തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രം, നസ്ലെൻ ഗഫൂർ അടങ്ങുന്ന പ്രധാന കഥാപാത്രങ്ങളുടെയെല്ലാം കിടിലൻ മേക്കൊവർ, ഇൻഡസ്ട്രിയിലെ തന്നെ മികച്ച ടെക്നീഷ്യൻസ്, സ്പോർട്സ് കോമഡി ഴേണറിൽ പെടുന്ന ഇതിവൃത്തം, ആലപ്പുഴ ജിംഖാനക്ക് വേണ്ടി കാത്തിരിക്കാൻ കാരണങ്ങൾ ഒരുപാടായിരുന്നു. ചെയ്ത നാല് ചിത്രങ്ങളും നാല് വ്യത്യസ്ത രീതിയിൽ ട്രീറ്റ് ചെയ്ത ഖാലിദ് റഹ്മാൻ ആലപ്പുഴ ജിഖാനയും മറ്റ് ചിത്രങ്ങളുമായി ബന്ധമില്ലാതെയാണ് അവതരിപ്പിച്ചത്.
മലയാള സിനിമയിൽ നിലവിൽ കണ്ടുവരുന്ന സ്റ്റൈൽ ഓവർ സബ്സ്റ്റൻസ് ഫോർമാറ്റിൽ തന്നെയാണ് ആലപ്പുഴ ജിംഖാനയുടെയും അവതരണം. തികഞ്ഞ ആത്മവിശ്വാസത്തോടെ ഖാലിദ് റഹ്മാൻ ജിഖാനയുടെ കഥ മുഴുവൻ ഒരു അഭിമുഖത്തിൽ വിളിച്ചുപറയുന്നുണ്ട്. അതിനപ്പുറത്തേക്ക് കഥാപരമായി സിനിമയിൽ യാതൊന്നും ഒളിപ്പിച്ചു വെച്ചിട്ടില്ല. എന്നാൽ കഥ എന്താണെന്ന് അറിഞ്ഞിട്ടും തുടക്കം മുതൽ ഒടുക്കം വരെ പ്രക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്. നിറഞ്ഞ ഓഡിയൻസിൽ നല്ലൊരു തിയേറ്ററിൽ ഒരു താളത്തിൽ കാണാവുന്ന സിനിമയാണ് ആലപ്പുഴ ജിംഖാന.
ഖാലിദ് റഹ്മാന്‍റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തല്ലുമാല എന്നിവ പ്രതീക്ഷിച്ചു പോയാൽ നിരാശയായിരിക്കും ഫലം. തിരക്കഥക്ക് മുകളിൽ സ്റ്റൈലിനും മേക്കിങ്ങിനും മുൻഗണന നൽകിയപ്പോൾ സ്ക്രിപ്റ്റ് കുറച്ചുകൂടി ഭേദമാക്കാമായിരുന്നു എന്നൊരു തോന്നൽ അങ്ങിങ്ങായി ജനിപ്പിക്കുന്നുണ്ട്. പല സന്ദർഭങ്ങളിലും ഖാലിദ് എന്ന എഴുത്തുകാരന് പാളിയപ്പോൾ ഖാലിദ് എന്ന മേക്കറാണ് ചിത്രത്തെ താങ്ങി നിർത്തിയത്. സാധാരണ ഗതിയിൽ കണ്ടുവരുന്ന തുടക്കം മുതൽ ഒടുക്കം വരെ അഡ്രെലെയ്ൻ റഷും വമ്പൻ കായിക നിമിഷങ്ങളുമെല്ലാമുള്ള ഒരു ക്ലീഷെ സ്പോർട്സ് ഡ്രാമ അല്ല ജിഖാന എന്ന് ഓർമിപ്പിക്കുന്നു. ക്ലീഷകളെ മുഴുവനായി പൊളിച്ചെഴുതുന്ന ഒരു ഫെസ്റ്റിവൽ എന്‍റർടെയ്ൻമെന്‍റ് മൂഡിലാണ് കഥ പറച്ചിൽ. എന്നാൽ ചില നിമിഷങ്ങളിൽ പ്രേക്ഷകനെ രോമാഞ്ചമടിപ്പിക്കാനും ഖാലിദിന് സാധിച്ചു.
