നടൻ മണി മായമ്പിള്ളി അന്തരിച്ചു

പറവൂർ: കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.

തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.

നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.

Tags:    
News Summary - Actor Mani Mayampilly has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.