സെറ്റിൽ വൈകി എത്തി 'ജയ ജയ ജയ ജയ ഹേ' നഷ്ടമായി; ജോമോന്‍ ജ്യോതിർ -അഭിമുഖം

ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ 'പക്ഷിരാജ'നെ ഗംഭീരമാക്കിയ ജോമോന്‍ ജ്യോതിർ ഇപ്പോൾ ചർച്ചയാവുന്നത് വാഴ എന്ന സിനിമയിലെ മൂസ എന്ന കഥാപാത്രത്തിലൂടെയാണ്. തിയറ്റർ പ്രേക്ഷകരെ മൂസയായി വന്ന് നിർത്താതെ ചിരിപ്പിച്ച ജോമോൻ തന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്നു

‘വാഴ‘ പിള്ളേരെല്ലാം ഹാപ്പിയാണ്

പ്രേക്ഷകരിൽ നിന്നെല്ലാം സിനിമക്ക് നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ഞങ്ങൾ തിയറ്റർ വിസിറ്റെല്ലാം നടത്തിയിരുന്നു. അപ്പോഴൊക്കെ പ്രേക്ഷകരെല്ലാം സിനിമയിലഭിനയിച്ച എല്ലാവരെയും ഒരുപോലെയാണ് സ്വീകരിക്കുന്നത്. എല്ലാവരും ഒരുപോലെ അടിപൊളിയായി അഭിനയിച്ചു എന്നാണ് അവരൊക്കെ പറയുന്നത്. അതുകൊണ്ടുതന്നെ ഞാൻ മൊത്തത്തിൽ ഹാപ്പിയാണ്.

മൂസ മടിയനാണ് ഉഴപ്പനാണ്

ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേര് മൂസ എന്നാണ്. മടിയനാണ് ഉഴപ്പനാണ് ലക്ഷ്യബോധമില്ലാത്ത നടക്കുന്നവനാണ്. മൂസയുടെ ഗെറ്റപ്പിൽ വരുന്ന മാറ്റങ്ങളൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാരണം സ്കൂൾ കാലം തൊട്ട് യൗവനം വരെയുള്ള ഭാഗങ്ങളെല്ലാം മൂസക്ക് ചെയ്യാനുണ്ട്. അതിനുവേണ്ടി രൂപത്തിലെല്ലാം മാറ്റങ്ങൾ വരുത്തിയിരുന്നു. പിന്നെ ഈ വിവിധ കാലഘട്ടങ്ങൾ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാൽ ഡബ്ബ് ചെയ്യുന്ന സമയത്ത് നമ്മൾ വായ അധികം അനക്കാതെയാണ് സംഭാഷണങ്ങൾ പറഞ്ഞിരുന്നത് എന്നതാണ്. അതായത് സിനിമയിൽ അഭിനയിച്ച ഒരുവിധം എല്ലാവർക്കും പത്തിരുപത്തിയെട്ട് വയസ്സിനോളം പ്രായമുണ്ട്. അപ്പോൾ ആ ചെറുപ്പകാലമൊക്കെ ചെയ്യാൻ അങ്ങനെ കുറച്ച് ബലം പിടിച്ചു ഡബ്ബ് ചെയ്യേണ്ട ആവശ്യം തന്നെയുണ്ടായിരുന്നു. കാരണം ശബ്ദത്തിൽ കുട്ടിത്തം വരണം. പ്ലസ് ടു കാലഘട്ടം വരെയാണ് അങ്ങനെ ഡബ്ബ് ചെയ്യേണ്ടി വന്നത്. അതിനുശേഷം നോർമൽ വോയിസ് തന്നെയാണ് കൊടുത്തിരിക്കുന്നത്. മാത്രമല്ല സിനിമക്ക് വേണ്ടി ഡസ്കിലും ബെഞ്ചിലൊക്കെ ഇരുന്ന് അഭിനയിച്ചപ്പോൾ നമുക്കൊരു നൊസ്റ്റാൾജിയ ഫീലൊക്കെ വന്നിരുന്നു.

അച്ഛനായി നോബി മാർക്കോസ്

എന്റെ അച്ഛൻ എന്നോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയാണ് നോബി ചേട്ടൻ ചെയ്ത അച്ഛൻ കഥാപാത്രം മൂസ എന്ന മകനോടും പെരുമാറുന്നത്. വാഴ സിനിമയ്ക്കകത്ത് അച്ഛൻ മകൻ ബന്ധത്തെക്കുറിച്ച് കാര്യമായി തന്നെ പറയുന്നുണ്ട്. പല സീനുകളും എനിക്ക് പേഴ്സണലി കണക്ട് ചെയ്യാൻ പറ്റി. കൂട്ടുകാരനെ കാണാതാവുമ്പോൾ അവനെ അന്വേഷിച്ചു പോകാൻ നിൽക്കുന്ന മൂസയുടെ കയ്യിൽ ബൈക്കിന്റെ താക്കോൽ കൊടുക്കുന്നുണ്ട് അച്ഛൻ കഥാപാത്രം ചെയ്ത നോബിച്ചേട്ടൻ. എന്റെ അച്ഛനാണെങ്കിൽ പോലും ഇതൊക്കെ തന്നെയാണ് ചെയ്യുക. ആ ഒരു അച്ഛൻ മകൻ ബന്ധവും എന്റെ റിയൽ ലൈഫിലെ അച്ഛൻ മകൻ അനുഭവവും തമ്മിലുള്ള സാമ്യതയെ കുറിച്ചാണ് ഞാൻ പറയുന്നത്. പ്രത്യേകമായി പറയുകയാണെങ്കിൽ സിനിമ അവസാനത്തെ 20 മിനിറ്റ് കണ്ണ് നിറയിപ്പിച്ചു. വാഴ സിനിമയുടെ പ്രിവ്യൂ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടില്ലായിരുന്നു. തൊട്ടുമുൻപ് റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ സിനിമയ്ക്ക് പ്രിവ്യൂ ഉണ്ടായിരുന്നു. പക്ഷേ വാഴയ്ക്ക് അങ്ങനെയൊരു സംഭവമേ ഇല്ലായിരുന്നു. എന്നാലും സിനിമയുടെ ക്രൂവിൽ ഉള്ള എല്ലാവരും റിലീസിന് മുൻപ് തന്നെ സിനിമ കണ്ടിട്ടുണ്ട്. അവർ കണ്ടിട്ട് അഭിപ്രായം പറഞ്ഞപ്പോൾ പോലും നമുക്ക് ആകെ ടെൻഷനും ആകാംക്ഷയും ഒക്കെ ആയിരുന്നു എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അങ്ങനെയാണ് സിനിമ തിയറ്ററിൽ എത്തിയതിനു ശേഷം കാണുന്നത്. മുൻപേ പറഞ്ഞതുപോലെ അവസാനത്തെ 20 മിനിറ്റിൽ ഞാൻ കരഞ്ഞു. ഞാൻ മാത്രമല്ല എന്റെ കൂടെ സിനിമ കണ്ടിരുന്ന മറ്റു ആളുകളും കരഞ്ഞിരുന്നു.

സൗഹൃദമാണ് സന്തോഷം

ഞാനും സിജു സണ്ണിയുമായി രോമാഞ്ചം സിനിമ മുതൽക്കേ സൗഹൃദമുണ്ട്. അതുപോലെതന്നെ കൂടെ അഭിനയിച്ച അമിത്തും ഞാനും യൂട്യൂബിൽ ഒരുമിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. അതുപോലെ സാഫ് ബോയ്സ് സാഫ് ബോയുടെ അനിയൻ അനുരാജ് എന്നിവരെയും നേരത്തെ തന്നെ അറിയാം. അതായത് എല്ലാവരും തമ്മിൽ സിനിമക്ക് മുൻപേ തന്നെ സൗഹൃദവും പരിചയവും ഉണ്ട്. അതുകൊണ്ട് നമുക്കൊരു സന്തോഷവും സമാധാനവുമൊക്കെയുണ്ടായിരുന്നു ലൊക്കേഷനിൽ

 ‘പക്ഷിരാജ‘യായത് ആകസ്മികമായി

വിപിൻദാസ് ചേട്ടന്റെ കൂടെ ഞാനാദ്യമായി വർക്ക് ചെയ്യുന്നത് ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലാണ്. അദ്ദേഹമായിരുന്നു അതിന്റെ സംവിധായകൻ. അദ്ദേഹം മുൻപ് ജയ ജയ ജയ ജയ ഹേ എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ അതിലെ ഒരു രംഗം ചെയ്യാനായി എന്നെ വിളിച്ചിരുന്നു. അന്ന് ലൊക്കേഷനിലേക്ക് ഞാൻ അല്പം ലേറ്റ് ആയിട്ടാണ് എത്തിയത്. കാരണം യാത്രക്കിടയിൽ നല്ല മഴയും ബ്ലോക്കും എല്ലാമുണ്ടായിരുന്നു. സമയത്തിന് എത്താൻ പറ്റാത്തതുകൊണ്ട് മാത്രം ആ കഥാപാത്രം കൈയിൽ നിന്ന് പോയി. അതിനുശേഷം വിപിൻ ചേട്ടൻ എന്നെ ഒരിക്കലും അഭിനയിക്കാൻ വിളിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലേക്ക് വിളിച്ചു. അങ്ങനെയാണ് അതിലെ പക്ഷിരാജനായി ഞാൻ എത്തുന്നത്.

കണ്ടന്റ് ക്രിയേഷൻ തരുന്ന സ്വീകാര്യത വലുത്

രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവ് ചേട്ടൻ എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുകയായിരുന്നു.സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഞാൻ ഇൻസ്റ്റയിലും യൂട്യൂബിലുമെല്ലാം കണ്ടന്റ് ക്രിയേഷൻ ചെയ്യുമായിരുന്നു. സിനിമയിലേക്ക് എത്താൻ വേണ്ടിയായിരുന്നു അത്തരം ശ്രമങ്ങളെല്ലാം നടത്തിയത്.അത് കണ്ടിട്ടാണ് ജിത്തു ചേട്ടൻ വിളിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ കണ്ടന്റ് ക്രിയേഷൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് സിനിമകൾ വന്നു, ഫ്രണ്ട്സ് എല്ലാം പല വഴിക്കായി അങ്ങനെ പല കാരണങ്ങളാലാണ് അത് നീണ്ടു പോയത്. പക്ഷേ കണ്ടന്റ് ക്രിയേഷൻ വഴി നമുക്ക് കിട്ടുന്ന സ്വീകാര്യതയും വലുതാണ്. ഈ സിനിമയിൽ അഭിനയിച്ച ഹാഷിർ ഒരു കണ്ടന്റ് ക്രിയേറ്ററാണ്. സാധാരണ ഒരു നടന് കിട്ടുന്ന അതേ വാല്യൂ തന്നെ ഹാഷിർനും ഈ സിനിമയിൽ കിട്ടിയിട്ടുണ്ട്. അതായത് സിനിമ കണ്ട് പ്രേക്ഷകരിൽ നിന്നും അങ്ങനെയാണ് ഹാഷിർന് സ്വീകാര്യത കിട്ടിയിരിക്കുന്നത്. ഒരു സ്റ്റാർ പുറത്തിറങ്ങിയാൽ എത്രമാത്രം വൈബ് കിട്ടുമോ അത്രയും തന്നെ വൈബാണ് അവനും കിട്ടുന്നത്. കണ്ടന്റ് ക്രിയേഷന്റെ ഗുണവും അതാണ്. സ്ഥിരമായി നമ്മൾ കണ്ടന്റുകൾ കൊണ്ടുവന്നാൽ ആളുകൾ നമ്മളെ ഇഷ്ടപെടും. കണ്ടന്റ് ചെയ്യുന്നവർ സിനിമയിലേക്ക് എത്തിയാൽ ആ ഇഷ്ടം അവിടെയും നിലനിൽക്കും.

തുടക്കം പതിനെട്ടാം പടിയിലൂടെ

വാഴ സിനിമയുടെ സംവിധായകൻ ആനന്ദ് മേനോൻ മുൻപ് സംവിധാനം ചെയ്ത ഗൗതമന്റെ രഥം എന്ന സിനിമയിൽ അദ്ദേഹം എനിക്കൊരു റോൾ തന്നിട്ടുണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ സംഭാഷണം പറയുന്നത് ആ സിനിമയിലൂടെയാണ്. അതിനുമുമ്പ് അഭിനയിച്ചിരിക്കുന്നത് പതിനെട്ടാം പടി എന്ന സിനിമയിലാണ്. എന്നാൽ അതിൽ മുഖം കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. സംഭാഷണമില്ലായിരുന്നു. പതിനെട്ടാം പടിയാണ് എന്റെ ആദ്യ സിനിമ. സിനിമ മോഹിച്ചു നടക്കുന്ന കാലത്താണ് അങ്ങനെയൊരു സിനിമ വരുന്നുണ്ട് എന്നറിഞ്ഞതും അതിന്റെ പ്രൊഡ്യൂസർ എന്റെ നാട്ടുകാരനാണ് എന്ന് അറിയുന്നതും. ഞാൻ ഇങ്ങനെ സിനിമ എന്നൊക്കെ പറഞ്ഞു നടക്കുന്നതൊക്കെ അറിഞ്ഞ അദ്ദേഹമാണ് എനിക്ക് ആദ്യമായി അതിൽ അഭിനയിക്കാൻ അവസരം തരുന്നത്.

പ്രതീക്ഷകൾ തരുന്ന പ്രോജക്ടുകൾ

ഹലോ മമ്മി, ആക്ഷൻ ഹീറോ ബിജു 2 തുടങ്ങിയ കുറച്ച് സിനിമകളെല്ലാം ഇനി വരാനിരിക്കുന്നുണ്ട്. അതിലെല്ലാം അത്യാവശ്യം കുഴപ്പമില്ലാത്ത റോളുകൾ ആണ് ചെയ്തിരിക്കുന്നത്. അതൊക്കെയാണ് പുതിയ പ്രതീക്ഷകൾ.

Tags:    
News Summary - joemon jyothir about his new Movie Vazha Latest interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.