈറ്റിലേക്ക് എത്തിയിട്ടില്ല. പ്രിയൻ അന്ന് ഞങ്ങളുടെകൂടെ കൂടും. ‘അഗ്നിനിലാവ് എന്ന പേരിൽ ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി ഞങ്ങളന്ന്. എം.ജി സോമനെക്കൊണ്ട് സംവിധാനം ചെയ്യിക്കാനൊക്കെയായിരുന്നു പരിപാടി. അതൊന്നും നടന്നില്ല. സംസാരം മുഴുവൻ സിനിമയാണ്. ശേഖർ എന്ന പഴയ ആർട് ഡയറക്ടർ, ഡയറക്ടർ അശോകൻ, സുരേഷ് കുമാർ, സനൽ അങ്ങനെ കുറേപ്പേരുണ്ടാവും കൂടെ. ഞങ്ങളുടെയൊരു വലിയ ഗ്രൂപ്പുണ്ട്. ഇടക്കിടക്ക് പൂജപ്പുരയിൽനിന്ന് ബസിലൊക്കെ തൂങ്ങിപ്പിടിച്ച് മോഹൻലാൽ വരും.
ഒരിക്കൽ കോഫിഹൗസിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് സുരേഷ്കുമാർ താൻ ‘കൂലി’ എന്ന ഒരു സിനിമ എടുക്കുന്നുണ്ടെന്ന് പറയുന്നത്. അതിന്റെ സംഗീതം ചെയ്യുന്നത് രവീന്ദ്രൻ മാസ്റ്ററാണെന്നും പറഞ്ഞു. ആ സിനിമയുടെ ട്രാക് ഞാൻ പാടിയിരുന്നു. അപ്പോഴാണ് പ്രിയനും മറ്റുള്ളവരും എന്നെക്കൊണ്ടുതന്നെ പാടിച്ചാലെന്താണ് എന്ന അഭിപ്രായം പറയുന്നത്. ചേട്ടന്റെകൂടെ കച്ചേരിക്കും ഗാനമേളക്കുമെല്ലാം പോകുന്ന സമയംകൂടിയായിരുന്നു അത്. അങ്ങനെ ഞാൻ കൂലിയിലെ ‘വെള്ളിക്കൊലുസോടെ...’ എന്ന പാട്ടു പാടി. രവീന്ദ്രൻ മാഷിന് ആ പാട്ട് ഇഷ്ടപ്പെട്ടു. അവിടെനിന്നായിരുന്നു ശരിക്കും സിനിമാ ഗാനലോകത്തേക്കുള്ള സ്റ്റാർട്ട്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇരിക്കാനൊരു സ്ഥലമുണ്ട്. അവിടെയാണ് എല്ലാവരും ചായയൊക്കെ കുടിക്കുന്നത്. പാടിക്കഴിഞ്ഞ് ഞാനവിടെ മാറി നിൽക്കുകയായിരുന്നു. എനിക്കാണെങ്കിൽ എക്സൈറ്റ്മെന്റ് കാരണം കടുത്ത പനിയും. അപ്പോൾ രവീന്ദ്രൻ മാഷ് അടുത്തുവന്ന് പോക്കറ്റിൽനിന്ന് ഒരുരൂപയെടുത്ത് എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു ‘നിനക്ക് നല്ലൊരു ഭാവിയുണ്ട്. നീ ക്ലാസിക്കൽ പഠിക്കണം. നിനക്ക് സംഗീത പാരമ്പര്യമുണ്ട്. നീ എല്ലാ രാഗങ്ങളും പാടും. പഠിക്കാതെതന്നെ പാടുന്ന ഒരാളാണ്. അത് രക്തത്തിലുണ്ട്. പക്ഷേ, പഠിച്ചു പാടുന്നതും പഠിക്കാതെ പാടുന്നതും രണ്ടാണ്. നിനക്ക് ഈ രീതിയിൽ പോയാലും സിനിമാ ഗാനങ്ങൾ കിട്ടും, പക്ഷേ നീ നിർബന്ധമായും ക്ലാസിക്കൽ പഠിക്കണം’.
