കേരള ക്രൈം ഫയൽസ്

വെബ് സീരീസുകൾ വരവറിയിച്ച കാലം

സിനിമ കാഴ്ചകളിലേക്ക് വ്യത്യസ്തതകൾ മിഴിതുറന്ന വർഷമായിരുന്നു 2023. പ്രമേയത്തിലും അവതരണത്തിലും കഥാപാത്ര നിർമിതിയിലും ചെറിയ തോതിലാണെങ്കിലും വാർപ്പുമാതൃകകളെ നിരാകരിച്ച് സിനിമ വ്യവസായം വ്യത്യസ്തത പുലർത്തി. കോവിഡാനന്തരം തിയറ്ററിലെ വിശാലമായ സ്ക്രീനിൽനിന്ന് ദൃശ്യാനുഭവത്തെ ലാപ് ടോപ്പിന്റെയും ആൻഡ്രോയിഡ് ഫോണിന്റെയും ഇത്തിരിവട്ടങ്ങളിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ കുടിയിരുത്തിത്തുടങ്ങിയ ചലച്ചിത്രമേഖല 2023ഓടെ സിനിമ എന്ന അടിസ്ഥാന ഫോർമാറ്റിനെ തന്നെ മാറ്റിപ്പണിഞ്ഞു. ക്രിക്കറ്റിൽ ദിവസം മുഴുവൻ നീളുന്ന 50 ഓവർ മത്സരങ്ങൾക്കു പകരം 20:20 വന്നതുപോലെ വെബ് സീരീസ് സിനിമയിൽ വരവറിയിച്ചു. രണ്ടും മൂന്നും മണിക്കൂർ സിനിമ കാണുന്നതിനു പകരം 30ഉം 45ഉം മിനിറ്റുള്ള ചെറിയ ഭാഗങ്ങൾ വിവിധ സീസണുകളിലായോ ഒറ്റ സീസണിലോ പുറത്തിറങ്ങുന്ന വെബ് സീരീസുകൾ മലയാളത്തിലും കടന്നുവന്നു.

സീരീസുകൾ തലവര മാറ്റുന്നു

സിനിമയുടെ കാഴ്ച ശീലങ്ങളെ അപ്പാടെ തകിടം മറിച്ചാണ് വെബ് സീരീസുകൾ അരങ്ങത്തേക്കുവന്നത്. ഇന്റർനെറ്റിന്റെയും മറ്റു സാ​ങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ വെബ് സീരീസുകൾ കാണികളെ അവരുടെ ഇടങ്ങളിൽ തേടിച്ചെന്നു. ഇതര ഭാഷകളിൽ വെബ് സീരീസുകൾ വർഷങ്ങൾക്കു മുമ്പേ കാണികൾക്കിടയിൽ സ്ഥാനം പിടിച്ചിരുന്നെങ്കിലും മലയാളത്തിൽ ‘കേരള ക്രൈം ഫയൽ’ എന്ന വെബ് സീരീസോടെയാണ് നവ ദൃശ്യാനുഭവങ്ങളിലേക്ക് കാണികൾ കടന്നത്.

നേരത്തേ ഇന്ത്യൻ ഒ.ടി.ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഹിന്ദി, തമിഴ്, തെലുഗ് വെബ് സീരീസുകളായിരുന്നു. മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര’ എന്ന പേരിൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ 2023 ജൂൺ 23ന് റിലീസ് ചെയ്തു. അജു വർഗീസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരീസിന്റെ തിരക്കഥ ആഷിഖ് ഐമറും സംവിധാനം അഹമ്മദ് കബീറും നിർവഹിച്ചു. ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം ഫെയിം) ആണ് സംഗീതം നൽകിയത്.

ഒരു കൊലപാതകത്തെ സംബന്ധിച്ച പൊലീസ് അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ആറ് എപ്പിസോഡുകളുള്ള ഈ പരമ്പരക്ക് പ്രേക്ഷകരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റർ പീസ് എന്നൊരു വെബ് സീരീസും ഈ വർഷം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. എൻ. ശ്രീജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ആയത്. നിത്യ മേനോൻ, ഷറഫുദ്ദീൻ, രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സീരീസ് കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയത്.

