സംവിധായകനും നായകനുമായി ഭീമന്‍ രഘു; 'ചാണ' ഒരുങ്ങുന്നു

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്നു. കൂടാതെ ഭീമന്‍ രഘു സംവിധായകനായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്. ഒരു മനുഷ്യന്‍റെ നിസ്സഹായതയിലൂടെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടുകളെ രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കുന്ന ഒരു ചിത്രം കൂടിയാണ് 'ചാണ'യെന്ന് സംവിധായകന്‍ ഭീമന്‍ രഘു അഭിപ്രായപ്പെട്ടു.

'കഴിഞ്ഞ നാല്പത്തഞ്ചിലേറെ വര്‍ഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാന്‍ സിനിമയാക്കുന്നത്. ഒരിക്കല്‍ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്നാട് സ്വദേശിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 'ചാണ' സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാന്‍ തന്നെ ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് 'ചാണ'.ഒരുപക്ഷേ മലയാളസിനിമയില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേത്' - ഭീമൻ രഘു പറഞ്ഞു.

തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് 'ചാണ' ചിത്രീകരിച്ചത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക.രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - Chaana Movie Directed by actor Bheeman Raghu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.