മലയാള സിനിമ പാർശ്വവത്കരിച്ച സംവിധായകനായിരുന്നു മോഹൻ. ന്യൂ വേവ് സിനിമകൾ എന്ന് പിന്നീട് അറിയപ്പെട്ട മധ്യവർത്തി സിനിമകളുടെ ശക്തനായ വക്താവും പ്രയോക്താവും ആയിരുന്നു മോഹൻ. ഇതേ ഗണത്തിൽപെട്ട പത്മരാജനും ഭരതനും കെ.ജി. ജോർജും കേരളക്കരയിൽ ആഘോഷിക്കപ്പെടുമ്പോഴും ആരാധകരുടെ വെള്ളിവെളിച്ചത്തിൽനിന്നകന്ന്, സിനിമ വ്യവഹാരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു അദ്ദേഹം. തന്റെ സിനിമകൾ കേരളക്കരയിൽ ഇത്രമാത്രം ആഘോഷിക്കപ്പെടുന്നുവെന്ന യാഥാർഥ്യം അദ്ദേഹം അറിഞ്ഞിരുന്നോ എന്നുപോലും സംശയം.
1978ൽ ആദ്യം സംവിധാനം ചെയ്ത ‘രണ്ടു പെൺകുട്ടികൾ’ അന്നത്തെ സമൂഹത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരിണിതപ്രജ്ഞരായ മറ്റു സിനിമാപ്രവർത്തകർ പറയാന്‍ മടിച്ച പ്രമേയങ്ങള്‍ സധൈര്യം ആവിഷ്കരിക്കുമ്പോഴും വാണിജ്യ വിജയങ്ങളും നേടിയവയായിരുന്നു ഇസബെല്ല, ഇളക്കങ്ങള്‍, ശാലിനി എന്റെ കൂട്ടുകാരി, പക്ഷേ, ആലോലം, ഇടവേള, മംഗളം നേരുന്നു, രചന, വിടപറയും മുമ്പേ, മുഖം, സാക്ഷ്യം, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ എന്നിങ്ങനെയുള്ള മോഹൻ ചിത്രങ്ങൾ.
പെരുമ്പടവം ശ്രീധരൻ, ജോൺപോൾ, സുരാസു തുടങ്ങിയവരോടൊപ്പം രചിച്ച തിരക്കഥകൾ. മമ്മൂട്ടി, മഞ്ജു വാര്യർ, ഇടവേള ബാബു, നളിനി എന്നിങ്ങനെ ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമക്ക് ലഭിച്ചതും ഇദ്ദേഹത്തിന്റെ സിനിമകളിലൂടെയായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ തമിഴിൽ പുറത്തിറക്കിയതോടെ അന്യഭാഷ ചിത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അസ്തമിച്ചിരുന്നു. മദിരാശിയിൽ താമസിക്കുമ്പോഴും മലയാള ചിത്രങ്ങളിൽ മാത്രമായിരുന്നു പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2005ൽ പുറത്തിറങ്ങിയ ‘ദ കാമ്പസ്’ എന്ന ചിത്രമായിരുന്നു അവസാന സിനിമ സംരംഭം.
ഒരു അഭിമുഖത്തിന് അദ്ദേഹത്തെ സമീപിച്ച ഞാൻ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകയായി. ഓരോ സിനിമയെക്കുറിച്ചും അതിന്റെ അണിയറക്കഥകളെക്കുറിച്ചും അദ്ദേഹം പറഞ്ഞതുകേട്ടപ്പോൾതന്നെ മനസ്സിലായി, ഇതൊരു അഭിമുഖത്തിൽ മാത്രം ഒതുങ്ങാനുള്ളതല്ലെന്ന്. പിന്നീട് ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ നാൽപതോളം ലക്കങ്ങളായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സിനിമാലോകമാണ് 2014ൽ ‘ഇളക്കങ്ങളും ഇടവേളകളും’ എന്ന പേരിൽ ഡി.സി ബുക്സ് പുസ്തകമാക്കിയത്.
ചെന്നൈയിൽനിന്ന് കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കിയതിനുശേഷം സിനിമ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും ആ രംഗത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കലാപരമായി ഏറെ മികച്ചുനിൽക്കുന്ന, അതേസമയം, ബോക്സ് ഓഫിസിൽ ഹിറ്റായ മലയാള സിനിമയിലെ എണ്ണംപറഞ്ഞ ചിത്രങ്ങളെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സിനിമകൾ ചെയ്ത ഈ സംവിധായകനെ തേടി ഒരിക്കൽപോലും പുരസ്കാരങ്ങളെത്തിയില്ല എന്നത് വലിയ വിരോധാഭാസമായി തോന്നാം. ഒരിക്കൽപോലും അതിൽ പരാതിയോ പരിഭവമോ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. സ്വന്തം നേട്ടങ്ങൾക്കായി ആരെയും സമീപിക്കാത്ത, എന്നാൽ, എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.