മമ്മുട്ടിയും കണ്ണൂർ സ്ക്വാഡും പിന്നെ കാതലും

തിയറ്റർ വിട്ടിറങ്ങുമ്പോൾ കൂടെ പോരാത്ത കഥാപാത്രങ്ങളാണ് ഇത്തവണയും മലയാള സിനിമയിൽനിന്ന് പ്രേക്ഷകന് കിട്ടിയത്. ‘കാതൽ ദി കോർ’ ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ സിനിമക്ക് തന്നെ മാതൃകയായ ശ്രദ്ധേയമായ സിനികളൊന്നും മലയാളത്തിൽനിന്ന് ഉണ്ടായില്ലെന്നതാണ് വാസ്‍തവം. ഊതിപ്പെരുപ്പിച്ച കഥാപാത്ര നിർമിതിയിൽ ​നായകന്മാർ അഭിരമിക്കുമ്പോൾ തിയറ്ററിൽ ഫാൻസിന്റെ കൈയടി മാത്രം ബാക്കിയാകുന്നു. അഭിനയ മുഹൂർത്തങ്ങൾ അന്യമായ തിരക്കഥകൾ വില്ലൻ റോളിലേക്കു കാസ്റ്റ് ചെയ്യപ്പെടുന്നു. മികച്ച തിരക്കഥയുടെ അഭാവമാണ് മിക്ക സിനിമകളുടെയും പ്രധാന പോരായ്മ.

പരീക്ഷണങ്ങളും അടയാളപ്പെടുത്തലുകളുമായി മലയാളത്തിൽ മമ്മുട്ടി എന്ന നടൻ നിറഞ്ഞാടിയ വർഷം കൂടിയായിരുന്നു 2023. തുല്യതയില്ലാത്ത സമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തുതെളിയിച്ച സിനിമയായിരുന്നു മമ്മുട്ടിയുടെതായി പുറത്തു വന്ന കാതൽ ദി കോർ. ജിയോ ബേബി എന്ന സംവിധായകൻ കൈയൊപ്പ് ചാർത്തിയ ചിത്രം പ്രേക്ഷകൻ ഇരു കൈയും നീട്ടി സ്വീകരിച്ചു. പൊലീസ് കഥാപാത്രങ്ങളായി മുമ്പും മമ്മുട്ടി നിരവധി വേഷം ചെയ്തിരുന്നുവെങ്കിലും കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലൂടെ അദ്ദേഹത്തിന്റെ മറ്റൊരു കരുത്തുറ്റ പൊലീസ് വേഷത്തിനും മലയാളം സാക്ഷിയായി. വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ അംഗങ്ങൾ ചേർന്ന് കുറ്റം തെളിയിച്ച യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തതാണ് കണ്ണൂർ സ്ക്വാഡ്. വ്യവസായിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളിസംഘത്തെ അന്വേഷണമികവിലൂടെ കണ്ടെത്തുന്ന കണ്ണുർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർഗീസ് രാജാണ്. മമ്മുട്ടി സ്വയം നിർമാണം ഏറ്റെടുത്ത കാതൽ ദി കോറും കണ്ണൂർ സ്ക്വാഡും ഹിറ്റ് ആയി എന്നതും ശ്രദ്ധേയമായി.

നേരോടെ മോഹൻ ലാൽ

വർഷാവസാനം പുറത്തിറങ്ങിയ ‘നേര്’ എന്ന ജിത്തു ജോസഫ് സിനിമയിലൂടെ മോഹൻലാൽ മലയാളത്തിലെ തന്റെ സ്ഥാനം ഭദ്രമാക്കി. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ വമ്പൻ കലക്ഷൻ നേടി. ‘ജിത്തുജോസഫ് ടച്ച്’ സിനിമയെ മികവുറ്റതാക്കി.

ചലച്ചിത്ര മേളകളും വിടാത്ത വിവാദങ്ങളും

തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മേള ഇത്തവണയും വിവാദങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ നേടി. സംഘാടനത്തിലെ പോരായ്മയോ സിനിമ തെരഞ്ഞെടുപ്പോ മറ്റു കാര്യങ്ങളോ ചലച്ചിത്ര മേളയിലെ വിഷയങ്ങളാകുന്നതിനു പകരം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ കൊണ്ട് മേള നിറം കെട്ടു. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ.ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരാര്‍ശങ്ങള്‍ വലിയ വിവാദത്തിനു തിരികൊളുത്തി.

 

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമക്ക് അവാർഡ് കൊടുക്കാതിരിക്കാൻ ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സംവിധായകൻ വിനയൻ ആരോപണം ഉന്നയിച്ചു. ചലച്ചിത്ര അക്കാദമിയിലെ ഭിന്നത മറനീക്കി പുറത്തുവരികയും ചെയർമാനെതിരെ അക്കാദമി അംഗങ്ങൾ സർക്കാറിന് പരാതി നൽകുന്ന സ്ഥിതി വിശേഷം കൈവരികയും ചെയ്തു. അതിനിടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെയർമാൻ രഞ്ജിത്തിനാട് വിശദീകരണം ചോദിക്കുകയും ചെയ്തു.

ഓർക്കാനൊന്നുമില്ലാതെ മലയാളം സിനിമ

കേരളം നേരിട്ട അതിഭീകരമായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ‘2018 എവരി വൺ ഈസ് എ ഹീറോ’ എന്ന സിനിമക്ക് വിദേശ മേളകളിലടക്കം ക്ഷണം ലഭിച്ചു. യഥാർഥ വസ്തുതയെ മറച്ചുവെച്ചാണ് സിനിമ എടുത്തത് എന്നതടക്കം നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും സാ​ങ്കേതികത്തികവും മേക്കിങ്ങും കൊണ്ട് 2018 ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലൊട്ടുക്കും വിദേശത്തും പ്രദർശിപ്പിച്ച സിനിമ കലക്ഷനിൽ റെക്കോഡ് സ്വന്തമാക്കി. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ്, ടൊവിനോ തോമസ് എന്നിവരടക്കം വൻ താരനിര സിനിമയിൽ അഭിനയിച്ചു.

ആക്ഷന് പ്രാധാന്യം കൊടുത്ത് സൂപ്പർ താരങ്ങളുടേതുൾപ്പെടെ പല സിനിമകളും ഇറങ്ങിയെങ്കിലും ആർ.ഡി.എക്സ് എന്ന സിനിമ ​വൻ വിജയമായി. റോബർട്ട്, ഡോണി, സേവ്യർ (ആർ.ഡി.എക്സ്) എന്നീ കൂട്ടുകാരുടെ അഗാധമായ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്തു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇടത്തരം കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ മനോഹരമായി ഇഴചേർത്ത ‘ഫാലിമി’ എന്ന സിനിമ പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കുടുംബബന്ധങ്ങളുടെ മനോഹാരിത ഭംഗിയായി ഉൾക്കൊള്ളിച്ചാണ് സിനിമ അണിയിച്ചൊരുക്കിയത്. നവാഗതനായ നിതീഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ് ഫാസിലിന്റെ പാച്ചുവും അദ്ഭുത വിളക്കും, പുരുഷ പ്രേതം, സുലൈഖ മൻസിൽ തുടങ്ങിയവയും പ്രേക്ഷക ശ്രദ്ധ ലഭിച്ച സിനിമകളിൽ ചിലതാണ്. മലയാളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സിനിമകൾ സാമ്പത്തിക വിജയം നേടി.

പരിക്കില്ലാതെ തമിഴ് സിനിമ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരീക്ഷണ സിനിമകൾ പുറത്തിറങ്ങുന്ന ഭാഷയാണ് തമിഴ്. എന്നാൽ കാര്യമായ അടയാളപ്പെടുത്തലില്ലാതെയാണ് തമിഴ് സിനിമ ഈ വർഷം കടന്നു പോകുന്നത്. എന്നിരുന്നാലും മലയാളത്തെ അപേക്ഷിച്ച് കാമ്പുള്ള സിനിമകൾ തമിഴിൽ പുറത്തു വന്നു.

