ചെന്നൈ: ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത കലാ സംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ചെന്നൈ മടിപ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകൾമൂലം കിടപ്പിലായിരുന്നു. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടുതവണയുമായി ദേശീയ പുരസ്കാരം നേടിയ അപൂർവ കലാപ്രതിഭയാണ് വിടവാങ്ങിയത്.
അഞ്ചു തവണ കേരള സർക്കാറിെൻറ അവാർഡും നേടി. തമിഴ്നാട് സർക്കാറിെൻറ കലൈമാമണി പുരസ്കാരത്തിനും അർഹനായി. തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂർത്തിയുടെ ജന്മദേശം. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുഗു, കന്നട, ഹിന്ദി ഭാഷകളിലായി 55ഒാളം സിനിമകൾക്ക് കലാസംവിധായകനായി സേവനമനുഷ്ഠിച്ചു. സ്വാതി തിരുനാൾ, വൈശാലി, ഒരു വടക്കൻവീരഗാഥ, പെരുന്തച്ചൻ, രാജശിൽപി, പരിണയം, ഗസൽ, കുലം, വചനം, തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്.
മദ്രാസ് സ്കൂൾ ഒാഫ് ആർട്സിൽനിന്ന് സ്വർണ മെഡലോടെ വിജയിച്ച കൃഷ്ണമൂർത്തി ജി.വി അയ്യരുടെ 'ഹംസഗീത' എന്ന കന്നട ചിത്രത്തിലൂടെയാണ് ആദ്യമായി കലാസംവിധായകനായത്. 1987ൽ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയ പുരസ്കാരം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്.
2014ൽ ജ്ഞാനരാജശേഖരൻ സംവിധാനം ചെയ്ത 'രാമാനുജൻ' എന്ന തമിഴ് ചിത്രത്തിലാണ് അവസാനം പ്രവർത്തിച്ചത്. പ്രൊഡക്ഷൻ ഡിസൈനിങ്ങിലും കൃഷ്ണമൂർത്തി കഴിവ് തെളിയിച്ചു. ഫെഫ്ക, ഡയറക്ടേഴ്സ് യൂനിയൻ തുടങ്ങിയ സിനിമ മേഖലയിലെ വിവിധ സംഘടനകളും താരങ്ങൾ ഉൾപ്പെടെ പ്രമുഖരും ആദരാഞ്ജലികളർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷം ചെന്നൈ മടിപ്പാക്കത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.