'വിശേഷം'ഒ.ടി.ടിയിൽ വന്നിട്ട് കാണാമെന്ന് വിചാരിക്കരുത്; ആനന്ദ് മധുസൂദനൻ -അഭിമുഖം

വിശേഷം സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന നടനാണ് ആനന്ദ് മധുസൂദനൻ. അഭിനയത്തോടൊപ്പം തന്നെ തിരക്കഥാകൃത്തും സംഗീതസംവിധായകനുമൊക്കെയായി അതേ സിനിമയിൽ തന്നെ സാമീപ്യം അറിയിച്ച ആനന്ദ് മധുസൂദനൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു

വിശേഷം സിനിമയുടെ വിശേഷങ്ങൾ

സിനിമ റിലീസ് ചെയ്തതിന് ശേഷം തിയറ്റർ വിസിറ്റൊക്കെ നടത്തുന്ന സമയത്ത് സിനിമ കണ്ട പ്രേക്ഷകരൊക്കെ ഓടിവന്നു കെട്ടിപ്പിടിച്ചാണ് നമ്മളോട് സംസാരിക്കുന്നത്. അത്തരത്തിലൊരുപാട് സ്നേഹം സിനിമ വഴിയിപ്പോൾ കിട്ടുന്നുണ്ട്. എനിക്കാകെ പറയാനുള്ള കാര്യം എല്ലാവരുമിത് തിയറ്ററിൽ വന്നു കാണണമെന്നാണ്. അത് ഞങ്ങളുടെയൊക്കെയൊരാഗ്രഹം കൂടിയാണ്. ഇത് ഒ.ടി.ടിയിൽ വന്നിട്ട് കാണാമെന്ന് വിചാരിച്ചിരിക്കുന്ന ആളുകളോടെനിക്ക് പറയാനുള്ളത് ഇത് തിയറ്ററിൽ വന്നു കാണേണ്ട സിനിമയാണെന്നാണ്.

ചിന്നു ചാന്ദ്നിയുമായുള്ള കെമിസ്ട്രി

സിനിമയുടെ ഷൂട്ട് തുടങ്ങിയ ആദ്യത്തെ ദിവസത്തിലെല്ലാം ഞങ്ങൾ തീർത്തും അപരിചിതരായിരുന്ന രണ്ടു വ്യക്തികളാണ്. ഞങ്ങൾക്ക് തമ്മിൽ യാതൊരുവിധ പരിചയവും ഈ സിനിമക്ക് മുൻപ് ഉണ്ടായിട്ടില്ല. പക്ഷേ ചിന്നുവിനെ ഞാൻ ആദ്യമായി കാണുന്നത് വിശേഷം സിനിമയുടെ കഥ പറയാൻ വേണ്ടി സൂം കാൾ ചെയ്തപ്പോഴാണ്.അതിനുശേഷം ഷൂട്ടിന് മുൻപ് ഒരു തവണ കണ്ടിട്ടുമുണ്ട്. ആകെയുള്ള കണ്ടു പരിചയം അതാണ്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് ഒരു ഷോട്ട് കഴിഞ്ഞുള്ള അടുത്ത ഷോട്ട് എടുക്കുന്ന സമയം വരെയുള്ള ഗ്യാപ്പിലാണ് ഞങ്ങൾ പലപ്പോഴും ഒരുപാട് നേരം സംസാരിച്ചിരുന്നത്. നമുക്ക് എന്തും സംസാരിക്കാനുള്ള സ്പെയ്സ് തരുകയും, അതേസമയം നമ്മളെ കേൾക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് ചിന്നു. അത്തരത്തിൽ നമ്മളെ കേൾക്കുന്ന ഒരാളുണ്ട് എന്ന് തന്നെ ഏറ്റവും വലിയൊരു കാര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ കൂടെ വർക്ക് ചെയ്യുമ്പോഴും നമുക്കാ ഒരു കെമിസ്ട്രി കിട്ടും. ഒരു ഊഷ്മളതയുണ്ടാവും ആ ബന്ധത്തിൽ. അതുകൊണ്ടായിരിക്കാം ഞങ്ങൾ ചെയ്ത ആ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി അത്രത്തോളം വർക്കായത്. ഈ സിനിമയുടെ നല്ല വശം പ്രേക്ഷകർക്ക് കാണണമെങ്കിൽ ഷിജു- സജിത ദമ്പതികളുടെ കെമിസ്ട്രി അത്രത്തോളം വർക്കാവണം. അതിനെക്കുറിച്ച് നല്ല ബോധ്യവും ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു.


നായകനായത് അപ്രതീക്ഷിതം

ഞാൻ നല്ല രീതിയിൽ കഥ പറയും. എന്റെ കഥ പറച്ചിൽ അഭിനയിക്കുന്നതുപോലെ തന്നെയാണെന്നാണ് വിശേഷം സിനിമയുടെ സംവിധായകൻ സൂരജേട്ടൻ പറഞ്ഞത്. ഈ സിനിമയുടെ കഥ ഞാൻ സൂരജ് ചേട്ടനോട് ആദ്യമായി പറയുന്നതിനിടയിലെ ഒരു ഘട്ടത്തിൽ വെച്ചാണ് സൂരജ് ചേട്ടന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചത് ഈ കഥാപാത്രം നിനക്കു തന്നെ ചെയ്തൂടെ എന്ന്. അത്രകാലവും സിനിമയുടെ പിന്നണിയിൽ മാത്രം പ്രവർത്തിച്ചു ശീലമായ എനിക്കത് അത്ര സ്വീകാര്യമായ കാര്യമായിരുന്നില്ല. മാത്രവുമല്ല ഇതൊരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്നെ നായകനാക്കുക എന്ന വിഷയത്തിൽ എനിക്ക് കൂടി ബോധ്യമാകുന്ന രീതിയിലുള്ള വളരെ വ്യക്തമായ ചില കാരണങ്ങൾ കൂടി സൂരജ് ചേട്ടൻ മുൻപോട്ട് വെച്ചപ്പോൾ അത് വളരെ ശരിയാണെന്നെനിക്കും തോന്നി. 'പ്രൊഡിക്ടബിളല്ലാത്തൊരു നടൻ' അതായിരുന്നു പ്രധാന പോയിന്റ്. അതായത് നമുക്കറിയുന്ന ഏതെങ്കിലും ഒരു നടനായിരുന്നു ഈ സിനിമയിലെ ഷിജുവായി അഭിനയിച്ചിരുന്നതെങ്കിൽ ഉറപ്പായും സിനിമ നമുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റും. അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകർക്കറിയാൻ പറ്റും. പക്ഷേ ഈ കഥാപാത്രം ഞാനാണ് ചെയ്യുന്നതെങ്കിൽ ഒരു പുതുമയുണ്ടാവും. അതൊക്കെ തന്നെയാണ് എന്നെ നായകനാക്കാനുള്ള പ്രധാന കാരണവും. ഞാനാണെങ്കിൽ തിരക്കഥ എഴുതി കഴിഞ്ഞതിനുശേഷം മാത്രമാണ് നടനാരാണ് എന്നൊക്കെ ചിന്തിക്കുകയുള്ളൂ. സത്യത്തിൽ മലയാളത്തിലെ മുൻനിര നായകന്മാരെയൊക്കെ ഈ കഥാപാത്രത്തിന് വേണ്ടി ചിന്തിച്ചിട്ടുണ്ട്. അത്തരത്തിലാലോചിച്ചു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ തന്നെ ബേസിലിന്റെയടുത്തു കഥ പറയാനും പോയിട്ടുണ്ട്. ആ സമയത്ത് ബേസിലും ഇതേ കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. ചേട്ടന് തന്നെ ഇത് ചെയ്താൽ പോരേ എന്ന്. അതിന്റെ തുടർച്ച പോലെ തന്നെയാണ് സൂരജ് ചേട്ടൻ എന്നെ നായകനാക്കാമെന്നുള്ള തീരുമാനമെടുത്തതും.

 അഭിനയം ആസ്വദിക്കുന്നു

സംഗീതത്തിൽ നിന്നും തിരക്കഥയിലേക്ക് എത്തുന്ന ഘട്ടത്തിലെനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു ഇത് ഞാൻ തന്നെ ചെയ്യേണ്ടതാണെന്ന്. കൃഷ്ണൻകുട്ടി പണി തുടങ്ങി' സിനിമയുടെ തിരകഥാകൃത്താവുന്നതൊക്കെ അങ്ങനെയാണ്. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ ഞാൻ സ്വയം ആഗ്രഹിച്ചിട്ടല്ല ആ മേഖലയിൽ എത്തിയത്.അത് എന്റെ മുന്നിലേക്ക് വന്ന കാര്യമാണ്.അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം അത് അവിചാരിതമായ കാര്യമാണ്. പക്ഷേ എന്റെ മറ്റ് ഏതൊരു ഇഷ്ടവും ആസ്വദിക്കുന്നതുപോലെ ഞാനിപ്പോൾ അഭിനയവും ആസ്വദിക്കുന്നുണ്ട്.

