തിരുവനന്തപുരം: മലയാളത്തിലെ ആദ്യകാല ആക്ഷൻ സിനിമ സംവിധായകൻ ക്രോസ്ബെൽറ്റ് മണി (86) അന്തരിച്ചു. നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.
1970ൽ തന്‍റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. ഇതോടെ പേരിനൊപ്പം ക്രോസ്ബെൽറ്റ് എന്ന് കൂടി ചേർക്കുകയായിരുന്നു. വേലായുധന്‍ നായർ എന്നാണു യഥാർഥപേര്. 1960-90 കാലഘട്ടത്തിലാണ് സിനിമയിൽ സജീവമായിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ വലിയശാലയിൽ മാധവവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രിൽ 22-നായിരുന്നു ജനനം. ഫോട്ടോഗ്രാഫിയിയോടും ക്യാമറകളോടുമുള്ള കമ്പമാണ് വേലായുധന്‍ നായരെ സിനിമാ രംഗത്തെത്തിച്ചത്. 1956 മുതല്‍ 1961 വരെ മെരിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകളിൽ അദ്ദേഹം സ്വതന്ത്രമായി നിശ്ചലഛായാഗ്രഹണം ചെയ്തു തുടങ്ങി.
1968ൽ മിടുമിടുക്കി എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്രസംവിധായകനാവുന്നത്. പിന്നീട് എന്‍.എന്‍ പിള്ളയുടെ നാടകമായ ക്രോസ്‌ബെല്‍റ്റ് അദ്ദേഹം സിനിമയാക്കി. അതോടെ വേലായുധൻ നായർ ക്രോസ്‌ബെല്‍റ്റ് മണി എന്നറിയപ്പെട്ടു തുടങ്ങി. ബ്ലാക്ക്മെയില്‍, പെണ്‍പുലി, പെണ്‍പട, പട്ടാളം ജാനകി, ഈറ്റപ്പുലി, റിവെഞ്ച്, തിമിംഗലം തുടങ്ങി നിരവധി ശ്രദ്ധേയമായ ആക്ഷൻ സിനിമകൾ അദ്ദേഹത്തിന്‍റേതായി പുറത്ത് വന്നു.
എന്‍.എന്‍ പിള്ളയുടെ കാപാലിക, എസ്.കെ പൊറ്റക്കാടിന്‍റെ നാടന്‍പ്രേമം, കടവൂര്‍ ചന്ദ്രന്‍പിള്ളയുടെ പുത്രകാമേഷ്ടി, കാക്കനാടന്‍ തിരക്കഥ എഴുതിയ വെളിച്ചം അകലെ, തോപ്പില്‍ ഭാസി എഴുതിയ മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സാഹിത്യപ്രചോദിതമായ സിനിമകളും ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു. കലാമൂല്യമുള്ള ചിത്രങ്ങൾ സാമ്പത്തികമായി പരാജയമായതോടെയാണ് അദ്ദേഹം ആക്ഷൻ സിനിമാ രംഗത്തേക്ക് തിരിഞ്ഞത്.
1990ല്‍ പുറത്തിറങ്ങിയ, വേണു നാഗവള്ളിയും പാര്‍വതിയും അഭിനയിച്ച ദേവദാസാണ് ക്രോസ്‌ബെല്‍റ്റ് മണി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.