സരിത കുക്കു

അടിസ്ഥാനപരമായി ഞാനും 'മന്ദാകിനി'യിലെ രാജലക്ഷ്മിയും ഒന്ന് തന്നെ -സരിത കുക്കു

നിരൂപക പ്രശംസ നേടിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിലൂടെ അഭിനയത്തിന് 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശം നേടിയ സരിത കുക്കു അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് മന്ദാകിനി. ചിത്രത്തിലെ രാജലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്ന സരിത കുക്കു തന്നെ കുറിച്ചും തന്റെ സിനിമയെ കുറിച്ചും വിശേഷങ്ങൾ പങ്കുവെക്കുന്നു.

• കരിയർ ബ്രേക്ക് തന്ന മന്ദാകിനി

മന്ദാകിനി സിനിമ ഇറങ്ങിയതിനു ശേഷം ഞങ്ങൾ സിനിമയിൽ പ്രവർത്തിച്ചവരെല്ലാം ചേർന്ന് കുറെയധികം തിയറ്ററുകൾ വിസിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്തൊക്കെ പ്രേക്ഷകരിൽ നിന്നെല്ലാം നല്ല അഭിപ്രായമാണ് ലഭിച്ചത്. സിനിമയിൽ കാണുന്ന പോലെ അല്ല എന്നെ നേരിട്ട് കാണാൻ. രണ്ട് സമയത്തും രണ്ട് രൂപമാണ്. അതുകൊണ്ടുതന്നെ തിയറ്ററിൽ വച്ച് പലർക്കും എന്നെ തിരിച്ചറിയാൻ പോലും പറ്റിയിട്ടില്ലായിരുന്നു. പക്ഷേ എന്തൊക്കെ പറഞ്ഞാലും എന്റെ കരിയറിൽ എനിക്ക് കിട്ടിയ ഒരു വലിയ ബ്രേക്ക് തന്നെയാണ് മന്ദാകിനി സിനിമയിലെ അമ്മ കഥാപാത്രം. ഇത്ര നല്ല റെസ്പോൺസ് കിട്ടുന്ന രീതിയിലൊരു കഥാപാത്രം ഞാനാദ്യമായാണ് ചെയ്യുന്നത്. മുൻപ് ഇയോബിന്റെ പുസ്തകം എന്ന സിനിമയിലാണ് എനിക്ക് അത്യാവശ്യം നല്ല റെസ്പോൺസ് പ്രേക്ഷകരിൽ നിന്നും കിട്ടിയിട്ടുള്ളത്. പക്ഷേ അത് ഇത്രത്തോളം വലിയ റെസ്പോൺസ് അല്ലായിരുന്നു. വിഷ്വലി കുറേക്കൂടി മാസ് ഓഡിയൻസിനെ ഹാപ്പിയാക്കുന്ന രീതിയിലാണ് മന്ദാകിനി സിനിമയിലെ എന്റെ കഥാപാത്രം.

• അതെന്റെ അടിസ്ഥാനപരമായ സ്വഭാവം തന്നെയാണ്

എന്റെ അടിസ്ഥാനപരമായ സ്വഭാവം മന്ദാകി സിനിമയിലെ രാജലക്ഷ്മിയെ പോലെ തന്നെയാണ്. ഞാൻ വളരെ റഫ് ആയി പെരുമാറുന്ന ആളാണ്. എന്നാൽ അതേസമയം തന്നെ വളരെ ലൗവബിൾ ആണ്. എനിക്ക് തോന്നുന്നത് എല്ലാ അമ്മമാരും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നയായിരിക്കുമെന്നാണ്. മക്കളെ വഴക്ക് പറയുന്ന സമയത്തുള്ള സ്ട്രോങ്ങ് ആയിട്ടുള്ള എലമെന്റ് ഒക്കെ എല്ലാ അമ്മമാരിലും കാണാൻ പറ്റും. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരു വീട് ഹാൻഡിൽ ചെയ്യാൻ മാത്രം മെന്റൽ സ്ട്രെങ്ത് ഉള്ളത് തീർച്ചയായിട്ടും അമ്മമാർക്കായിരിക്കും. പുരുഷന്മാരെ കൊണ്ട് അത്രത്തോളം സാധ്യമല്ല. അത്തരത്തിൽ അമ്മമാരുടെ ഉള്ളിലുള്ള ക്വാളിറ്റി തന്നെയാണ് ഈ സിനിമയ്ക്കകത്ത് എനിക്ക് കിട്ടിയ അമ്മ കഥാപാത്രത്തിലും കാണിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .

• കൊമേഷ്യൽ മാർക്കറ്റിൽ നിൽക്കുന്ന ആളല്ല ഞാൻ

ഞാൻ 10-25 സിനിമകൾ ചെയ്ത ആളാണ്.അതുപോലെ എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. അതുപോലെതന്നെ ഒരുപാട് ഫെസ്റ്റിവൽ സിനിമകളുടെ ഭാഗമായിട്ടുണ്ട്. പക്ഷേ ഇതൊക്കെ ഉണ്ടെങ്കിൽ പോലും സിനിമ എന്നു പറയുന്ന ഒരു വ്യവസായത്തിൽ ഒരു കൊമേഷ്യൽ മാർക്കറ്റിൽ നിൽക്കുന്ന ആളല്ല ഞാൻ. എന്നാൽ സ്റ്റാർകാസ്റ്റ് നോക്കുമ്പോൾ അൽത്താഫ് സലീം അനാർക്കലി ഇവരൊക്കെ കുറെകൂടി ഐസൊലേറ്റ് ചെയ്യപ്പെട്ടവരാണ്. ഷൂട്ട് നടക്കാത്ത സമയങ്ങളിൽ അവർ കുറച്ച് അപ്പുറം കാരവാൻ സൗകര്യത്തിലൊക്കെ ഇരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ഇൻട്രാക്ഷൻ വളരെ കുറവായിരുന്നു. എന്നാൽ ഷൂട്ട് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും ഒത്തുചേരുകയും ഞങ്ങളൊക്കെ തമ്മിൽ ഉള്ള ഇൻട്രാക്ഷൻ നടക്കുകയും ചെയ്യും. പിന്നെ അൽത്താഫ് ഒക്കെ വളരെ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ അതിന്റെതായ ഒരു ഡിസ്റ്റൻസ് എപ്പോഴും ഉണ്ടാവും. പക്ഷെ എല്ലാവരും തമ്മിൽ ഒരു സ്നേഹമുണ്ട് എപ്പോഴും.പിന്നെ ഞാനെപ്പോഴും എന്റെ സ്ക്രിപ്റ്റ് വായിക്കുകയും പഠിക്കുകയും ചെയുന്ന തിരക്കിലായിരുന്നു അധികവും.

• സി പി സരിതയിൽ നിന്നും സരിത കുക്കുവിലേക്ക്

ഞാനിപ്പോഴും സി പി സരിത തന്നെയാണ്. സരിത കുക്കു എന്നത് എന്റെ ഫേസ്ബുക്ക് പേരാണ് . ഫേസ്ബുക്കിൽ ആദ്യത്തെ പേര് കുക്കു കുക്കു എന്നായിരുന്നു. പാപ്പിലിയോ ബുദ്ധ എന്ന ആദ്യത്തെ സിനിമ കഴിഞ്ഞതിനുശേഷം ആ സിനിമ കുറെ ഫെസ്റ്റിവലിൽ പോയിരുന്നു. ആ സിനിമയുടെ സംവിധായകൻ ജയൻ കെ ചെറിയാൻ എന്നോട് തമാശയ്ക്ക് പറയുമായിരുന്നു നിന്റെ ഫാൻസിന് നിന്നിലേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല എന്ന്. ആ സിനിമയ്ക്ക് ശേഷം ഇയ്യോബിന്റെ പുസ്തകം സിനിമ ചെയ്തു. ആ സിനിമയിലൂടെയാണ് കമേഷ്യലി എന്നെ വലിയ രീതിയിൽ നോട്ടീസ് ചെയ്തത്. അതോടെ ആളുകൾ എന്നിലേക്ക് എത്തിപ്പെടാനായി എന്നെ സെർച്ച് ചെയ്തു തുടങ്ങി. അത്തരത്തിൽ കഷ്ടപ്പെട്ട് കണ്ടെത്തിയ പലരും എനിക്ക് കുറെ മെസ്സേജുകൾ അയച്ചിരുന്നു ആ കാലത്ത്. പേര് ടൈപ്പ് ചെയ്തിട്ട് കിട്ടുന്നില്ല എന്ന് പരാതി പറഞ്ഞു പലരും. അങ്ങനെയാണ് ഞാൻ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ കൊടുത്ത സരിത കുക്കു എന്ന പേര് ഫേസ്ബുക്കിൽ കൊടുക്കുന്നത്. അങ്ങനെയാണ് ഞാൻ സരിത കുക്കുവായി മാറുന്നത് .അതങ്ങനെ സംഭവിച്ചു പോയതാണ്.

• സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടലെ അഭിനയ ജീവിതം

2001-2003 കാലഘട്ടത്തിലാണ് ഞാൻ അഭിനയം തുടങ്ങുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പയ്യന്നൂർ കോളേജിലെ കലോത്സവത്തിൽ നാടകങ്ങൾ ചെയ്ത് 2 വർഷം മികച്ച നടി ആയിരുന്നു.അങ്ങനെയാണ് അഭിനയത്തിലേക്ക് ഇറങ്ങുന്നത്. അത് കഴിഞ്ഞിട്ടാണ് സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻസ് പ്രൊഡക്ഷൻ വഴി അവിടുത്തെ ഒരു വർക്കിൽ|ഗോപകുമാർ, ഞാൻ,ഗോപാൽജി എന്നിങ്ങനെയുള്ള ഞങ്ങൾ മൂന്നുപേർ അഭിനയിക്കുന്നത്. അന്ന് ആ വർക്ക് ചെയ്ത ഡയറക്ടറുടെ രണ്ടാമത്തെ വര്‍ക്കിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പാപ്പിലിയോ ബുദ്ധ എന്ന വർക്ക് വരുന്നത്.