 തിരക്കഥകൾ വേറെയുമുണ്ട്

കഴിവുകൾ തെളിയിക്കുക എന്നതിനപ്പുറത്തേക്ക് ഏറ്റവും വലിയ കാര്യമാണ് കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദി കിട്ടുക, അത് കൃത്യമായി വിനിയോഗിക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങളൊക്കെ . അത്തരം അവസരങ്ങളൊക്കെ എന്റെ മുമ്പിൽ വന്നത് എന്റെ വലിയ ഭാഗ്യമാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നതിനു മുൻപ് ഞാൻ വേറെയും തിരക്കഥകൾ എഴുതി വച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു സിനിമയായി പിന്നീട് മാറിയിട്ടില്ല. വാസ്തവത്തിൽ ഏറ്റവും ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമ വിശേഷമാണ്. പക്ഷേ കോവിഡ് സാഹചര്യം ഒക്കെ വന്നപ്പോൾ അത് ഷൂട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെയാണ് കൃഷ്ണൻക്കുട്ടി പണി തുടങ്ങി എന്ന സിനിമ തുടങ്ങുന്നതും വിശേഷം സിനിമ ചെയ്യാൻ ഡിലെ ആകുന്നതും.


പാട്ട് ഉണ്ടാക്കുന്നത് കാറിൽ വെച്ച്

വിശേഷം സിനിമയിലെ പാട്ടുകളൊക്കെ കാറിൽ യാത്ര ചെയ്യുന്ന വഴിക്കാണ് ഞാൻ കമ്പോസ് ചെയ്തത്. ചിത്രത്തിന്റെ രചയിതാവ് ഞാനായതുകൊണ്ട് തന്നെ ഷൂട്ടിന് മുൻപ് നാല് പാട്ട് ഉണ്ടാക്കണമെന്നെനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ കഥയും പ്രീപ്രൊഡക്ഷനുമൊക്കെയായി എനിക്കതിനുള്ള സമയം കിട്ടുന്നില്ലായിരുന്നു. അങ്ങനെയാണ് കാറിൽ ഇരിക്കുന്ന സമയത്ത് യാത്രയൊക്കെ ചെയ്യുന്നതിനിടയ്ക്ക് കമ്പോസ് ചെയ്യാൻ തുടങ്ങിയത്. വിശേഷം സിനിമയിൽ ബാഗ്രൗണ്ട് സ്കോർ സംഗീതം ഇവയൊക്കെ എന്റെ ഉത്തരവാദിത്തങ്ങളായി വരുന്ന സമയത്തും എനിക്കേറ്റവും വെല്ലുവിളിയായി അനുഭവപ്പെട്ടത് അതേ സിനിമയിൽ തന്നെയാണ് ഞാൻ അഭിനയിക്കുന്നതും തിരക്കഥ ചെയ്യുന്നതും എന്ന കാര്യത്തിലാണ്. അതായത് അഭിനയവും തിരക്കഥയും മുൻപോട്ടു കൊണ്ടുപോകുന്ന സമയം തന്നെ തന്നെ സമാന്തരമായി പശ്ചാത്തലം സംഗീതവും സംഗീതവും നന്നാകണം.

