ബ്ലാക്ക് ആൻഡ് വൈറ്റിൽ കൊടുമൺ പോറ്റിയായി വന്ന മമ്മൂട്ടിയുടെ അഭിനയ ചടുലത മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തി കഴിഞ്ഞു. ‘ഭ്രമയുഗം’ മലയാളക്കരയാകെ തീർത്ത അലയൊലികൾ അത്ര പെട്ടെന്നൊന്നും കെട്ടടങ്ങില്ല.
‘ഭ്രമയുഗ’ത്തിന് ഏതെങ്കിലുമൊരു സിനിമയോട് സാമ്യതയുണ്ടാകുമോ എന്ന ചോദ്യമാണ് തിയറ്റർ വിട്ടിറങ്ങിയപ്പോൾ മുതൽ ചിന്തിച്ചുതുടങ്ങിയത്. ആ ചോദ്യം അപ്രസക്തമാണെങ്കിലും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന തോന്നലിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് രണ്ട് സിനിമകളാണ്. റാഹി അനിൽ ബാർവെ സംവിധാനം ചെയ്‌ത 2018ലെ ഇന്ത്യൻ ഹിന്ദി ഭാഷാ നാടോടി ഹൊറർ ചിത്രം ‘തുംബാദ്’ ആണ് അതിലൊന്ന്. മറ്റൊന്ന് 2019ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രം ‘ലൈറ്റ് ഹൗസ്’. ‘ഭ്രമയുഗ’ത്തിനോട് സാദൃശ്യപ്പെടുത്താൻ സാധ്യമല്ലെങ്കിലും എവിടെയൊക്കെയോ ചേർച്ചകൾ ഉള്ളതായി തോന്നിപ്പോവുന്നുണ്ട്.
ഇംഗ്ലീഷ് സംവിധായകൻ റോബർട്ട് എഗേഴ്സ് സഹോദരൻ മാക്സ് എഗേഴ്സെനും ചേർന്ന് തിരക്കഥയെഴുതി 2019ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ത്രില്ലർ ചിത്രമാണ് ‘ദ ലൈറ്റ് ഹൗസ്’. ആർത്തടിക്കുന്ന തിരമാലകൾ, വീശിയടിക്കുന്ന കാറ്റും മഴയും പേടിയോടെയും ജിജ്ഞാസയോടെയും മാത്രമേ ഈ സിനിമ കണ്ടുതീർക്കാനാകൂ. കഥാപാത്രങ്ങൾ രണ്ടുപേർ മാത്രം, ബ്ലാക്ക് ആൻഡ് വൈറ്റ്, സാദാ സിനിമകളിൽനിന്ന് കുറഞ്ഞ റേഷ്യോ... അങ്ങനെ ‘ഭ്രമയുഗ’ത്തിന്‍റെ മേക്കിങ് രീതികൾ ‘ലൈറ്റ് ഹൗസി’നോട് ചേർന്നുനിൽക്കുന്നതാണ്.
‘തുംബാഡ്’ ഒരു ഫാന്‍റസി, ഹൊറർ ഫ്ലിക്ക്, മാനുഷിക ധാർമികതയെക്കുറിച്ചുള്ള കഥയാണ്. മുത്തശ്ശിമാർ പറയുന്ന നാടോടി കഥപോലെ നമ്മെ വേറൊരു ഭ്രമിപ്പിക്കുന്ന ലോകത്തേക്ക് ആനയിക്കുന്നു. അവിടെ നിങ്ങൾ ഒറ്റക്കായിരിക്കും എന്നാൽ, ഭയപ്പെടുത്തുന്ന എന്തോ ഒന്ന് നിരന്തരം നിങ്ങളെ വേട്ടയാടിെക്കാണ്ടിരിക്കും. അതിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കും തോറും ആഴമുള്ളൊരു ഗർത്തത്തിൽ നിങ്ങളും മനസ്സും പതിച്ചിട്ടുണ്ടാവും.
കോപാകുലരായ ദൈവങ്ങൾ വറ്റാത്ത മഴയാൽ ശപിക്കപ്പെട്ട, പശ്ചിമ ഇന്ത്യയിലുള്ള ഗ്രാമമാണ് തുംബാഡ്. മൂന്ന് അധ്യായങ്ങളിലായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തിരക്കഥയുടെ ത്രീ ആക്ട് ഘടനപോലെ ഓരോ അധ്യായവും മറ്റൊന്നിൽനിന്ന് 14 വർഷം കൊണ്ട് വേർതിരിച്ചിരിക്കുന്നു. തുംബാഡിൽ ഒരു പ്രേത മാളികയുണ്ട്. പിന്നെ കണ്ടെത്താനാകാത്ത ഒരു നിധിയും. അത് കണ്ടെത്താനുള്ള സാധ്യതയിൽ ആകൃഷ്ടനായ കുട്ടിയാണ് വിനായക്.
അവന്‍റെ അമ്മ ആ ആകർഷണത്തെ അത്യാഗ്രഹമാണെന്ന് തിരിച്ചറിയുന്നു. അത് തടയാൻ, അവർ ഗ്രാമത്തിൽനിന്ന് ബോട്ടിൽ പുറപ്പെടുന്നു. തുംബാദിലേക്ക് മടങ്ങില്ലെന്ന് ആ യാത്രയിൽവെച്ച് പ്രതിജ്ഞയെടുക്കുന്നു. അതിശയോക്തി നിറഞ്ഞ അവതരണവും സമർഥമായ അഭിനയവുമാണ് തുംബാദിനെ വേറിട്ടുനിർത്തുന്നത്. ‘ഭ്രമയുഗ’ത്തിന് സമാനമായിതന്നെ മനുഷ്യന്‍റെ വിധിയും അത്യാഗ്രഹവും അധികാരമോഹവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ ബാക്കിഭാഗം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.