തികച്ചും വ്യത്യസ്തനാണ് ഷൈൻ ടോം ചാക്കോ. കാമറക്ക് മുൻപിലായാലും പിന്നിലായാലും, അടുത്ത നിമിഷം ഷൈനിൽ നിന്ന് വരുന്നതെന്താണെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല. മികച്ച നടൻ എന്നതിനൊപ്പം അഭിമുഖങ്ങളിലെ വ്യത്യസ്തത കൂടിയാണ് ഷൈനെ വാർത്താ മാധ്യമങ്ങളിൽ ലൈവായി നിർത്തുന്നത്.
അഭിമുഖം നടത്തുന്നയാൾ ചോദ്യം മാത്രമല്ല, ഷൈന്‍റെ ചോദ്യങ്ങൾക്കുള്ള മറുപടി കൂടി കരുതിവേണം കസേരയിലിരിക്കാൻ. പല അഭിമുഖങ്ങളും വിവാദങ്ങളിലേക്കെത്തിയിട്ടുണ്ടെങ്കിലും നിലപാട് ഉറക്കെ വിളിച്ച് പറയാൻ അദ്ദേഹം മടികാണിച്ചിട്ടില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി മനസിലേക്ക് ചേക്കേറിയ ഷൈൻ ടോം ചാക്കോ നിലപാട് വ്യക്തമാക്കുന്നു...
തുറന്നു പറയാൻ എന്തിനാണ് ഭയക്കുന്നത്. ഉള്ളകാര്യം പറയുന്നതല്ലേ ഏറ്റവും ഈസി. ഡിേപ്ലാമാറ്റിക്കായി പറയുന്നതല്ലേ ഏറ്റവും ബുദ്ധിമുട്ട്. കുറേകാലം കഴിഞ്ഞാൽ നമ്മൾ പറഞ്ഞത് പോലും ആർക്കും ഓർമയുണ്ടാവില്ല. എല്ലാ ചോദ്യങ്ങളും തമാശയായി എടുക്കാറില്ല. ചിന്തിച്ച് ഉത്തരം പറയേണ്ടി വരുന്ന ചോദ്യങ്ങളുണ്ട്. അവക്ക് അങ്ങിനെ തന്നെയാണ് മറുപടി നൽകുന്നത്. അതൊന്നും കളി ചിരിയിലൂടെ പറയാറില്ല.
പക്ഷെ, പല അഭിമുഖങ്ങളിലും കുസൃതി ചോദ്യങ്ങളായിരിക്കും. അതിന് അതേരീതിയിലേ മറുപടി പറയാറുള്ളൂ. ആളുകൾ ആ സെൻസിലാണ് എടുക്കുന്നതും. സിനിമയെയും അഭിമുഖത്തെയും രണ്ടായി കാണാൻ അവർക്കറിയാം. അതുകൊണ്ടല്ലേ എന്തു കുരുത്തക്കേട് കാണിച്ചാലും അവർ നമ്മുടെ സിനിമകൾ കാണുന്നത്. അവർ ഇഷ്ടപ്പെടുന്നത് സിനിമയെയും കഥാപാത്രങ്ങളെയുമാണ്. സിനിമക്ക് വണ്ടിയാണ് ഇന്‍റർവ്യൂ കൊടുക്കുന്നത്. കുറേകാലമായി പറയുന്നത് തന്നെ പറഞ്ഞിട്ട് കാര്യമില്ല.
ജാതി വ്യവസ്ഥയെ തുറന്നുകാണിക്കുന്ന ചിത്രമാണ് ഭാരത സർക്കസ്. മുൻപും ശക്തമായ ജാതി പ്രമേയങ്ങളുള്ള സിനിമകൾ വന്നിട്ടുണ്ടെങ്കിലും നേരിട്ട് ജാതിപ്പേര് പറയുന്നവ അപൂർവമാണ്. ദൈവത്തിനില്ലാത്ത ജാതി എന്തിനാണ് മനുഷ്യന്. എല്ലാ മതത്തിലും ജാതി വിവേചനമുണ്ട്. ഹിന്ദുക്കളിലേത് മാത്രമാണ് ചർച്ചയാകുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ജാതിയും വേർതിരിവുമുണ്ട്.
സിനിമയിലും ജാതിയുണ്ട്. പേരിൽ നിന്ന് ജാതി വാൽ മുറിച്ചാലും അത് മനസിൽ നിന്ന് മാറ്റാറില്ല. മൂടി വെച്ചതുകൊണ്ട് അതില്ലാതാവുന്നില്ല. ജാതി വ്യവസ്ഥ എന്ത് ഗുണമാണ് ഉണ്ടാക്കുന്നത് എന്ന് ചിന്തിക്കണം. കുട്ടിയായിരിക്കുമ്പോൾ തീവ്രവാദത്തെ കുറിച്ചോ ജാതിയെ കുറിച്ചോ ആലോചിച്ചിട്ടില്ല, പക്ഷെ, വലുതായി വരുമ്പോൾ ഇത് ജീവിതത്തിന്‍റെ ഭാഗമാകുന്നു. പ്രവാസികൾക്കിടയിൽ ജാതി വ്യവസ്ഥയില്ല, വെള്ളപ്പൊക്കം വന്നപ്പോഴും ജാതിയില്ല. സ്ത്രീ-പുരുഷൻ എന്നിങ്ങനെ രണ്ട് ജാതികളുണ്ട്, അതാണ് പ്രധാന ജാതികൾ.
വികസനത്തിൽ മുന്നോട്ടുപോകുമ്പോഴും നമ്മുടെ മനസുകൾ കൂടുതൽ സങ്കുചിതമാവുകയാണ്. വീട്ടിലുള്ളവർ പോലും കൂട്ടുകുടുംബമായി താമസിക്കുന്നില്ല. ഞാൻ ഉൾപെടെയുള്ള തലമുറക്ക് ഇതിന്‍റെ ഉത്തരവാദിത്വമുണ്ട്. ഇപ്പോൾ അഛൻ, അമ്മ, കുട്ടി എന്നത് മാത്രമാണ് കുടുംബം. അതിനപ്പുറം വിശാലമായ ചിന്തകൾ ഉണ്ടാകുന്നില്ല. സെൽഫി എടുക്കാൻ വരുന്നവർ പലപ്പോഴും മുഖത്ത് പോലും നോക്കാറില്ല. അവർക്ക് സെൽഫി മതി.
എന്നിട്ട് വീട്ടിൽ പോയി സൂം ചെയ്ത് നോക്കും. ഈ കാലത്തിന്‍റെ പ്രശ്നമാണത്. പകർത്തുകയല്ല ചെയ്യേണ്ടത്, കാര്യങ്ങളെ നേരിൽ നമ്മുടെ കണ്ണ് കൊണ്ട് നോക്കണം, അറിയണം. അത് നമുക്ക് പ്രചോദനം നൽകും. എനിക്ക് ഫോട്ടോക്ക് മുൻപിൽ നിൽക്കാൻ ഇഷ്ടമാണ്. എത്രയോ ഫോട്ടോ കിട്ടും ഒരു ദിവസം. കാമറക്ക് മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഒരു നടൻ ഉണ്ടാകുന്നത്.
ഏറ്റവും കൂടുതൽ ആകർഷിച്ച നടനാണ് മോഹൻലാൽ. പക്ഷെ, അദ്ദേഹത്തിനൊപ്പം ചിത്രം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ പരിചയപ്പെടാൻ പോലും സാധിച്ചിട്ടില്ല. ദൂരെ നിന്ന് കണ്ട് ആസ്വദിക്കുകയാണ് അദ്ദേഹത്തെ. നമ്മൾ ഒരു സാധനം കണ്ട് ഇഷ്ടപ്പെട്ടാൽ അത് സ്വന്തമാക്കാൻ പോകും, ഷെയ്ക് ഹാൻഡ് കൊടുക്കും, ഫോട്ടോ എടുക്കും. പക്ഷെ, എനിക്ക് അതുകൊണ്ട് തീരില്ല. അതുകൊണ്ട്, അവസരം കിട്ടുമ്പോൾ നല്ല ചിത്രവുമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കും.
ദുബൈയിൽ സിനിമ റിലീസിന് എത്തുന്നത് സ്വാഗതാർഹമാണ്. നാട്ടിൽ നിന്ന് വ്യത്യസ്തമാണ് പ്രവാസികളുടെ സിനിമ കാഴ്ചപ്പാട്. അവർ ഫ്രഷ് ആകാൻ വേണ്ടിയാണ് സിനിമ കാണാൻ തീയറ്ററിൽ എത്തുന്നത്. നാട്ടിൽ, താരങ്ങളോടുള്ള ഇഷ്ടം കൊണ്ടും സിനിമ കാണാൻ ആളുകൾ എത്തും. ഇവിടെ നല്ല സിനിമകൾക്ക് മാത്രമെ ആളുകൾ കയറൂ. എല്ലാവരും ജോലിതിരക്കല്ലേ. പകൽ ഷോകളിൽ കാണികൾ കുറവായിരിക്കും. രാത്രി ഷോയിലാണ് കൂടുതലും കാണികൾ കയറുന്നത്.
നല്ല സിനിമകളും സിനിമ താരങ്ങളും ദുബൈയിൽ നിന്നുണ്ടാവണം. അതിന് ഇവിടെയുള്ള സ്കൂളുകൾ മുൻകൈയെടുക്കണം. സ്കൂൾ തലം മുതൽ കലയെ പരിപോഷിപ്പിക്കണം. ഇന്ത്യൻ-മലയാളി സ്കൂളുകളിൽ പോലും അത്തരം സാഹചര്യങ്ങളില്ല. ഇക്കാര്യത്തിൽ കേരള സിലബസ് സമ്പന്നമാണ്. കലയും കായികവും ശാസ്ത്രവുമെല്ലാം കൊണ്ട് സമ്പന്നമാണ് കേരള സിലബസ്. സി.ബി.എസ്.ഇ പോലും അത്രക്ക് വരില്ല. കുട്ടികളിലെ കല-കായിക വാസനകൾ വളർത്താനാവശ്യമായ മേളകളും കേരളത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.