ഫഹദിനെ നായകനാക്കി രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ച് 'ബാഹുബലി'; നിർമാതാക്കൾ അർക്ക മീഡിയ വർക്‌സ്‌

കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ച് ബ്രഹ്‌മാണ്ഡ ചിത്രം 'ബാഹുബലി'യുടെ നിർമാതാക്കളായ അർക്ക മീഡിയ വർക്ക്സ്. ശശാങ്ക് യെലേറ്റിയുടെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ', സിദ്ധാർത്ഥ നാദെല്ല രചനയും സംവിധാനവും നിർവഹിക്കുന്ന 'ഓക്‌സിജന്‍' എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിട്ടു. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രങ്ങൾ അർക്ക മീഡിയ വർക്ക്‌സിന് വേണ്ടി ഷോബു യാർലഗദ്ദയും പ്രസാദ് ദേവിനേനിയും 'ഷോയിംഗ് ബിസിനസ്സി'ന്റെ ബാനറിൽ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയുമാണ് നിർമ്മിക്കുന്നത്. തെലുങ്കിൽ വൻസ്വീകാര്യത നേടുന്ന മലയാളചിത്രം 'പ്രേമലു'വിലൂടെ വിതരണരംഗത്ത് എത്തിയിരിക്കുകയാണ് എസ്.എസ്.കാർത്തികേയ.

സിദ്ധാർത്ഥ് നാദെല്ല സംവിധാനം ചെയുന്ന 'ഓക്‌സിജൻ' യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു ഹൃദ്യമായ സൗഹൃദത്തിന്റെ കഥ പറയുന്നു. ശശാങ്ക് യെലേറ്റിയുടെ സംവിധാനത്തിൽ ഫാൻറ്റസി ത്രില്ലറായാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒരുങ്ങുന്നത്. ഇരുവരുടെയും ആദ്യ ചിത്രങ്ങളാണിത്. വിതരണരംഗത്തുനിന്നും എസ്.എസ്. കാർത്തികേയ ഈ വമ്പൻ പ്രോജക്റ്റുകളിലൂടെ നിർമ്മാണത്തിലേക്ക് ചുവടുവെയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 'ബാഹുബലി'യിലൂടെ പ്രശസ്തരായ അർക്ക മീഡിയ വർക്ക്സ്

'വേദം', 'മര്യാദ രാമണ്ണ', 'അനഗന ഒരു ധീരുഡു', 'പഞ്ജ'യുൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

'പ്രേമലു'വിനെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കിയതിന് തെലുങ്ക് പ്രേക്ഷകർക്കുള്ള നന്ദിക്കുറിപ്പിലാണ് എസ്.എസ്. കാർത്തികേയ ഈ ചിത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്: "പ്രേമലു! ഒരു വിതരണക്കാരൻ എന്ന നിലയിൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ നിറഞ്ഞ സ്നേഹത്തിന് എൻ്റെ തെലുങ്ക് പ്രേക്ഷകർക്ക് നന്ദി!! നല്ല സിനിമയ്ക്ക് ഭാഷാപരിമിതികളൊന്നും ബാധിക്കില്ലെന്ന എൻ്റെ വിശ്വാസത്തെ ഇത് ഉറപ്പിക്കുന്നു! ഈ ചിത്രത്തിന്റെ വിതരണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു. ഓരോ ടിക്കറ്റ് വിൽപ്പനയും തീയേറ്ററുകൾ ഹൗസ് ഫുൾ ആകുന്നതും ഏറെ ആഹ്ലാദിപ്പിക്കുന്നു. ഇതേ ഉന്മാദമാണ് കഴിഞ്ഞ വർഷം ഓസ്‌കർ സമയത്ത് ഞാൻ അനുഭവിച്ചത്.", എസ്.എസ്. കാർത്തികേയ കുറിച്ചു.

"രണ്ട് വർഷം മുമ്പ് സിദ്ധാർത്ഥ് നാദെല്ലയുമായി സൗഹൃദം വിഷയമായി ഒരു ചിത്രം ചർച്ച ചെയ്യുന്നതിനിടയിലാണ് ശശാങ്ക് യെലേറ്റി ഒരു ഫാൻ്റസി ത്രില്ലർ കഥ പറയുന്നത്, അത് ഞങ്ങളെ ഒരേപോലെ ആവേശത്തിലാക്കി. രണ്ട് ചിത്രങ്ങളും ഇങ്ങനെ ഒന്നിച്ച് സഞ്ചരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. രണ്ട് കഥകൾക്കും ഒരേ നടൻ; അതും ഞാൻ ഇത്രയും കാലം ആരാധിച്ച, ബഹുമുഖപ്രതിഭയായ, സമാനതകളില്ലാത്ത ഫഹദ് ഫാസിൽ. അദ്ദേഹം ആദ്യ വിവരണത്തിൽ തന്നെ സമ്മതം അറിയിക്കുകയും ചെയ്തു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. സർ, ഇതാണ് നിങ്ങൾക്ക് ഞങ്ങളുടെ #പ്രേമലു. ഈ യാത്രയിൽ എന്നോടൊപ്പം കൈകോർത്തതിനും എല്ലാ പ്രോത്സാഹനങ്ങൾക്കും ഷോബു ഗാരുവിന് നന്ദി.'', കാർത്തികേയ കൂട്ടിച്ചേർത്തു. 'പ്രേമലു'വിന്റെ സഹനിർമ്മാതാവാണ് ഫഹദ് ഫാസിൽ.

തെലുങ്ക്, മലയാളം ഭാഷകളിൽ നിർമിക്കുന്ന ചിത്രങ്ങൾ തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റം ചെയ്തു പ്രദർശനത്തിനെത്തും.

'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ജൂണിലും 'ഓക്സിജൻ' 2024 രണ്ടാം പകുതിയിലും ചിത്രീകരണം ആരംഭിക്കും. ഇരുചിത്രങ്ങളും 2025 ൽ റിലീസ് ചെയ്യും.

Tags:    
News Summary - Arka Media Works and SS Karthikeya Rajamouli will collaborate for 2 interesting projects with Fahadh Faasil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.