20 യുവതികളെ കൊന്ന സയനൈഡ് മോഹ​െൻറ ജീവിതം സിനിമയാകുന്നു

20 യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ വരുന്നു. ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ ആണ് "സയനെെഡ് " എന്ന സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി കേസ് അന്വേഷിക്കുന്ന ഐ.ജി റാങ്കിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഓഫിസറെ അവതരിപ്പിക്കും. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്കാര ജേതാക്കളായവരുടെ വൻ നിരയുമായാണ് ഈ ബഹുഭാഷാചിത്രത്തി​െൻറ വരവ്.

അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തി​െൻറ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് അന്വേഷണ ഉദ്യോഗസ്ഥ​െൻറ വേഷത്തിൽ എത്തുന്നത്. രാജേഷി​െൻറ ആദ്യ സംവിധാന സംരംഭമായ "ഇൻ ദ നെയിം ഓഫ് ബുദ്ധ" ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിരുന്നു. നിലവിൽ അദ്ദേഹത്തി​െൻറ 'പട്​നാഗർ' എന്ന സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്​. ഒരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു അവതരിപ്പിക്കുന്നുണ്ട്​.

സയനൈഡ്​ മോഹൻ പൊലീസ്​ ഉദ്യോഗസ്​ഥരോടൊപ്പം

തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടൻ ശ്രീമൻ മലയാള യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു, ഹിന്ദിയിൽ ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോടതി അപൂർവങ്ങളിൽ അപൂർവമെന്ന് നിരീക്ഷിച്ച കേസാണ് സയനൈഡ് മോഹ​േൻറത്. കർണാടകയിലെ വിവിധ ഇടങ്ങളിൽ നിന്ന്​ യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ട ശേഷം ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹ​െൻറ രീതി.

ഇരുപതോളം യുവതികളെ ഇത്തരത്തിൽ കൊലപ്പെടുത്ത ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി ആറു വധശിക്ഷയും 14 ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയായ പ്രദീപ് നാരായണന്‍ മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ ചിത്രം നിർമ്മിക്കും. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രീകരണം.


രാജേഷ് ടച്ച്റിവർ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. മലയാളം പതിപ്പി​െൻറ സംഭാഷണങ്ങൾ സംവിധായകനും ലെനിൻ ഗോപിയും ചേർന്ന് എഴുതും. ബോളിവുഡ് സംഗീതസംവിധായകൻ ജോർജ്ജ് ജോസഫ് സംഗീതം പകരും. അടുത്ത ജനുവരിയിൽ മംഗലാപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തി​െൻറ മറ്റു ലൊക്കേഷനുകൾ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസർക്കോട് എന്നിവിടങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.