വിടുതലൈ പാർട്ട് - 1

വെട്രിമാരൻ സംവിധാനം ചെയ്ത വിജയ് സേതുപതി അഭിനയിച്ച വിടുതലൈ പാർട്ട് - 1 ആണ് തമിഴിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കുന്നത്. തീവ്രവാദ വേട്ടയുടെ പേരിൽ പൊലീസ് ജനങ്ങളോട് എത്തരത്തിലാണ് പെരുമാറുന്നതെന്ന് ഈ ചിത്രം നമ്മോട് പറയുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ വ്യക്തമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നുവെന്നതാണ് ഈ സിനിമയുടെ ഹൈ​ലൈറ്റ്. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച മാമന്നൻ എത്ര പറഞ്ഞാലും തീരാത്ത ഇന്ത്യയുടെ ശാപമായ ജാതിവെറിയുടെ അപ്രിയ സത്യങ്ങൾ തന്നെ വീണ്ടും വീണ്ടും വിളിച്ചു പറയുന്നു. ജാതി വിരുദ്ധ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ജാതി രാഷ്ട്രീയത്തെ തിരശ്ശീലക്കു മുന്നിൽ വെളിപ്പെടുത്തുന്ന ഈ സിനിമ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി എത്രമാത്രം പിടിമുറുക്കിയിട്ടുണ്ടെന്നു കാണിക്കുന്നു.

വിശാൽ, എസ്.ജെ. സൂര്യ എന്നിവർ അഭിനയിച്ച വ്യത്യസ്തമായ സിനിമയാണ് മാർക്ക് ആന്റണി. പോർ തൊഴിൽ, ചിത്ത, ഗുഡ് നൈറ്റ് എന്നീ സിനിമകളും ​പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലിയോ, പൊന്നിയൻ സെൽവൻ 2, വാരിസു, തുണിവ് എന്നിവയും തമിഴിലെ പണം വാരിപ്പടങ്ങളായി.

ജവാൻ

എന്റർടെയിനറുകളും വൻ ഹിറ്റുകളും ആയെങ്കിലും അഭിനയ മുഹൂർത്തങ്ങൾ ഒന്നുമില്ലാതെ ബോളിവുഡ് ഇത്തവണയും നിരാശപ്പെടുത്തി. നായകന് ചുറ്റും യന്ത്രത്തോക്കുകളും പത്തിരുപത് വില്ലന്മാരും സദാ സമയം ഇരിപ്പുറപ്പിച്ചപ്പോൾ ‘ലഞ്ച് ബോക്സും‘ ’പികുവും’ പ്രേക്ഷകർ വെറുതെ ഓർത്തുപോയിരിക്കണം.

 

ആറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ആക്ഷൻ ത്രില്ലർ ചിത്രം ജവാൻ 2023 ലെ വൻ ഹിറ്റായിരുന്നു. ഷാരൂഖ് ഖാന്റെ തന്നെ പത്താനും സാമ്പത്തികമായി വിജയിച്ച പടങ്ങളുടെ മുൻ നിരയിലെത്തി. രൺധീർ കപൂറിന്റെ ആനിമൽ, ഗദ്ദാർ- 2 എന്നിവയും വിജയങ്ങളായി. ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപാൽ 1984, ഗൺസ് ആൻഡ് ഗുലാബ് എന്നീ വെബ് സീരീസുകളും ഹിന്ദിയിൽ പുറത്തിറങ്ങി.

ഓപൻ ഹൈമർ

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം ആറ്റം ബോംബ് കണ്ടു പിടിച്ച ഓപൻ ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ്. ഐറിഷ് നടനായ സിലിയാൻ മർഫിയാണ് ഓപൻ ഹൈമറായി വരുന്നത്.

ലിയനാർഡോ ഡി കാപ്രിയോ, 2023 ലെ മികച്ച നടനുള്ള ഓസ്കർ അാവാർഡ് നേടിയ ബ്രെണ്ടൻ ഫ്രോസർ, സംവിധായകനും നടനുമായ മാർട്ടിൻ സ്കോർസീസ്, റോബർട്ട് ഡീനീറോ എന്നിവർ അഭിനയിച്ച കി​ല്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചിത്രം വൻ ജന ശ്രദ്ധ നേടി. ദി കളർ പർപ്പിൾ, സംഗീതവും പ്രണയവും ഇഴുകിച്ചേർന്ന മാസ്റ്റ്റോവ്, വിഖ്യാത അമേരിക്കൻ ബാസ്കറ്റ് ബാൾ താരം മൈക്കൽ ജോർഡന്റെ ജീവിതവുമായി ബന്ധപ്പെട്ട് ബെൻ അഫ്‍ലക്ക് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ‘എയർ’ എന്നീ സിനിമകളും മികച്ച അഭിപ്രായം കരസ്ഥമാക്കി.

Tags:    
News Summary - The Era of Web Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT