ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് കങ്കണ പറഞ്ഞു. എല്ലാവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.
താൻ അല്ലു അർജുനെ വലിയ രീതിയിൽ പിന്തുണക്കുന്നയാളാണ്. അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഉന്നത വ്യക്തികളായതിനാൽ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടാമെന്ന് അത് അർഥമാക്കുന്നില്ല. ജനങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടതാണ്. പുകവലി പരസ്യമോ തിരക്കേറിയ തിയറ്ററോ ആകട്ടെ ഉത്തരവാദിത്തമുണ്ടാകണം. പുഷ് 2ന്റെ അണിയറ പ്രവർത്തകർ തിയറ്ററിൽ ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. എല്ലാവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും കങ്കണ പറഞ്ഞു.
ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാൽ പൊലീസിനോട് നടൻ കയർത്തിരുന്നു. നടന്‍റെ ബോഡി ഗാർഡ് സന്തോഷും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടന്‍റെ വിശദ മൊഴി രേഖപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ പിറ്റേന്ന് തന്നെ പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.