ഹൈദരാബാദ്: പ്രാദേശിക വാർത്ത ചാനൽ റിപ്പോർട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയിൽ തെലുങ്ക് നടനും നിർമാതാവുമായ മോഹൻ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ് ആക്രമിക്കപ്പെട്ടത്. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വഴക്ക് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്. അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് ജേണലിസ്റ്റ് യൂനിയൻ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവർത്തകനെ മോഹൻ ബാബു മൈക്ക് ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മനോജും ഭാര്യയും ചേർന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജൽപള്ളിയിലെ വീട് കൈവശപ്പെടുത്താൻ പദ്ധതിയിടുന്നതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ബാബു പൊലീസിൽ പരാതി നൽകിയതോടെയാണ് മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്. എന്നാൽ, സ്വത്തിന്റെ ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനായാണ് താൻ പോരാടുന്നതെന്ന് മനോജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം ഡിസംബർ എട്ടിന് അജ്ഞാതരായ പത്തുപേർ വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് കാണിച്ച് മനോജ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.