അടൂർ: അടൂർ ഭവാനിയുടെ ഓർമകൾ പുതുതലമുറക്ക് പകർന്നു നൽകാൻ അടൂരിൽ ഒന്നുമില്ല. അടൂരിനെ യശസ്സിലേക്ക് ഉയർത്തിയ അടൂർ ഭവാനിയുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് 'അടൂർ ഭവാനി' എന്ന് എഴുതിയ ഗേറ്റ് മാത്രമാണ് ശേഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതും മാറ്റുന്നതോടെ ഒരു വലിയ കലാകുടുംബം ഓർമയിലാവും.
നഗരസഭ നാലാം വാർഡിൽ പന്നിവിഴയിൽ രണ്ടേക്കർ സ്ഥലമാണ് ഭവാനിക്ക് ഉണ്ടായിരുന്നത്. ഭവാനിയുടെ നിര്യാണത്തെ തുടർന്ന് മകൻ രാജീവ് കുമാറും കുടുംബവും വീടും സ്ഥലവും വിറ്റ് പതിനാലാം മൈലിലേക്ക് താമസം മാറ്റിയിരുന്നു. തദ്ദേശവാസികൾ മറന്ന അടൂർ ഭവാനിയെ കുറിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ, സമൂഹമാധ്യമങ്ങളിൽ എഴുതിയ വാചകങ്ങൾ ചിന്തിപ്പിക്കുന്നതാണ്.
'ഏതൊരു അടൂർക്കാരനും അഭിമാനമാകുന്നത് കലാ -സാഹിത്യാദി കാര്യങ്ങളിൽ ലോകം ശ്രദ്ധിച്ച വ്യക്തിത്വങ്ങളിലൂടെയാണ്. നവസിനിമകൾ റിയാലിറ്റി എന്ന് ചൂണ്ടിക്കാട്ടുമ്പോൾ, എത്രയോ മുമ്പ് ഭവാനിയും പങ്കജവുമൊക്ക ജീവിച്ചുകാട്ടിയ കഥാപാത്രങ്ങളായി നിറഞ്ഞുനിന്നു. അടൂരിന്റെ സ്വന്തം പ്രതിഭകളെ വരുംതലമുറക്ക് ഒന്നോർത്തെടുക്കാൻ തക്കവണ്ണം എന്തെങ്കിലുമൊന്ന് കോറിയിടാൻ, ആരെങ്കിലും ശ്രമിച്ചുവോ? ശ്രമിക്കുന്നുണ്ടോ? അറിയില്ല. അടൂർ ഭവാനിയുടെ കുടുംബവീടും സ്ഥലവും റിയൽ എസ്റ്റേറ്റുകാർ വിലയ്ക്ക് വാങ്ങി. അവിടെയിനി വില്ലകൾ ഉയരും.
പുതിയ താമസക്കാരുടെ വീട്ടിലേക്ക് വിരുന്നു വരുന്നവർക്ക് വഴി പറഞ്ഞുകൊടുക്കുമ്പോൾ 'അടൂർ ഭവാനിയുടെ വീട്' ചോദിച്ചാൽ മതിയെന്ന് പറയുമായിരിക്കും അല്ലേ? അല്ലെങ്കിൽ നമ്മൾ ആകെ ചെയ്ത അടൂർ ഭവാനി റോഡ് 'ഗൂഗിൾ' കാണിച്ചു കൊടുക്കുമായിരിക്കും. ആ റോഡിന്റെ വടക്കേയറ്റം ഒരു വലിയ കലാകാരി താമസിച്ചിരുന്നു...'
അടൂർ പാറപ്പുറത്ത് വീട്ടിൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മക്കളായ ഭവാനിയും സഹോദരി പങ്കജവും മലയാള ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായിരുന്നു. 2009 ഒക്ടോബർ 25ന് ഭവാനിയും 2010 ജൂൺ 26ന് പങ്കജവും അന്തരിച്ചു. അടൂരിനെ ഒപ്പം ഏറ്റിയ താരസഹോദരിമാരെ സ്മരിക്കാൻ അടൂരുകാരല്ലാത്ത വ്യക്തികളുടെ അനുസ്മരണം നടത്തുന്ന സംഘടനകൾപോലും ഇതുവരെയും തയാറായിട്ടില്ല. ഭവാനിയുടെയും പങ്കജത്തിന്റെയും പേരിൽ ചില രാഷ്ട്രീയ സംഘടനകൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് മുളയിലെ കരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.