സിനിമയിൽ സജീവമാകുന്നതിനുമുമ്പ് എന്റെ പ്രധാന ജോലി ട്രാക് പാടലായിരുന്നു. അതുവഴിയാണ് എനിക്ക് എക്സ്പീരിയൻസ് കിട്ടിയതും. ദാസേട്ടനുവേണ്ടി തരംഗിണി സ്റ്റുഡിയോയിൽ എത്രയോ ട്രാക് പാടിയിട്ടുണ്ട്. അമ്പത് സിനിമയിലെങ്കിലും ഞാൻ ട്രാക് പാടിയിട്ടുണ്ടാവും. അതിന്റെ ഗുണം എനിക്ക് കിട്ടിയിട്ടുമുണ്ട്. ഇന്നത്തെ തലമുറയിലുള്ളവരോട് ട്രാക് പാടാൻ പറഞ്ഞാൽ പക്ഷേ, അവർ വരില്ല. പകരക്കാരനായി വരാൻ ആർക്കും താൽപര്യമില്ല. അവർക്കെല്ലാം നേരെ സിനിമയിലെത്തണം.
ചേട്ടൻ ഒരു ബോൺ ആർടിസ്റ്റാണ്. അതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹത്തിന്റെ കഴിവ്, ആ കഴിവ് ഇന്ന് ഇവിടെ പാടുന്ന വലിയ വ്യക്തികൾക്കുവരെ ഉണ്ടോ എന്നത് സംശയമാണ്. ചേട്ടന്റെ സംഗീതത്തിലെ ജ്ഞാനം പിന്നെ കിട്ടിയിരിക്കുന്നത് ചേച്ചിക്കാണ്. കൂടെയിരുന്ന് പാടിയതിന്റെ ഒരംശമേ എനിക്ക് കിട്ടിയിട്ടുള്ളൂ. എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു ചേട്ടൻ. അദ്ദേഹത്തിന് കിട്ടേണ്ട അംഗീകാരങ്ങൾ കിട്ടിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ‘മണിച്ചിത്രത്താഴ്’ പോലുള്ള എത്രയെത്ര സിനിമകളാണ് സംഗീതംകൊണ്ട് അദ്ദേഹം ഉയരത്തിലെത്തിച്ചത്! ആ ഘട്ടത്തിലെങ്കിലും അദ്ദേഹത്തിനെ അംഗീകരിക്കാമായിരുന്നു. ആ ദുഃഖം ചേട്ടന് മരിക്കുന്നതുവരെ മനസ്സിലുണ്ടായിരുന്നു. ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന സിനിമയിലെ ‘ഹരിചന്ദന മലരിലെ മധുവായ്...’ എന്ന കോമ്പോസിഷനൊക്കെ എത്ര മനോഹരമാണ്. ചേട്ടന്റെ ലളിതഗാനങ്ങൾ മാത്രമെടുത്തുനോക്കിയാൽ മതി അദ്ദേഹം നിൽക്കുന്നത് എവിടെയാണ് എന്നറിയാൻ.
ആരെയും വകവെക്കാത്ത സ്വഭാവമായിരുന്നു ചേട്ടന്. ചേട്ടന്റെ കൂട്ടുകാരാണ് സിനിമാ സംഗീത ലോകത്തെ എല്ലാവരും അന്ന്. അരവിന്ദൻ ചേട്ടൻ, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ ചേട്ടൻ, ഭരതൻ ചേട്ടൻ, വേണു നാഗവള്ളി, പ്രിയദർശൻ.... അങ്ങനെ പോകും ആ നിര. ചേട്ടൻ ഒരു പാട്ട് ട്യൂൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും ‘എന്തു പാട്ടാടാ ഇത്’ എന്ന് ചോദിച്ചാൽ ‘നിന്റെ സിനിമ എനിക്ക് വേണ്ടെടാ’ എന്ന് തിരിച്ചു പറയും. അത് അദ്ദേഹത്തിന്റെ കാരക്ടർ. അദ്ദേഹത്തിന്റെ കഴിവിലുള്ള ആത്മവിശ്വാസം. ആ സ്വഭാവം കാരണം കുറേ നഷ്ടങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. വ്യക്തിത്വമുള്ള, തികഞ്ഞ ഒരു കലാകാരനാണ് ചേട്ടൻ, എന്റെ പിതൃതുല്യൻ.
