ആമിർ ഖാന്‍റെ 60-ാം പിറന്നാൾ ആഘോഷിക്കാൻ സൽമാൻ ഖാനും ഷാരൂഖ് ഖാനും എത്തി. എന്നാൽ ഏറെ ചർച്ചയാവുന്നത് അന്ദാസ് അപ്‌നാ അപ്‌നാ 2 ഉണ്ടാകുമോ എന്നാണ്. രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിലിലാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. റിലീസ് ചെയ്തപ്പോൾ വലിയ വിജയമായില്ലെങ്കിലും കഥാപാത്രങ്ങളുടെ വിചിത്രമായ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം ആരാധകരെ നേടി.
ചിത്രത്തിന് തുടർഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ മൂന്ന് ഖാൻമാരും സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അഭിനേതാക്കൾ കമ്മിറ്റ് ചെയ്ത് ഡേറ്റ് നൽകിയാൽ തിരക്കഥ തയാറാക്കാമെന്ന് സന്തോഷി മുമ്പ് പറഞ്ഞിട്ടുണ്ട്. ആമിർ ഖാന്‍റെ 60-ാം പിറന്നാൾ ആഘോഷത്തിൽ സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ സാന്നിധ്യമാണ് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.
അതേസമയം, രാജ്കുമാർ സന്തോഷിയും ആമിർ ഖാനും ഇപ്പോൾ ലാഹോർ 1947 എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. സണ്ണി ഡിയോൾ, പ്രീതി സിൻ്റ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ആമിർ ഖാനാണ് നിർമിക്കുന്നത്. ഈ വർഷം ജൂണിൽ ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.