• ധാരണകൾ തെറ്റിച്ച പാപ്പിലിയോ ബുദ്ധ

ആ സിനിമക്ക് അംഗീകാരങ്ങൾ ലഭിക്കുമെന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു എന്ന് മാത്രമല്ല അന്നെനിക്ക് മലയാളം വായിക്കാൻ അറിയാത്തതുകൊണ്ട് തന്നെ ഞാൻ അതിന്റെ സ്ക്രിപ്റ്റും വായിച്ചിട്ടില്ലായിരുന്നു. അന്ന് എന്റെ എക്സ് ഹസ്ബൻഡ് ആണ് സ്ക്രിപ്റ്റ് വായിച്ചിട്ട് അതിലെ കഥാപാത്രം ചെയ്യാൻ എന്നോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സിനിമ എന്താവും, പ്രേക്ഷകർ ഏത് രീതിയിൽ അതിനെ മുൻപോട്ടു കൊണ്ടുപോകും എന്നൊന്നും എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. മാത്രമല്ല കേരളത്തിന് പുറത്ത് ജനിച്ചു വളർന്നതുകൊണ്ടുതന്നെ കേരളത്തിന്റെ കൾച്ചറിനെ കുറിച്ചൊക്കെ പഠിച്ചു വരുന്ന കാലമാണ് അത്. അതുകൊണ്ടുതന്നെ കേരളത്തിലെ പൊളിറ്റിക്കൽ ആയിട്ടുള്ള കാര്യങ്ങളിൽ അറിവുകേട് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒന്നുമറിയാതെ ഏറ്റവും നിഷ്കളങ്കമായ രീതിയിലാണ് ഞാനാ വർക്കിനെ അപ്രോച് ചെയ്തിട്ടുണ്ടായിരുന്നത്. മാത്രമല്ല എല്ലാവരും എന്നെ നന്നായി കംഫർട് ആക്കിയിരുന്നു ആ വർക്കിൽ.

• മാറ്റങ്ങളിൽ സഹായിച്ചത് ഷോട്ട് ഫിലിമുകൾ

അർഹിക്കുന്ന രീതിയിലുള്ള അംഗീകാരം കിട്ടിയിട്ടില്ല എന്നത് സത്യമാണ്. പക്ഷേ അക്കാലത്തൊന്നും അത്തരം ചിന്തകൾക്കായി ഞാൻ വേണ്ട രീതിയിൽ പ്രാധാന്യം കൊടുത്തിട്ടില്ല.അക്കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല. അതുമാത്രമല്ല ഒരു സിനിമ കണ്ടിട്ട് അതുകൊണ്ട് പ്രേക്ഷകന് എന്നെ നേരിട്ട് ഐഡന്റിഫൈ ചെയ്യുന്നത് അത്ര എളുപ്പമല്ല. ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്ത നിമിഷം ആ സിനിമയിലെ കഥാപാത്രവുമായി സാമ്യതയുള്ള രൂപം ഞാൻ ഉപേക്ഷിക്കും. പക്ഷേ ഇയോബിന്റെ പുസ്തകം കഴിഞ്ഞ സമയത്ത് ശ്യാം എന്നോട് പറഞ്ഞിരുന്നു എനിക്ക് ഉടൻ തന്നെ അടുത്ത് വർക്ക് കിട്ടുമെന്ന്. അന്ന് ഞാനതൊക്കെ വളരെ സില്ലി ആയിട്ടെടുത്തു. മാത്രമല്ല അക്കാലത്ത് ഞാൻ ബുദ്ധിജീവി പടങ്ങൾ ആയിരുന്നു കൂടുതലായി ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒരു കൊമേഷ്യൽ സിനിമ എന്ന ലക്ഷ്യമെന്നും എനിക്കില്ലായിരുന്നു. അതിനുശേഷവും ഞാൻ ഒരു വർഷത്തിൽ രണ്ടോ മൂന്നോ പടങ്ങളായിട്ട് അഭിനയത്തിൽ നിലനിന്നിരുന്നു. പക്ഷെ കമേഷ്യൽ പടങ്ങളിലൊക്കെ ഞാൻ സജീവമാകാൻ ചിന്തിച്ച് തുടങ്ങിയത് അതിനൊക്കെ ശേഷമാണ്.അതിനിടയിലും ഞാൻ കുറേ ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. എല്ലാം നല്ല വർക്കുകൾ ആണ്. എന്റെ അഭിനയം എന്റെ ഭാഷ തുടങ്ങിയ എല്ലാം ഇംപ്രൂവ് ചെയ്യാൻ അത്തരം വർക്കുകൾ സഹായകരമായിട്ടുണ്ട്.

• വരും പ്രൊജക്ടുകൾ

പുതിയ വർക്കുകൾ ഒന്നും ഞാൻ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷേ സിനിമ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് . മന്ദാകിനി സിനിമക്ക് മുൻപേ തന്നെ വന്ന ഒരു പ്രൊജക്ടിനെ പറ്റിയുള്ള ചർച്ചയൊക്കെ നടക്കുന്നുണ്ട്.

Tags:    
News Summary - Mandakini Movie Actress Saritha KuKu's Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.