ഞാൻ ചേട്ടനെപ്പോലെ അത്ര തുറന്നടിച്ചു പറയുന്ന ആളല്ല. കുറച്ചൊക്കെ മനസ്സിൽ കടിച്ചുപിടിച്ച് നിൽക്കാൻ പറ്റും. എനിക്ക് ഈ ഇൻഡസ്ട്രി അറിയാം. മുമ്പ് ട്രിവാൻഡ്രം ബെൽറ്റ് എറണാകുളം ബെൽറ്റ് എന്ന ചേരികളൊക്കെ ഉണ്ടായിരുന്നപ്പോഴും എന്നെ ആരും മാറ്റിനിർത്തിയിട്ടില്ല. എനിക്ക് അങ്ങനെയൊരു ബെൽറ്റ് ഫീൽ ചെയ്തിട്ടുമില്ല. അവിടെയും ഇവിടെയും എല്ലാം ഞാൻ പാടിയിട്ടുണ്ട് എന്നും. ഞാൻ തിരുവനന്തപുരത്ത് പാടിക്കൊണ്ടിരുന്നപ്പോഴാണ് എറണാകുളത്ത് രഞ്ജിനി കാസറ്റിൽനിന്ന് വിളിച്ചിട്ട് ഒരു ഓണപ്പാട്ടുതരുന്നത്. ‘തുമ്പപ്പൂ നുള്ളിനടക്കും തിരുവോണപ്പൂം തുമ്പികളേ...’ എന്ന പാട്ട്. അത് അന്നത്തെ തരംഗിണി കാസറ്റിനേക്കാൾ പ്രചാരം നേടി. അങ്ങനെ ഇവിടെയുള്ളവരും എന്റെ ശബ്ദം ശ്രദ്ധിക്കാൻ തുടങ്ങി. എന്നെ ആദ്യം വിളിച്ചത് തമ്പി കണ്ണന്താനമാണ്. എന്റെ സിനിമയിലെ ഏറ്റവും വലിയ ഉപദേശകനായത് ഡെന്നിസ് ജോസഫും.
അത് സ്വാഭാവികമായി വന്ന ധൈര്യമാണ്. കല്യാണ മാർക്കറ്റിൽപോലും വിലയില്ലാതിരുന്നവരായിരുന്നു പണ്ട് ഗായകർ. കൺസ്ട്രക്ഷൻ കോർപറേഷനിൽ കിട്ടിയ ജോലിതന്നെയായിരുന്നു പാട്ട് മുന്നോട്ടുകൊണ്ടുപോകാനുള്ള ധൈര്യം തന്നത്. പിന്നീടത് ബാങ്ക് ജോലിയായി. പല സ്ഥലങ്ങളിലും ജോലിചെയ്യുമ്പോൾ അവിടെയുള്ള സംഗീതലോകവുമായുണ്ടായ പരിചയവും സഹായിച്ചു. എന്റെ ആദ്യ ഗാനമേള കഴക്കൂട്ടത്തായിരുന്നു. 1750 രൂപയായിരുന്നു അന്ന് പ്രതിഫലം. അന്നത് സൂപ്പർ ഹിറ്റായിരുന്നു. പിന്നെ നിൽക്കാൻ നേരം കിട്ടിയിട്ടില്ല. മാസം 15 പ്രോഗ്രാമിനു മുകളിൽ ആ സമയത്ത് കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ തുടർച്ചയായി ഗാനമേളയും മദ്രാസിൽ സ്റ്റുഡിയോയിലേക്കുള്ള യാത്രയുമൊക്കെയായി തിരക്കായപ്പോൾ പിന്നെ എനിക്ക് ബാങ്കിൽ തുടരാനും പറ്റിയില്ല.
ഒരുപാട് ഗുണമുണ്ടായിട്ടുണ്ട്. അതിൽ ഒരു സംശയവുമില്ല. പക്ഷേ, അത് അവിചാരിതമായിരുന്നു എന്നുമാത്രം. ‘ചിത്ര’ത്തിൽ പാടുന്നതുവരെ അങ്ങനെയൊരു സാമ്യം ഞാനും മറ്റുള്ളവരും ശ്രദ്ധിച്ചിട്ടുപോലുമില്ല. മിമിക്രിയൊന്നുമല്ല അത്. ജയറാമിന് ഞാൻ പാടുന്നതും ഇതേ ശബ്ദംകൊണ്ടുതന്നെയല്ലേ, മാറ്റിപ്പാടുന്നില്ലല്ലോ?. ജയറാമിന്റെ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ..’ പലപ്പോഴും എനിക്കിത് അഭിനയിക്കാൻ പറ്റിയില്ലല്ലോ എന്ന് ലാൽ പറഞ്ഞിട്ടുണ്ട്. ‘ചിത്രം’ ഇറങ്ങിയപ്പോൾ ആദ്യത്തെ പാട്ടുതന്നെ, ‘ദുരെക്കിഴക്കുദിക്കും മാണിക്കച്ചെമ്പഴുക്ക...’ മോഹൻലാൽ പാടിയതാണെന്നായിരുന്നു ആളുകളുടെ ധാരണ. പലരും എന്നോടത് പറഞ്ഞിട്ടുമുണ്ട്.
അതെ. വലിയ ജ്ഞാനസ്ഥയാണ് ചിത്ര. നന്നായി പാടും. ഞങ്ങൾ ഒറ്റ കുടുംബമായിരുന്നു. അന്ന് കോട്ടൺഹില്ലിൽ പഠിച്ചുകൊണ്ടിരുന്ന കാലം. വീട്ടിൽവരുമ്പോഴൊക്കെ ചേച്ചിയുടെ കൂടെയായിരുന്നു. ചിത്രയുടെ പാട്ട് ചേട്ടന് വളരെ ഇഷ്ടപ്പെട്ടിട്ടാണ് മധുച്ചേട്ടന് പരിചയപ്പെടുത്തുന്നത്. ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിലേക്ക്. അതിൽ പാടിക്കാൻ കൊണ്ടുപോയപ്പോൾ ഒരു സംഭവമുണ്ടായി. ചിത്ര അവിടെ നിൽക്കുകയാണ്. മധുച്ചേട്ടൻ വന്ന് ‘രാധാകൃഷ്ണാ, ആരാ നീ പാടാൻകൊണ്ടുവന്ന പുതിയ ആൾ’ എന്ന് ചോദിച്ചു. ചിത്രയെക്കാണിച്ചുകൊടുത്തപ്പോൾ ‘ഈ കൊച്ചു കുട്ടി പാടുമോ?’ എന്ന് അടുത്ത ചോദ്യം. ചിത്ര അസാധ്യമായി പാടുകയും എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. ‘പ്രണയവസന്തം...’ എന്ന ആ പാട്ട് ഞാനാണ് ഡ്യുവറ്റ് പാടിയതെങ്കിലും പിന്നീടത് ദാസേട്ടന്റെ ശബ്ദത്തിലാണ് പുറത്തുവന്നത്. അന്ന് ദാസേട്ടന്റെ ശബ്ദംവെച്ച് നമ്മുടെ ശബ്ദം താരതമ്യം ചെയ്യാൻ കഴിയില്ല. അതൊരു മാജിക്കൽ വോയ്സാണ്. ‘ആരും അദ്ദേഹത്തെ അനുകരിക്കരുത്’ എന്നതാണ് ഇപ്പോൾ പാടിക്കൊണ്ടിരിക്കുന്ന കുട്ടികളുടെയടുത്തും ഞാൻ പറയുന്ന ഒരു കാര്യം.
നാദരൂപിണീ എന്ന പാട്ടിന് ദേശീയ അവാർഡ് ലഭിച്ച ശേഷം ഒരു ഗായകനെന്ന നിലയിലുള്ള ഉത്തരവാദിത്തം പിന്നെയും കൂടി. കളിച്ച് ചിരിച്ച് എന്തും പറഞ്ഞുകൊണ്ടിരുന്ന കാലത്തുനിന്ന് കുറച്ചുകൂടി സീരിയസ് ആയി എന്നുതന്നെ പറയാം. മുമ്പ് അഭിമുഖത്തിനൊക്കെ ആരെങ്കിലും വരുമ്പോൾ ഞാനെനിക്ക് തോന്നിയപോലെയൊക്കെ ഉത്തരം പറഞ്ഞിരുന്നു. എന്നാൽ ദേശീയ അവാർഡിന് ശേഷം ഡെന്നിസ് ജോസഫ് അടക്കമുള്ളവർ എന്റടുത്ത് ഇനി ‘വിടുവായ്’ പറയരുതെന്ന് പറഞ്ഞു. ശ്രദ്ധിച്ചുവേണം ഉത്തരം പറയാൻ എന്നായിരുന്നു അവരുടെ പക്ഷം. പാട്ട് അന്നും ഇന്നും ഒരുപോലെതന്നെ കൊണ്ടുപോയിട്ടുണ്ട്. ‘എത്ര പാടിയാലും തൃപ്തിയില്ലാത്ത ഒരു വ്യക്തിയാണ്’ എന്ന് എന്നെപ്പറ്റി രവീന്ദ്രൻ മാഷ് എന്നും പറയുമായിരുന്നു.
അദ്ദേഹത്തെക്കുറിച്ച് പറയാൻ ഞാനർഹനല്ല. അദ്ദേഹം ചെയ്തുവെച്ചിരിക്കുന്ന പാട്ടുകളൊക്കെ അത്രക്ക് മുകളിലാണ്. ടേപ് റെക്കോർഡറുംകൊണ്ട് പിറകെ നടന്നാൽ മാത്രമേ നമുക്ക് ദക്ഷിണാമൂർത്തി സ്വാമി ഉദ്ദേശിച്ചത് അതുപോലെ പാടാൻ പറ്റൂ. എം.എസ്. വിശ്വനാഥൻ സാറും അതുപോലെത്തന്നെ. രണ്ടുപേരും രണ്ട് രീതിയാണെന്നു മാത്രം. ഒരുതവണ പാടിത്തരുന്നതായിരിക്കില്ല അടുത്തതവണ പാടുക. ‘എന്നുള്ളം കൈകളിൽ...’ എന്നുതുടങ്ങുന്ന ഒരു അയ്യപ്പൻ പാട്ട്. എല്ലാവരും ഇരിക്കുകയാണ് തരംഗിണി സ്റ്റുഡിയോയിൽ. അപ്പോഴാണ് സ്വാമി അതിന് മ്യൂസിക് ഇടുന്നത്. അല്ലാതെ നേരത്തേ തയാറാക്കിവെക്കുന്നതൊന്നുമല്ല. നല്ലൊരു മ്യൂസിക് കിട്ടിയാൽ സ്വാമി ഒറ്റക്കരച്ചിലാണ്. എന്താണ് പറ്റിയതെന്ന് ചോദിക്കുമ്പോൾ മറുപടി പറയും ‘വൈക്കത്തപ്പാ... എന്നുടെ എല്ലാമേ നീ താൻ... നീ കൊടുത്ത ട്യൂൺ... അയ്യയ്യോ...’. ഈ പാട്ട് തന്നത് വൈക്കത്തപ്പനാണ് എന്നാണ് സ്വാമി പറയുന്നത്. ഞാനല്ല ചെയ്തത് എന്ന്... എളിമ, അതാണ് സ്വാമി. ആ ഓരോ മുഹൂർത്തവും അനുഭവിക്കാൻ പറ്റിയതാണ് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡ്.
ചിലർക്ക് ചില ഴാനറിലുള്ള പാട്ടുകളേ പാടാൻ പറ്റൂ. അവർക്കതേ കഴിയൂ. ഞാനത് ഒരു ചാലഞ്ച് ആയി ഏറ്റെടുക്കുകയൊന്നുമല്ല. അങ്ങ് പാടിപ്പോവുകയാണ്. ഇപ്പോൾ കുട്ടികളുടെ പാട്ട്... എസ്. ബാലകൃഷ്ണന്റെ ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടാറ്റോ ചൊല്ലീ...’ എന്തു രസമാണ് ആ പാട്ട്. എനിക്ക് സംഗീത സംവിധായകർ പറഞ്ഞുതരുന്നതാണ് പാട്ടുകൾ. ഞാൻ അതുപോലെ പാടുന്നു. അത് ഒരു കൊച്ചുകുട്ടിക്ക് ചാഞ്ചാടി കളിക്കുന്ന രീതിയിലുള്ള ഒരു പാട്ടാണ്. അത് അതുപോലെതന്നെ പാടിയാലേ ആ പാട്ടിന് ജീവനും അർഥവുമുണ്ടാവൂ. പറക്കുംതളികയിലെ ‘വടികഠാരവെടി പടഹമോടെ ജനമിടിതുടങ്ങി മകനേ...’ എന്ന പാട്ട്. ആ പാട്ടിനൊക്കെ ഒരു അളവുണ്ട്. അതിനനുസരിച്ച് ടൈറ്റ് ചെയ്തുവേണം ആ പാട്ടുപാടാൻ എന്നുമാത്രം. ബീറ്റും ലിറിക്സും സിറ്റുവേഷനും എല്ലാം ആശ്രയിച്ചാണ് ഒരു പാട്ട് പാടുന്നത്, അതിന് ഓരോ ഭാവം കൊടുക്കുന്നത്.
ഞാനിപ്പോൾ കച്ചേരി വീണ്ടും തുടങ്ങി. പണ്ട് രവീന്ദ്രൻ മാഷൊക്കെ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് തുടങ്ങുന്നത്. ആദ്യത്തെ കച്ചേരി മള്ളിയൂർ ഗണപതി ക്ഷേത്രത്തിലായിരുന്നു. പിന്നെ ഗുരുവായൂർ. നല്ല ആളായിരുന്നു. പാടി. കുറച്ചൊക്കെ തെറ്റുകളുണ്ട്. ഞാനന്ന് ദാസേട്ടനുമായി സംസാരിച്ചപ്പോൾ ദാസേട്ടൻ കച്ചേരി പാടുന്നതിന്റെ കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞുതരുകയും ചെയ്തു. കച്ചേരിക്ക് പോകുന്നതിനുമുമ്പ് ഞാൻ ദാസേട്ടനെ വിളിച്ചിരുന്നു. അദ്ദേഹം ഓൾ ദ ബെസ്റ്റ് പറഞ്ഞാണ് വിട്ടത്.
അത് എന്റെയൊരു ആഗ്രഹമാണ്. ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമ നെടുമുടി വേണുച്ചേട്ടന്റെ ഒരു കഥയാണ്. ഒരു സംഗീതജ്ഞന്റെ കഥ. അഭിനയിക്കുന്നത് ഞാൻതന്നെയാണ്. മോഹൻലാൽ വന്നാൽ നന്നായിരുന്നു എന്നാണ് ആഗ്രഹം. പ്രിയദർശൻ അത് സംവിധാനം ചെയ്താൽ നന്നായിരിക്കും. അഞ്ച് പാട്ടുകളുണ്ട് ആ പ്രോജക്ടിൽ. എം. ജയചന്ദ്രനാകും സംഗീതം. ദാസേട്ടനെക്കൊണ്ട് പാടിക്കാനും ആഗ്രഹമുണ്ട്. അമേരിക്കയിൽ പോയപ്പോൾ ദാസേട്ടനെ കണ്ട്, മൂന്നുനാല് മണിക്കൂർ സംസാരിച്ചിരുന്നു.
എനിക്ക് ഒരു പാർട്ടിയുമില്ല. എല്ലാ പാർട്ടിക്കാർക്കും വേണ്ടി ഞാൻ പാടിയിട്ടുണ്ട്. എല്ലാ പാർട്ടികളിലും എനിക്ക് സുഹൃത്തുക്കളുമുണ്ട്. വിവാദങ്ങൾ എല്ലാ കാലത്തുമുണ്ടാകും. അതൊന്നും കാര്യമാക്കുന്നില്ല. അല്ലാതെതന്നെ എനിക്ക് ധാരാളം ജോലികളുണ്ട്. രണ്ട് ചാനലിൽ ജോലിചെയ്യുന്നുണ്ട്. കുറേ പാട്ടുകളുണ്ട്. എനിക്ക് മാനേജർമാരൊന്നുമില്ല. എന്റെ എല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. തീരുമാനമെടുക്കുന്നതും. എനിക്ക് ഇങ്ങനെയങ്ങ് പോയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.