ഇന്ത്യയിൽ 100 കോടി പിന്നിട്ട് ‘ഓപൺഹൈമർ’; ആഗോളതലത്തിൽ ‘ബാർബീ’ തന്നെ നമ്പർ വൺ

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപൺഹൈമർ ആഗോളതലത്തിൽ ബോക്സോഫീസിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്. സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവചരിത്രം അടിസ്ഥാനമാക്കിയുള്ള ചിത്രം നിലവിൽ 412.44 ദശലക്ഷം ഡോളർ കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. കിലിയൻ മർഫി നായകനായ ഓപൺ​ഹൈമർ ഏറ്റവും കൂടുതൽ ഗ്രോസ് കലക്ഷൻ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രങ്ങളിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. ആറാമതുണ്ടായിരുന്ന ബാറ്റ്മാൻ ബിഗിൻസിനെയാണ് ചിത്രം മറികടന്നത്.

2017-ൽ റിലീസ് ചെയ്ത നോളൻ ചിത്രം ഡൺകിർകിനെ (527 മില്യൺ ഡോളർ) വരും ദിവസങ്ങളിൽ ഓപൺഹൈമർ മറികടക്കും. 1.081 ബില്യൺ ഡോളർ കളക്ഷൻ നേടിയ ‘ദ ഡാർക് നൈറ്റ് റൈസസ്’ ആണ് നോളൻ ചിത്രങ്ങളിൽ കലക്ഷനിൽ ഒന്നാം സ്ഥാനത്ത്. ‘ദ ഡാർക് നൈറ്റ്’ ആണ് (1.006 ബില്യൺ) രണ്ടാം സ്ഥാനത്ത്. ഇൻസെപ്ഷൻ (871 ദശലക്ഷം ഡോളർ), ഇന്റർസ്റ്റെല്ലർ (773 ദശലക്ഷം ഡോളർ) എന്നീ സിനിമകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

ഇന്ത്യയിൽ 100 കോടി

'ഓപൺഹൈമർ' ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി കടന്നിരിക്കുന്നു, റിലീസ് ചെയ്ത് ഏകദേശം രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഈ നേട്ടം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹോളിവുഡ് ഐമാക്സ് ചിത്രമായും ഓപൺഹൈമർ മാറിക്കഴിഞ്ഞു. 

ബാർബി - നമ്പർ വൺ

ഗ്രെറ്റ ഗെർവിഡ് സംവിധാനം ചെയ്ത് മാർഗരറ്റ് റോബ്ബി നായികയായ ‘ബാർബീ’ ഇന്ത്യൻ ബോക്സോഫീസിൽ ഇതുവരെ നേടിയത് 36 കോടി രൂപയാണ്. എന്നാൽ, ആഗോളതലത്തിൽ ചിത്രം 775 ദശലക്ഷം ഡോളർ പിന്നിട്ടുകഴിഞ്ഞു. ഓപൺഹൈമറിനൊപ്പം റിലീസ് ചെയ്ത ചിത്രം നോളൻ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 


Tags:    
News Summary - barbie vs oppenheimer box office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.