സമകാലിന സംഗീത സംവിധായകരുടെ ഇടയിലെ ഒരു കൊമ്പനാണ് താനെന്ന് വിഷ്ണു വിജയ് വീണ്ടും തെളിയിക്കുന്നു. സിനിമയുടെ നറേഷനെ കണക്കിലെടുത്തുകൊണ്ട് അതിന്‍റെ ആഴത്തെ കൃത്യമായി പ്രേക്ഷകരുടെ ഉള്ളിൽ പ്ലേസ് ചെയ്യാൻ അദ്ദേഹത്തിന്‍റെ സംഗീതത്തിന് സാധിക്കുന്നു. കഥാ സന്ദർഭത്തോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളും അതിനൊത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമാണ് വിഷ്ണു ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം എൻഗേജിങ് ആക്കുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് അത്രയേറെ വലുതാണ്. ജിംഷി ഖാലിദിന്‍റെ ഛായഗ്രഹണവും മരണപ്പെട്ട നിഷാദ് യൂസുഫിന്‍റെ എഡിറ്റും സംഗീതം പോലെ തന്നെ മികച്ചു നിൽക്കുന്നു. ബോക്സിങ് റിങ് സീനുകളുടെ ക്വാളിറ്റിയും ഷോട്ട് ഡിവിഷനുകളും ഇത് വെളിവാക്കുന്നതാണ്.
അഭിനേതാക്കളുടെ പ്രകടനങ്ങളാണ് മറ്റൊരു പ്രധാന പോസീറ്റീവ് ഘടകം. ലുക്മാൻ അവറാൻ, നസ്ലെൻ, ഗണപതി, സന്ദീപ് പ്രദീപ്, ഷോൺ ജോയ്, ബേബി ജീൻ, ഫ്രാങ്കോ ഫ്രാൻസിസ്, നോയില ഫ്രാൻസി, അനഘ രവി, ഷിവ ഹരിഹരൻ, കാർത്തിക്ക് എന്നിവരാണ് പ്രാധാന വേഷങ്ങളിലെത്തുന്നത്. ഇവരോടൊപ്പം കോട്ടയം നസീർ, സലീം ഹസൻ, (മറിമായം പ്യാരി), നന്ദ നിഷാന്ത് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥാപാത്രങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രകടനങ്ങളാണ് എല്ലാവരും നടത്തിയത്. സിറ്റുവേഷനൽ കോമഡികളും ലൈറ്റ് ഹേർട്ടഡ് നിമിഷങ്ങളും ഹൈ മൊമന്‍റുകളുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിക്കാൻ അഭിനേതാക്കൾക്ക് സാധിക്കുന്നുണ്ട്. വമ്പൻ സ്പോർട്സ്മാൻ സ്പിരിറ്റുള്ള അങ്ങേയറ്റത്തെ കോൺഫിഡൻസുള്ള ടീമിലെ പ്രധാനിയായ ജോജോയെ ആണ് നസ്ലെൻ അവതരിപ്പിച്ചത്.
സ്വാഭാവികമായുള്ള ചാർമിനൊപ്പം നസ്ലെന്‍റെ ചില നമ്പറുകൾ ഇത്തവണയും പ്രക്ഷകരെ കയ്യിലെടുക്കുന്നു. കോച്ചിന്‍റെ വേഷം ചെയ്ത ലുക്മാൻ അവറാന്‍റെ ഒരു വ്യത്യസ്ത പ്രകടനമായിരുന്നു ആന്‍റണി ജോഷുവ. ആ കഥാപാത്രത്തിന്‍റെ ഇമോഷൻസും പ്രഭാവലയവും ലുക്മാനിൽ സേഫായിരുന്നു. ഇവരോടൊപ്പം ഗണപതിയും കയ്യടി അർഹിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മറ്റ് അഭിനേതാക്കളും കട്ടക്ക് കട്ട നിന്നപ്പോൾ പ്രേക്ഷകന് ബോറടിക്കാതെ ചിത്രം കണ്ടിരിക്കാൻ സാധിക്കുന്നുണ്ട്.
സ്ഥിരം പാറ്റേണിൽ കാണുന്ന സ്പോർട്സ് ഡ്രാമകളിൽ നിന്നും വ്യത്യസ്തമായി ഖാലിദ് റഹ്മാൻ ഒരു 'വൈബിൽ' അവതരിപ്പിച്ച ചിത്രമാണ് ആലപ്പുഴ ചിംഖാന. അവിടിവിടയായി പാളിച്ചകളുള്ള എന്നാൽ റിയലിസ്റ്റിക്കായും സിനിമാറ്റിക്ക് എലമെന്‍റുകളുമായും ചേർത്തിണക്കിയ ഖാലിദ് റഹ്മാന്‍റെ ഒരു പഞ്ചാര പഞ്ച് എന്ന് വിശേഷിപ്പിക്കാം ജിഖാനയെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.