 ആദ്യ സിനിമ മോളി ആന്റി റോക്സ്

മോളി ആന്റി റോക്സ് എന്ന ആദ്യ സിനിമയിൽ സംഗീതസംവിധായകനായി എത്തുന്നതിന് മുൻപ് തന്നെ സിനിമ സംഗീതവുമായി ബന്ധപ്പെട്ട് സംവിധായരും സഹസംവിധായകരുമക്കെ താമസിക്കുന്ന ഇടങ്ങളിലൊക്കെ ഞാൻ പോകുമായിരുന്നു. ഞാൻ കമ്പോസ് ചെയ്ത പാട്ടുകൾ അവർ കേൾക്കാൻ വേണ്ടി അവിടുത്തെ സിസ്റ്റത്തിൽ എല്ലാം ശബ്ദം കൂട്ടി വെക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു . അത് കേട്ടിട്ടെങ്കിലും എനിക്കൊരു അവസരം കിട്ടട്ടെ എന്നാണ് ഞാൻ കരുതിയത്. എനിക്ക് രക്ഷപ്പെടാനുള്ള പലതരത്തിലുള്ള അവസരങ്ങളുമായി അപ്പോഴെല്ലാം എന്റെ സുഹൃത്തുക്കൾ കൂടെ നിന്നിട്ടുമുണ്ട്. മോളി ആൻഡ് റോക്സ് ഒക്കെ അങ്ങനെ വന്ന സിനിമയാണ്. എന്നാൽ അതിനു മുൻപ് തന്നെ രഞ്ജിത്ത് ശങ്കർ മെയ് ഫ്ലവർ എന്ന ഒരു സിനിമയുമായി എന്നെ സമീപിച്ചിരുന്നു. പക്ഷേ ആ സിനിമ പിന്നീട് സംഭവിച്ചില്ല. അതിന് ശേഷമാണ് മോളി ആന്റി ചെയുന്നത്

 സൗണ്ട് എഞ്ചിനീയറായി ജോലി

റെഡ് എഫ് എമ്മില്‍ സൗണ്ട് എഞ്ചിനീയറായി ജോലിക്ക് കയറിയത് തന്നെ വീട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ അപ്പോഴും എനിക്കിഷ്ടം സംഗീതം തന്നെയായിരുന്നു. മാത്രവുമല്ല എന്റെ ഇഷ്ടങ്ങളുടെ കൂടെ പോകുവാൻ എനിക്ക് സാമ്പത്തിക ബലം വേണമായിരുന്നു. അത്തരത്തിൽ നിലനിൽപ്പിന്റെ ഭാഗമായിട്ട് കൂടിയാണ് ജോലി തുടർന്നത്. പിന്നെ ആ ജോലി അധികകാലം കൊണ്ടുപോകില്ല എന്നുള്ള ഉറപ്പും എനിക്കുണ്ടായിരുന്നു. പിന്നീട് പാഷന്റെ പുറകെ സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ജോലി രാജിവെക്കുന്നത്.


ഗന്ധര്‍വാസ് ബാൻഡ്

എന്റെ നാട് ഇരിങ്ങാലക്കുടിയാണ്. പക്ഷേ പഠിച്ചതും വളർന്നതൊക്കെ പല സ്ഥലങ്ങളിലായിട്ടാണ്. ഇപ്പോൾ എറണാകുളത്താണ്. കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചിരുന്നതൊക്കെ. അവിടുത്തെ സൗഹൃദങ്ങൾ മൊത്തത്തിൽ സംഗീതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അന്നൊന്നും ബാൻഡ് എന്ന സംഭവം കേരളത്തിലധികമൊന്നുമില്ല. അതുകൊണ്ടുതന്നെ ബാൻഡ് വഴി ഒരുപാട് മുമ്പോട്ട് സഞ്ചരിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പന്ത്രണ്ടാം വയസ്സില്‍ സ്ക്കൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഗന്ധര്‍വാസ് എന്ന ബാന്‍ഡിനു രൂപം നല്‍കിയത്. പിന്നീട് പഠനവും മറ്റു കാര്യങ്ങളും ഒക്കെയായി പലവഴിക്ക് എല്ലാവരും പിരിഞ്ഞെങ്കിലും ഞാൻ സംഗീതം തന്നെ ഫോക്കസ് ചെയ്തു.

വരും പ്രോജക്ടുകൾ

മുൻപോട്ടുള്ള കാര്യത്തെക്കുറിച്ച് ഞാൻ ഒരുപാടൊന്നും ചിന്തിച്ചു കൂട്ടിയിട്ടില്ല. എന്നാലും ഞാൻ ആഗ്രഹിക്കുന്നത് ഇഷ്ടമുള്ള കഥ സിനിമയാക്കുക എന്നതാണ്. പിന്നെ അഭിനേതാവ് എന്ന നിലയ്ക്ക് മുൻപോട്ടുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണ ആയിട്ടില്ല. അഭിനയത്തിലെ ആദ്യ നിമിഷത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നത്

Tags:    
News Summary - Vishesham Movie Actor Anand Madhusoodanan Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT