പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായികയും ലക്ഷദ്വീപ് സമരനായികയുമായ ഐഷ സുൽത്താന. '124 (A)' എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ലാൽ ജോസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. 'ഫ്ലഷ്' എന്ന സിനിമക്കുശേഷം ഐഷ സംവിധാനം ചെയ്യുന്ന സിനിമയാണ് '124 (A)'.
പ്രുഫൽ പേട്ടൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം നടപ്പാക്കിയ ജനേദ്രാഹ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയാണ് ഐഷ ശ്രദ്ധേയയായത്. ചാനൽ ചർച്ചയിലെ ചില പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം വരെ ഐഷയുടെ മേൽ ചുമത്തപ്പെട്ടു. പുതിയ സിനിമ തന്‍റെ കഥയല്ലെന്നും ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണെന്നും ഐഷ പറയുന്നു.
'ഞാനിന്ന് ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു. അല്ല. ചിലർ എന്നെ മാറ്റിയിരിക്കുന്നു... ഈ പിറന്നാൾ ദിവസം, ഈ വർഷം ഞാനൊരു രാജ്യദ്രോഹി. എന്‍റെ നേരാണ് എന്‍റെ തൊഴിൽ. വരുംതലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം. ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്‍റെ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ആയിരിക്കുന്നു' -പുതിയ സിനിമയെ കുറിച്ച് ഐഷ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നെന്‍റെ പിറന്നാളാണ്. മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം. എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം. ഞാനിന്ന് ഓർത്തെടുക്കുവാണ് എന്‍റെ ആ പഴയ കാലം. ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്ന് അതിരാവിലെ എഴുന്നേറ്റ്, ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു, സ്കൂൾ മൈതാനത്തു ദേശീയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ. 'ഇന്ത്യ എന്‍റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചുകൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ. ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ. കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തിൽ എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ...
ഒരു ഒഴുക്കിൽപെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടെ നിന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു. കാരണം, എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി. ആദ്യമായി സ്വന്തം കൈപ്പടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്‍റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്‍റെ നാടിനോടുള്ള എന്‍റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു. ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു. അല്ല, ചിലർ എന്നെ മാറ്റിയിരിക്കുന്നു...
ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി. എന്‍റെ നേരാണ് എന്‍റെ തൊഴിൽ. വരുംതലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ച പോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം. ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്‍റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്‍റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു. ഇതെന്‍റെ കഥയാണോ? അല്ല. പിന്നെ, ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്. We fall only to rise again...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.