2023ൽ റിലീസ് ചെയ്ത്, തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ മാരി സെൽവരാജ് ചിത്രമാണ് 'മാമന്നൻ'. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരവറിയിച്ച വടിവേലുവും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഫഹദ് ഫാസിലും ഒന്നിച്ച ചിത്രം കൂടിയായിരുന്നിത്. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. നായകനെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് സവർണ്ണ പ്രതിനായക കഥാപാത്രമായ ഫഹദ് ഫാസിലിന്റെ രത്നവേലുവാണ്.
മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാരീശൻ'. 2024ൽ പ്രഖ്യാപിച്ച ചിത്രമാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ചിത്രം 2025 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശൻ. മാമന്നനിൽ നിന്നും വ്യത്യസ്തമായ ഒരു ഴേണറിലാകും ചിത്രം എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കർ.
നിരവധി ഹിറ്റുകൾ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിൻറെ 98-ാം ചിത്രമാണ് മാരീശൻ. കലൈസെൽവൻ ശിവജിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവൻ ശങ്കർ രാജയുമാണ്. പുഷ്പ 2 ആയിരുന്നു ഫഹദിൻറേതായി ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.